തായ്പേയ്: ചൈനീസ് തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് പുറത്തായി. ടൂർണമെന്റിലെ അഞ്ചാം സീഡായ ഹോങ് കോങ്ങിന്റെ എൻജി കാ ലോങ് അംഗസ്സാണ് പ്രണോയിയെ കീഴടക്കിയത്.

നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണോയിയുടെ തോൽവി. മത്സരത്തിന്റെ ആദ്യ ഗെയിമിൽ നന്നായി പൊരുതിയ പ്രണോയ് രണ്ടാം ഗെയിമിൽ നിസ്സഹായനായി. സ്‌കോർ: 19-21, 8-21. ഇതുവരെ 12 തവണയാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്. ഇരുവരും ആറ് തവണ വീതം വിജയിച്ചു.

മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന പ്രണോയ് ഈയിടെ അവസാനിച്ച മലേഷ്യൻ മാസ്റ്റേഴ്സ് സൂപ്പർ 300 ടൂർണമെന്റിൽ കിരീടം നേടിയിരുന്നു. ഇൻഡൊനീഷ്യ ഓപ്പണിന്റെ സെമിയിലും താരം പ്രവേശിച്ചിരുന്നു. നിലവിൽ ഇന്ത്യയുടെ ഏറ്റവുമുയർന്ന റാങ്കിലുള്ള ബാഡ്മിന്റൺ താരമാണ് പ്രണോയ്. പുരുഷ സിംഗിൾസ് ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്താണ് പ്രണോയ്.