ബാകു: ചെസ് ലോകകപ്പ് ഫൈനലിൽ വീണ്ടും സമനിലപ്പൂട്ട്. ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാഗ്‌നസ് കാൾസനും ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയും തമ്മിലുള്ള രണ്ടാം ക്ലാസിക്കൽ ഗെയിമും സമനിലയിൽ പിരിഞ്ഞു. ഒരു മണിക്കൂറിലേറെ നീണ്ട കടുത്ത മത്സരത്തിനൊടുവിൽ 30 നീക്കങ്ങൾക്ക് ശേഷമാണ് ഇരുവരും സമനിലയിൽ പിരിഞ്ഞത്. ഇതോടെ ജേതാവിനെ നിർണയിക്കാൻ മത്സരം ടൈ ബ്രേക്കറിലേക്ക് നീളും. രണ്ട് ടൈ ബ്രേക്കറുകൾ അടങ്ങുന്ന മത്സരം വ്യാഴാഴ്ച നടക്കും.

നേരത്തേ കഴിഞ്ഞ ദിവസം ഒന്നാം ഗെയിമിന് മുമ്പ് ഭക്ഷ്യവിഷബാധയെ തുടർന്ന് വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയ കാൾസൻ അതിൽ നിന്നും പൂർണനായി മുക്തനായിട്ടില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു താരത്തിന്റെ രണ്ടാം ഗെയിമിലെ പ്രകടനം. അതിനാൽ തന്നെ സമനിലയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു കാൾസൻ. വെള്ളക്കരുക്കളുമായാണ് കാൾസൻ രണ്ടാം ഗെയിം കളിച്ചത്.

ഭക്ഷ്യവിഷബാധയേറ്റതാണ് കാൾസന്റെ തന്ത്രത്തിന് കാരണമെന്ന് കമന്റേറ്റർമാർ പറഞ്ഞു. അതുകൊണ്ടാണ് പരമാവധി ഫിറ്റ്നസും ഏകാഗ്രതയും നേടുന്നതിന് കളി മൂന്നാം ദിവസത്തിലേക്ക് കടക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്. രണ്ട് ഗ്രാൻഡ്മാസ്റ്റർമാരും തങ്ങളുടെ കന്നി ലോകകപ്പ് കിരീടത്തിലാണ് ഉറ്റുനോക്കുന്നത്.

നേരത്തേ 35 നീക്കങ്ങൾക്ക് ശേഷമാണ് ആദ്യ ഗെയിമിൽ ഇരുവരും സമനിലയിൽ പിരിഞ്ഞത്. വിശ്വനാഥൻ ആനന്ദിനുശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ താരം ഫൈനലിൽ കളിക്കുന്നത്. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. 2005-ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് 18-കാരനായ പ്രഗ്‌നാനന്ദ.