ചെന്നൈ: ജപ്പാനെ സെമിയിൽ ഗോൾ മഴയിൽ മുക്കി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യ ജപ്പാനെ തകർത്തുവിട്ടത്. ആദ്യ സെമിയിൽ ദക്ഷിണ കൊറിയയെ തകർത്ത മലേഷ്യയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

കളി തുടങ്ങി ആദ്യ ക്വാർട്ടറിൽ ഇന്ത്യയെ ഗോളടിക്കാൻ വിടാതെ ജപ്പാൻ പിടിച്ചു കെട്ടി, ഗോൾരഹിതമായ ആദ്യ ക്വാർട്ടറിനുശേഷം രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിലെ അക്ഷദീപ് സിംഗിലൂടെ ഇന്ത്യ ലീഡെടുത്തു. 23-ാം മിനിറ്റിൽ ഹർമൻപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയർത്തിയതോടെ ജപ്പാൻ സമ്മർദ്ദത്തിലായി. രണ്ടാം ക്വാർട്ടർ തീരുന്നതിന് തൊട്ടു മുമ്പ് വിജയമുറപ്പിച്ച് മന്ഡദീപ് സിങ് ഇന്ത്യൻ ലീഡ് മൂന്നാക്കി.

30-ാം മിനിറ്റിലായിരുന്നു മൻദീപിന്റെ ഗോൾ വീണത്. ആദ്യ പകുതിയിൽ മൂന്ന് ഗോളിന്റെ ലീഡുമായി കയറിയ ഇന്ത്യ അവിടെ നിർത്താൻ ഒരുക്കമല്ലായിരുന്നു. മൂന്നാം ക്വാർട്ടറിൽ സുമിത്തിലൂടെ ഇന്ത്യ ലീഡ് നാലാക്കി ഉയർത്തി. പിന്നീട് ഗോളടിക്കുന്നതിൽ ഇന്ത്യയെ ജപ്പാൻ തടഞ്ഞെങ്കിലും അവസാന ക്വാർട്ടറിൽ ഇന്ത്യ ഒരു ഗോൾ കൂടി ജപ്പാൻ വലയിലെത്തിച്ചു.

തമിഴ്‌നാട് താരം കാർത്തിയാണ് ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ലീഡ് അഞ്ചാക്കിയ ഗോൾ നേടിയത്. ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ജപ്പാന്റെ ശ്രമങ്ങൾ ഇന്ത്യൻ പ്രതിരോധത്തിലും മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ മിന്നും പ്രകടനത്തിലും തട്ടി നിഷ്ഫലമായി.

ആദ്യസെമിയിൽ കരുത്തരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് തകർത്താണ് മലേഷ്യ ഫൈനലിലെത്തിയത്. അഞ്ചാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ചൈനയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് പാക്കിസ്ഥാൻ തകർത്തുവിട്ടു.