- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ വിസ്മയ കൗമാര താരം ആർ പ്രഗ്‌നാനന്ദ ചെസ് ലോകകപ്പ് ഫൈനലിൽ; കലാശപ്പോരിൽ എതിരാളി നോർവെയുടെ ഇതിഹാസ താരം മാഗ്നസ് കാൾസൻ; ഫൈനലിൽ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; കാൾസനെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് പ്രഗ്‌നാനന്ദ
ബാകു: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററായ കൗമാരതാരം ആർ. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലിൽ. നോർവെയുടെ ഇതിഹാസ താരം മാഗ്‌നസ് കാൾസനാണ് കലാശപ്പോരിലെ എതിരാളി. സെമിയിൽ യുഎസ്എയുടെ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന പോയിന്റിൽ ടൈബ്രേക്കറിലൂടെയായിരുന്നു 29-ാം റാങ്കുകാരനായ ഇന്ത്യൻ താരത്തിന്റെ ഫൈനൽ പ്രവേശനം. ചെസ് ലോകകപ്പ് ഫൈനലിൽ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും 18-കാരനായ പ്രജ്ഞാനന്ദ സ്വന്തമാക്കി.
ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ മാഗ്‌നസ് കാൾസനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. അസർബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയാണ് കാൾസന്റെ ഫൈനൽ പ്രവേശം. ക്വാർട്ടർ ഫൈനലിലെത്തിയ നാല് ഇന്ത്യൻ താരങ്ങളിൽ ആർ പ്രഗ്‌നാനന്ദ മാത്രമാണ് ടൂർണമെന്റിൽ അവശേഷിക്കുന്നത്. ഇന്ത്യയുടെ തന്നെ അർജുൻ എരിഗൈസിയെ പ്രഗ്‌നാനന്ദ നേരത്തെ പരാജയപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച ക്വാർട്ടർ ഫൈനലിൽ അർജുൻ എറിഗസ്സിയെ തോൽപ്പിച്ചാണ് പ്രജ്ഞാനന്ദ സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ തോറ്റശേഷം തിരിച്ചുവന്ന്, ഏഴ് ടൈബ്രേക്ക് ഗെയിമുകൾക്കൊടുവിലാണ് ജേതാവായത്. ഫൈനലിലെത്തിയതോടെ അടുത്ത ലോകചാമ്പ്യനെ നിർണയിക്കാനുള്ള കാൻഡിഡേറ്റ് മത്സരങ്ങൾക്ക് പ്രജ്ഞാനന്ദ യോഗ്യത നേടാൻ സാധ്യതയേറി.
ഫൈനലിൽ എത്തിയതോടെ ബോബി ഫിഷർ, മാഗ്നസ് കാൾസൺ എന്നിവർക്ക് ശേഷം കലാശപ്പോരിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം ആർ പ്രഗ്‌നാനന്ദ സ്വന്തമാക്കി. ചെസ് ലോകകപ്പിൽ 2005ൽ നോക്കൗട്ട് ഫോർമാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം പ്രഗ്‌നാനന്ദ പേരിലാക്കിയതും ശ്രദ്ധേയമാണ്. ഈ ലോകകപ്പിനിടെയാണ് പ്രഗ്‌നാനന്ദ 18 വയസ് പൂർത്തിയാക്കിയത്. 2000, 2002 വർഷങ്ങളിൽ 24 താരങ്ങളുള്ള റൗണ്ട്-റോബിൻ ഫോർമാറ്റിലുള്ള ടൂർണമെന്റിലായിരുന്നു ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് കിരീടം ചൂടിയത്.
ലോക ചാമ്പ്യനായ മാഗ്‌നസ് കാൾസനെ മുമ്പ് പരാജയപ്പെടുത്തിയിട്ടുള്ള താരമാണ് ആർ പ്രഗ്‌നാനന്ദ. അതിനാൽതന്നെ ചെസ് ലോകകപ്പ് ഫൈനൽ വലിയ ആവേശമാകും. വിശ്വനാഥൻ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസനെ തോൽപിക്കുന്ന ഇന്ത്യൻ താരമാണ് പ്രഗ്‌നാനന്ദ. ഫൈനലിൽ കാൾസൺ എതിരാളിയായി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നാണ് ഫാബിയാനോ കരുവാനോയെ തോൽപിച്ച ശേഷം പ്രഗ്‌നാനന്ദയുടെ പ്രതികരണം. ഫൈനലിലെത്തിയ ആർ പ്രഗ്‌നാനന്ദയെ ഇന്ത്യൻ ഇതിഹാസം വിശ്വനാഥൻ ആനന്ദ് അഭിനന്ദിച്ചു.
സ്പോർട്സ് ഡെസ്ക്