- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ പൊരുതിവീണ് എച്ച്.എസ്. പ്രണോയ്; ഇന്ത്യയുടെ മലയാളി താരം പരാജയപ്പെട്ടത് മൂന്ന് ഗെയിം നീണ്ട ഊജ്ജ്വല പോരാട്ടത്തിൽ; കിരീടം കൈവിട്ടത് കയ്യെത്തും ദൂരത്ത്
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ കൈയെത്തും ദൂരത്ത് കിരീടം കൈവിട്ട് ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്. പുരുഷവിഭാഗം സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് പ്രണോയിയെ കീഴടക്കിയത്. മൂന്ന് ഗെയിം നീണ്ട ഊജ്ജ്വല പോരാട്ടത്തിനൊടുവിലാണ് പ്രണോയ് കീഴടങ്ങിയത്. സ്‌കോർ: 9-21, 23-21, 20-22.
മത്സരം ഒന്നര മണിക്കൂറോളം നീണ്ടു. ആദ്യ ഗെയിമിൽ മാത്രമാണ് പ്രണോയ്ക്ക് പിഴച്ചത്. ആദ്യ ഗെയിമിൽ താളം കണ്ടെത്താതെ പോയ മലയാളിതാരം 21-9 ന് ചൈനീസ് താരത്തിന് മുന്നിൽ അടിയറവ് പറഞ്ഞു. എന്നാൽ രണ്ടാം ഗെയിമിൽ ആളിക്കത്തിയ പ്രണോയ് ആവേശകരമായ പോരാട്ടത്തിലൂടെ 23-21 ന് ഗെയിം സ്വന്തമാക്കി.
മൂന്നാം ഗെയിമിൽ പ്രണോയ് 19-17 ന് മുന്നിട്ടുനിന്നതാണ്. കിരീടത്തിലേക്ക് വെറും രണ്ട് പോയന്റ് മാത്രമായിരുന്നു ദൂരം. എന്നാൽ അത്ഭുതകരമായി തിരിച്ചടിച്ച ചൈനീസ് താരം സ്‌കോർ 20-20 ന് സമനിലയിൽ പിടിച്ചു. പിന്നാലെ തുടർച്ചയായി രണ്ട് പോയന്റുകൾ കൂടി നേടി കിരീടം സ്വന്തമാക്കി.
ലോകറാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തുള്ള പ്രണോയിയെ ലോക 24-ാം റാങ്കുകാരനായ വെങ് അട്ടിമറിക്കുകയായിരുന്നു. 2023 മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ഫൈനലിൽ പ്രണോയിൽ നിന്നേറ്റ തോൽവിക്കുള്ള മധുരപ്രതികാരമായി ചൈനീസ് താരത്തിന്റെ ഈ വിജയം.
മലേഷ്യ മാസ്റ്റേഴ്സിലും മൂന്ന് ഗെയിമിലേക്ക് പോരാട്ടം നീണ്ടിരുന്നു. അന്ന് 94 മിനിറ്റ് നീണ്ടുനിന്ന മത്സരമാണ് പ്രണോയ് സ്വന്തമാക്കിയത്. പ്രണോയിയുടെ കരിയറിലെ ആദ്യ വേൾഡ് ടൂർ കിരീടം കൂടിയായിരുന്നു അത്.
സ്പോർട്സ് ഡെസ്ക്