അഹമ്മദാബാദ്: 36ാം ദേശീയ ഗെയിംസിൽ കേരളത്തിന് വീണ്ടും സ്വർണത്തിളക്കം. വനിതകളുടെ ലോങ് ജംപിൽ കേരളത്തിനായി മത്സരത്തിനിറങ്ങിയ നയന ജെയിംസ് സ്വർണം നേടി. ഈയിനത്തിൽ വെങ്കലവും കേരളം സ്വന്തമാക്കി. ശ്രുതി ലക്ഷ്മിയാണ് വെങ്കലം നേടിയത്. പഞ്ചാബിന്റെ ഷൈലി സിങിനാണ് വെള്ളി.

6.33 മീറ്റർ താണ്ടിയാണ് നയനയുടെ മുന്നേറ്റം. 2017ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരമാണ് നയന. അതേസമയം മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന ആൻസി സോജന് നിരാശയായിരുന്നു ഫലം. താരം ആറാമതാണ് എത്തിയത്.

ഫെൻസിങ്ങിൽ കേരളം നാലാം മെഡൽ സ്വന്തമാക്കി. വനിതകളുടെ ഫോയിൽ വിഭാഗത്തിൽ കേരളം വെള്ളി നേടി. വാശിയേറിയ പോരാട്ടത്തിൽ കേരളം മണിപ്പുരിനോട് തോൽക്കുകയായിരുന്നു. സ്‌കോർ: 41-45. കഴിഞ്ഞ ദിവസം വുമൺ എപ്പേ വ്യക്തിഗത ഇനത്തിൽ കേരളത്തിന്റെ ഗ്രേഷ്മ എംഎസ് മെഡലുറപ്പാക്കിയിരുന്നു.