- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ഗോളിന് പിന്നിൽ നിന്നശേഷം ശക്തമായ തിരിച്ചുവരവ്; അവസാന നിമിഷം ജയമുറപ്പിച്ച് ആകാശ്ദീപ് സിങ്ങിന്റെ ഫീൽഡ് ഗോൾ; ത്രില്ലർ പോരാട്ടത്തിൽ മലേഷ്യയെ കീഴടക്കി; ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യ
ചെന്നൈ: ത്രില്ലർ പോരാട്ടത്തിൽ മലേഷ്യയെ കീഴടക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ജേതാക്കളായി ഇന്ത്യ. കലാശപ്പോരിൽ മലേഷ്യയെ മൂന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. പിന്നിൽ നിന്ന് ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ നാലാം കിരീടമാണിത്.
നാലാം കിരീടമോഹവുമായി ഇറങ്ങിയ ഇന്ത്യ കലാശപ്പോരിലെ ഒമ്പതാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ജുഗ്രാജ് സിങ്ങാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. എന്നാൽ മിനിറ്റുകൾക്കകം മലേഷ്യയുടെ മറുപടിയെത്തി. 14-ാം മിനിറ്റിൽ അബു കമൽ അസ്രായിലൂടെയാണ് മലേഷ്യ തിരിച്ചടിച്ചത്. പിന്നാലെ ഇന്ത്യ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് മൈതാനത്ത് കാണാനായത്. 18-ാം മിനിറ്റിൽ റാസി റഹീമിലൂടെ മലേഷ്യ ലീഡെടുത്തു. 28-ാം മിനിറ്റിൽ ഇന്ത്യയുടെ കിരീടമോഹങ്ങൾക്ക് മങ്ങലേൽപ്പിച്ച് മൂന്നാം ഗോളും നേടി. ഇത്തവണ അമീനുദ്ദീൻ മുഹമ്മദാണ് മലേഷ്യയ്ക്കായി വലകുലുക്കിയത്.
എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാത്ത ഇന്ത്യൻ സംഘത്തേയാണ് പിന്നീട് കാണുന്നത്. ആക്രമമണങ്ങൾക്ക് മൂർച്ച കൂട്ടിയ ഇന്ത്യ തുടരെത്തുടരെ മലേഷ്യൻ ഗോൾമുഖം വിറപ്പിച്ചു. അവസാന ക്വാർട്ടറിന് മുമ്പ് ഹർമൻപ്രീത് സിങ് ഇന്ത്യയുടെ രണ്ടാം ഗോൾ കണ്ടെത്തി. പിന്നാലെ ഗുർജന്ത് സിങ് സമനില ഗോളും നേടിയതോടെ മത്സരം ആവേശകരമായി. ഒടുക്കം മിനിറ്റുകൾ മാത്രം ശേഷിക്കേ ഇന്ത്യയുടെ വിജയഗോളുമെത്തി. 56-ാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങാണ് തകർപ്പൻ ഷോട്ടിലൂടെ മലേഷ്യയുടെ കിരീടസ്വപ്നങ്ങൾ തകർത്തെറിഞ്ഞത്. 4-3 ന് വിജയിച്ച് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു.
ഇന്ത്യയുടെ നാലാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടമാണ് ഇത്. ഇതോടെ ഏറ്റവും കൂടുതൽ തവണ ചാംപ്യന്മാരായതിന്റെ റെക്കോർഡ് ഇന്ത്യ സ്വന്താക്കി. മൂന്നു കിരീടവുമായി പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. സെമിയിൽ 5 - 0നു ജപ്പാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കയറിയത്. ദക്ഷിണ കൊറിയയെ 6 - 2നു തോൽപിച്ചാണ് മലേഷ്യ ഫൈനലിലെത്തിയത്. ലീഗ് മത്സരത്തിൽ മലേഷ്യയെ 5 - 0ന് ഇന്ത്യ തോൽപ്പിച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്