ദുബൈ: ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഡബ്ൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമായി സാത്വിക് സായ് രാജ് രാൻകിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. പുരുഷ ഡബ്ൾസ് ഫൈനലിൽ മലേഷ്യയുടെ ഓങ് യൂ സിൻ-ടിയോ ഇയ് യീ സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ചരിത്രം കുറിച്ചത്. പുരുഷ ഡബിൾസ് വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയാണ് ഇരുവരും പുതുചരിത്രമെഴുതിയത്.

മത്സരത്തിൽ ഉഗ്രൻ തിരിച്ചുവരവിലൂടെയാണ് സാത്വിക്-ചിരാഗ് സഖ്യം വിജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം 16-21ന് നഷ്ടമായ ശേഷം തിരിച്ചുവന്ന സാത്വിക്-ചിരാഗ് കൂട്ടുകെട്ട് രണ്ടാമത്തേത് 21-17ന് നേടി. നിർണായകമായ മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാടി 21-19ന് ഇവർ മത്സരം സ്വന്തമാക്കുകയായിരുന്നു.

58 വർഷത്തിന് ശേഷമാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ കിരീടം നേടുന്നത്. 1965ൽ ദിനേശ് ഖന്ന പുരുഷ സിങ്ൾസ് ചാമ്പ്യനായതാണ് അവസാനത്തെ സുപ്രധാന നേട്ടം. ഏഷ്യ ചാമ്പ്യൻഷിപ്പ് പുരുഷ ഡബിൾസ് വിഭാഗത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. 1965-ൽ പുരുഷ സിംഗിൾസ് ബാഡ്മിന്റണിലാണ് ഖന്ന സ്വർണം നേടിയത്. പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 1971ലായിരുന്നു. അന്ന് ദീപു ഘോഷ്-രമൺ ഘോഷ് സഖ്യം വെങ്കലം നേടി.