- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുത്തരായ ദക്ഷിണ കൊറിയയെ കീഴടക്കി; ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ കന്നിക്കീരടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; യുവതാരങ്ങളെ അഭിനന്ദിച്ച് ഹോക്കി ഇന്ത്യ പ്രസിഡന്റ്
ടോക്കിയോ: ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ കന്നിക്കീരടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ജപ്പാനിലെ കാകമിഗാഹരയിൽ നടന്ന ഫൈനലിൽ കരുത്തരായ ദക്ഷിണ കൊറിയയെ കീഴടക്കിയാണ് ടീം ഇന്ത്യയുടെ കിരീടനേട്ടം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്.
ഇന്ത്യക്കു വേണ്ടി സ്ട്രൈക്കർ അന്നുവും പ്രതിരോധതാരം നീലവുമാണ് സ്‌കോർ ചെയ്തത്. അതേസമയം പാർക്ക് സിയോ യോനാണ് കൊറിയയുടെ ആശ്വാസ ഗോൾ നേടിയത്. ഇതാദ്യമായാണ് ഇന്ത്യ ജൂനിയർ വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കുന്നത്.
ഇന്നു നടന്ന ആവേശ ഫൈനലിൽ തുടക്കത്തിലേ ലീഡ് നേടിയാണ് ഇന്ത്യ വിജയം കൊയ്തത്. മത്സരത്തിന്റെ രണ്ടാം ക്വാർട്ടറിലാണ് ആദ്യ ഗോൾ പിറന്നത്. 22-ാം മിനിറ്റിൽ അനുകൂലമായി ലഭിച്ച പെനാൽറ്റി സ്ട്രോക്ക് ലക്ഷ്യത്തിലെത്തിച്ച അന്നുവാണ് സ്‌കോർ ചെയ്തത്.
എന്നാൽ ലീഡ് നേടിയ ആഹ്ളാദം അധികം നീണ്ടില്ല. വെറും മൂന്നു മിനിറ്റിനുള്ളിൽ തന്നെ ഗോൾ മടക്കി കൊറിയ ഒപ്പത്തിനെത്തി. മധ്യവരയിൽ നിന്നു കുതിച്ചു കയറിയ യോൻ ഇന്ത്യൻ ഗോൾകീപ്പർ മാധുരി കിൻഡോയ്ക്ക് ഒരവസരവും നൽകാതെ സ്‌കോർ ചെയ്യുകയായിരുന്നു.
1-1 എന്ന സ്‌കോറിൽ രണ്ടാം ക്വാർട്ടർ അവസാനിച്ചശേഷം മൂന്നാം ക്വാർട്ടറിന്റെ അവസാന മിനിറ്റുകളിൽ വീണ്ടും ഇന്ത്യ ലീഡ് പിടിച്ചെടുക്കുകയായിരുന്നു. 41-ാം മിനിറ്റിൽ മികച്ചൊരു ഡ്രാഗ്ഫ്ളിക്കിലൂടെ നീലം ആണ് ഇന്ത്യക്ക് വീണ്ടും ലീഡ് സമ്മാനിച്ചത്. പിന്നീട് അവസാന ക്വാർട്ടറിൽ മികച്ച പ്രതിരോധം കാഴ്ചവച്ച ഇന്ത്യ കൊറിയയ്ക്ക് തിരിച്ചുവരവിന് അവസരം നൽകാതെ കിരീടം സ്വന്തമാക്കുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്