ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ 2023 ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടി ചരിത്ര നേട്ടം കുറിച്ച് സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം. ഇന്ത്യൻ ജോഡികളായ സാത്വിക് സായിരാജ് -ചിരാഗ് ഷെട്ടി സഖ്യം ലോക ചാമ്പ്യന്മാരായ മലേഷ്യൻ താരങ്ങങ്ങളെയാണ് അട്ടിമറിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് സാത്വിക്-ചിരാഗ് സഖ്യത്തിന്റെ വിജയം. ഇതോടെ സൂപ്പർ 1000 ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമെന്ന ചരിത്രനേട്ടവും ഇരുവരും കരസ്ഥമാക്കി.

ആരോൺ ചിയ-സോ വൂയി യിക്ക് സഖ്യത്തെ തകർത്ത് കിരീടം സ്വന്തമാക്കുമ്പോൾ മലേഷ്യൻ ജോഡിക്കെതിരെയുള്ള ആദ്യവിജവുമായിരുന്നു ഇത്. ഇതിന് മുൻപ് എട്ടുതവണ ഏറ്റുമുട്ടിയപ്പോഴും വിജയം മലേഷ്യൻ സഖ്യത്തിനൊപ്പമായിരുന്നു.

പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ചാണ് രണ്ടു ഗെയിമുകളും സ്വന്തമാക്കി മത്സരവും ഇന്ത്യൻ സഖ്യം കൈപിടിയിലൊതുക്കിയത്. 21-17, 21-18 ആണ് സ്‌കോർ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒരു പഴുതും നൽകാതെയായിരുന്നു ഇന്ത്യൻ താരങ്ങളുടെ പ്രകടനം.

നിലവിലെ ലോക ചാമ്പ്യന്മാരായ മലേഷ്യൻ സഖ്യത്തെ 43 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുക്കമാണ് കീഴടക്കിയത്. ആദ്യഗെയിം മുതൽ തന്നെ കടുത്ത പോരാട്ടത്തിനാണ് ഇൻഡൊനീഷ്യൻ ഓപ്പൺ സാക്ഷിയായത്. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് മലേഷ്യൻ സഖ്യമായിരുന്നു. എന്നാൽ ഗംഭീരമായി മത്സരത്തിലേക്ക് തിരിച്ചുവന്ന ഇന്ത്യൻ സഖ്യം 21-17 നാണ് ആദ്യ ഗെയിം സ്വന്തമാക്കിയത്. രണ്ടാം ഗെയിമിൽ തിരിച്ചുവരാൻ പൊരുതിയെങ്കിലും മലേഷ്യൻ സഖ്യത്തെ 21-18 ന് കീഴടക്കിയാണ് സാത്വിക്-ചിരാഗ് സഖ്യം കിരീടം നേടിയത്.

ഇന്ത്യൻ സഖ്യത്തിന്റെ ആദ്യത്തെ സൂപ്പർ 1000 കിരീടമാണിത്. ഈ കിരീടനേട്ടത്തോടെ സൂപ്പർ 1000, സൂപ്പർ 750, സൂപ്പർ 500, സൂപ്പർ 300, സൂപ്പർ 100 ടൂർണമെന്റുകളിലെല്ലാം ഇന്ത്യൻ സഖ്യം കിരീടമണിഞ്ഞു. ഇന്ത്യൻ സഖ്യത്തിന്റെ ഈ വർഷത്തെ മൂന്നാം കിരീടമാണിത്. നേരത്തേ സ്വിസ്സ് ഓപ്പണിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇരുവരും വിജയിച്ചിരുന്നു.

2022ൽ ബിർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ സാത്വിക്-ചിരാഗ് ജോഡി ഇന്ത്യൻ ബാഡ്മിന്റണിലെ ഏറ്റവും അറിയപ്പെടുന്ന ജോഡികളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ടോക്കിയോയിൽ നടന്ന പുരുഷ ഡബിൾസിൽ ഇന്ത്യയുടെ കന്നി ലോക ചാമ്പ്യൻഷിപ്പ് മെഡലും ഇരുവരും സ്വന്തമാക്കിയിരുന്നു.

സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന്റെ കിരീട നേട്ടം രാജ്യത്തിനൊന്നാകെ അഭിമാന നിമിഷമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ പുല്ലേല ഗോപീചന്ദ് പറഞ്ഞു. പരിശീലക കരിയറിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് ഇതെന്ന് ഗോപീചന്ദ് വ്യക്തമാക്കി. സാത്വികും ചിരാഗും ലോകത്തിലെ നമ്പർ വൺ സഖ്യത്തെ അനായാസമായി തോൽപിച്ചത് ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമാണെന്നും ഇരുവർക്കും അഭിനന്ദനങ്ങൾ നേരുന്നതായും പുല്ലേല ഗോപീചന്ദ് കൂട്ടിച്ചേർത്തു. ഇതാദ്യമായാണ് ഇന്തോനേഷ്യൻ ഓപ്പൺ കിരീടം ഒരു ഇന്ത്യൻ ജോഡി സ്വന്തമാക്കുന്നത്.