ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ട്രാക്കും ഫീൽഡും സജീവമായതോടെ മെഡൽ പോഡിയത്തിൽ മലയാളി തിളക്കവും. ഏഷ്യൻ ഗെയിംസ് പുരുഷ ലോങ്ജംപിൽ വെള്ളി മെഡൽ നേടി മലയാളി താരം എം.ശ്രീശങ്കർ. 8.19 മീറ്റർ ചാടിയാണു താരത്തിന്റെ മെഡൽ നേട്ടം. മറ്റൊരു മലയാളി താരം ജിൻസൺ ജോൺസൺ 1500 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കലവും കരസ്ഥമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ മലയാളികൾ മെഡൽ നേട്ടവുമായി എത്തുമെന്നാണ് പ്രതീക്ഷ.

1500 മീറ്ററിൽ അജയ് കുമാർ സരോജിലൂടെ വെള്ളി മെഡലും ഇന്ത്യയ്ക്കാണ്. വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെഡൽ നേടി. സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയ്ക്കു സ്വർണം. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്‌ലെയാണു സ്വർണം നേടിയത്. ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിങ്ങും സ്വർണം നേടി. അവസാന ശ്രമത്തിൽ 20.36 മീറ്റർ ദൂരമാണ് തജീന്ദർപാൽ സിങ് കൈവരിച്ചത്.

ഇന്ത്യയുടെ 13ാം സ്വർണമാണിത്. ഡിസ്‌കസ് ത്രോയിൽ 40 വയസ്സുകാരിയായ ഇന്ത്യൻ താരം സീമ പുനിയ വെങ്കല മെഡൽ നേടി. ഹെപ്റ്റാത്തലനിൽ ഇന്ത്യൻ താരം നന്ദിനി അഗസ്സാര വെങ്കലം കരസ്ഥമാക്കി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയത് ഇന്ത്യയുടെ ജ്യോതി യാരാജിയാണ്.

വനിതകളുടെ 50 കിലോ വിഭാഗം ബോക്‌സിങ്ങിൽ ഇന്ത്യയുടെ നിഖാത് സരീൻ വെങ്കലം സ്വന്തമാക്കി. ഷൂട്ടിങ് ട്രാപ് ഇനത്തിൽ പുരുഷ ടീമാണ് ഞായറാഴ്ച ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്. ക്യനാൻ ചെനായ്, പൃഥ്വിരാജ്, സ്വറവാർ സിങ് എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം വെടിവച്ചിട്ടത്. വനിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി.

വനിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ഗോൾഫ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് അതിഥി. ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ കൈനാൻ ചെനായ് വെങ്കലം നേടി. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും പൂർത്തിയായി. ഷൂട്ടിങ്ങിൽനിന്നു മാത്രം ഇന്ത്യ ആകെ നേടിയത് 22 മെഡലുകൾ. 7 സ്വർണം, 9 വെള്ളി, ആറ് വെങ്കലം.