ഭുവനേശ്വർ: പുരുഷ ഹോക്കി ലോകകപ്പിൽ വെയ്ൽസിനെ ഇന്ത്യ കീഴടക്കിയെങ്കിലും ക്വാർട്ടർ ഫൈനലിലെത്താൻ കാത്തിരിക്കണം. വെയ്ൽസിനെതിരായ ജീവന്മരണ പോരാട്ടത്തിൽ വിജയിച്ച് നേരിട്ട് യോഗ്യത നേടാൻ 8-0ന്റെ ജയം അനിവാര്യമായിരുന്ന ഇന്ത്യൻ ടീമിന് 4-2 ന്റെ ജയം നേടാനെ കഴിഞ്ഞുള്ളു.

ഇന്ത്യക്കായി ഷാംഷെർ സിംഗും(21) ആകാശ്ദീക് സിംഗും(32, 45) ഹർമൻപ്രീത് സിംഗും(59) ഗോളുകൾ നേടി. ഫൽലോങ് ഗാരെതും ഡ്രാപെർ ജേക്കബും വെയ്ൽസിനായി ഗോൾ മടക്കി. വെയ്ൽസിനോട് ജയിച്ചെങ്കിലും പൂൾ ഡിയിൽ ഇന്ത്യ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.

കഴിഞ്ഞ മത്സരത്തിൽ സ്പെയിനെ ഇംഗ്ലണ്ട് 4-0ന് തറപറ്റിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ടിനായി 10-ാം മിനുറ്റിൽ റോപർ ഫില്ലും 21-ാം മിനുറ്റിൽ കോൻഡൻ ഡേവിഡും 50-ാം മിനുറ്റിൽ ബാൻഡുറാക്ക് നിക്കോളസും 51-ാം മിനുറ്റിൽ അൻസെൽ ലയാമും ഗോളുകൾ നേടി. ഫില്ലിന്റെ ഒഴികെയുള്ള എല്ലാ ഗോളുകളും ഫീൽഡ് ഗോളുകളായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട് ഹോക്കി ടീം നേരിട്ട് ക്വാർട്ടർ ഫൈനലിലെത്തി.

ഗ്രൂപ്പിൽ മുന്നിലെത്തിയ ഇംഗ്ലണ്ട് ടീം നേരിട്ട് ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചപ്പോൾ രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകൾ ക്രോസ് ഓവർ മത്സരത്തിലൂടെ യോഗ്യത ഉറപ്പാക്കണം. സ്‌പെയിനിനെ ആദ്യ മത്സരത്തിൽ തോൽപ്പിച്ച ഇന്ത്യ നേരത്തെ കരുത്തരായ ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയിരുന്നു. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യക്ക് ക്രോസ് ഓവർ മത്സരത്തിൽ ന്യൂസിലൻഡാണ് എതിരാളികൾ.