കെയ്റോ: ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേട്ടം കുറിച്ച് ഇന്ത്യയുടെ കൗമാരതാരം രുദ്രാൻക്ഷ് പാട്ടീൽ. ഈജിപ്തിലെ കെയ്റോയിൽ വെച്ച് നടക്കുന്ന ഐ.എസ്.എസ്.എഫ്. ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിലാണ് രുദ്രാൻക്ഷ് സ്വർണം നേടിയത്.

വെറും 18 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. ഈ സ്വർണത്തോടെ 2006 ന് ശേഷം ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടുന്ന ആദ്യ താരം എന്ന റെക്കോഡ് രുദ്രാൻക്ഷ് സ്വന്തമാക്കി. മുൻപ് ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണമെഡൽ ജേതാവായ അഭിനവ് ബിന്ദ്രയാണ് ഈ ഇനത്തിൽ സ്വർണം നേടിയത്.

ഈയിടെ അവസാനിച്ച ദേശീയ ഗെയിംസിലും രുദ്രാൻക്ഷ് സ്വർണം നേടിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ രുദ്രാൻക്ഷ് ഫൈനലിൽ ഇറ്റലിയുടെ ഡിഡി സൊലാസോയെ മറികടന്നാണ് സ്വർണം നേടിയത്. ഒരു ഘട്ടത്തിൽ 4-10 ന് പിന്നിൽ നിന്ന രുദ്രാൻക്ഷ് പിന്നീട് തകർപ്പൻ പ്രകടനം പുറത്തെടുത്ത് 17-13 എന്ന സ്‌കോറിന് വിജയം നേടിയെടുത്തു. സൊലാസോ വെള്ളിയും ചൈനയുടെ ലിഹാവോ ഷെങ് വെങ്കലവും നേടി.

ഈ വിജയത്തോടെ 2024 പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള യോഗ്യതയും ഈ 18 കാരൻ സ്വന്തമാക്കി. കഴിഞ്ഞ മാസം ഇന്ത്യയുടെ മറ്റൊരു ഷൂട്ടറായ ബോവ്നീഷ് മെൻഡിരത്തയും ഒളിമ്പിക് യോഗ്യത നേടിയിരുന്നു.