- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെസ്സ് ലോകകപ്പിൽ അവിസ്മരണീയ കുതിപ്പ്; ജന്മനാട്ടിൽ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയ്ക്ക് ഗംഭീര വരവേൽപ്പ്; മുപ്പത് ലക്ഷം രൂപയുടെ പാരിതോഷികം കൈമാറി എം കെ സ്റ്റാലിൻ; ലോക ചാമ്പ്യൻഷിപ് യോഗ്യത നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് കൗമാരതാരം
ചെന്നൈ: ചെസ്സ് ലോകകപ്പിൽ അവിസ്മരണീയ പ്രകടനം കാഴ്ചവച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയ്ക്ക് ജന്മനാട്ടിൽ ഗംഭീര വരവേൽപ്പ്. ചെന്നൈ വിമാനത്താവളത്തിൽ സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തിൽ പ്രഗ്നാനന്ദയ്ക്കും അമ്മയ്ക്കും സ്വീകരണം നൽകി. സംസ്ഥാന സർക്കാർ പ്രതിനിധികളും അഖിലേന്ത്യാ ചെസ്സ് ഫെഡറേഷൻ ഭാരവാഹികളും സഹപാഠികളും താരത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.
കുമ്മാട്ടികളും വാദ്യമേളവും അടക്കം ആയിരുന്നു വരവേൽപ്പ്. തുടർന്ന് സർക്കാർ ഒരുക്കിയ പ്രത്യേക വാഹനത്തിൽ പ്രഗ്നാനന്ദ ചെന്നൈ നഗരത്തിലേക്ക് തിരിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കായികമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുമായി പ്രഗ്നാനന്ദ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 30 ലക്ഷം രൂപയുടെ പാരിതോഷികം മുഖ്യമന്ത്രി കൈമാറി. സ്വീകരണത്തിൽ സന്തോഷം ഉണ്ടെന്നും ലോക ചാമ്പ്യൻഷിപ് യോഗ്യത നേടുകയാണ് അടുത്ത ലക്ഷ്യം എന്ന് പ്രഗ്നാനന്ദ പറഞ്ഞു.
ചെസ് ലോകകപ്പിൽ തലമുറകളുടെ ഫൈനൽ പോരാട്ടത്തിൽ നോർവേ ഇതിഹാസം മാഗ്നസ് കാൾസണോടാണ് ഇന്ത്യയുടെ 18കാരൻ ആർ പ്രഗ്നാനന്ദ പൊരുതി കീഴടങ്ങിയത്. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാൾസണെ സമനിലയിൽ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറിൽ പരാജയം സമ്മതിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ മാഗ്നസ് കാൾസണിന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്.
ചെസ് ലോകകപ്പ് ചരിത്രത്തിൽ മാഗ്നസ് കാൾസണും ആർ പ്രഗ്നാനന്ദയും ആദ്യമായാണ് മുഖാമുഖം വന്നത്. അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള നോർവീജിയൻ ഇതിഹാസം മാഗ്നസ് കാൾസണെ കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളിലും സമനിലയിൽ തളച്ചത് വെറും 18 വയസ് മാത്രമുള്ള പ്രഗ്നാനന്ദയ്ക്ക് അഭിമാനമായി. ആദ്യ മത്സരത്തിൽ 35 ഉം രണ്ടാം മത്സരത്തിൽ 30 ഉം നീക്കത്തിനൊടുവിൽ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു.
കാൾസൺ- പ്രഗ്നാനന്ദ ഫൈനലിലെ രണ്ട് ഗെയിമുകളും സമനിലയിൽ അവസാനിച്ചതോടെയാണ് ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം അവസാന മിനുറ്റുകളിലെ അതിവേഗ നീക്കങ്ങളിൽ മാഗ്നസ് കാൾസൺ സ്വന്തമാക്കി. രണ്ടാം ഗെയിമിൽ പ്രഗ്നാനന്ദ സമനില വഴങ്ങിയതോടെ കാൾസൺ കിരീടം സ്വന്തമാക്കുകയായിരുന്നു.
ചെസ് ലോകകപ്പിൽ 2005ൽ നോക്കൗട്ട് ഫോർമാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ആർ പ്രഗ്നാനന്ദ. 2000, 2002 വർഷങ്ങളിൽ വിശ്വനാഥൻ ആനന്ദ് കിരീടം ചൂടുമ്പോൾ 24 താരങ്ങളുള്ള റൗണ്ട്-റോബിൻ ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ. ലോക രണ്ടാം നമ്പർ താരം ഹികാരു നകമുറ, മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോ എന്നിവരെ തോൽപിച്ചാണ് ആർ പ്രഗ്നാനന്ദ തന്റെ ആദ്യ ചെസ് ലോകകപ്പിൽ ഫൈനലിലേക്ക് കുതിച്ചത്. എന്നാൽ ടൈബ്രേക്കറിൽ ഒന്നര പോയിന്റ് നേടി കാൾസൺ ചാമ്പ്യനായി.
സ്പോർട്സ് ഡെസ്ക്