ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ് വേദികളിൽ ഇന്നു മുതൽ ആവേശത്തിന്റെ ആരവം ഉയരും. ഹാങ്ചൗ സ്പോർട്‌സ് സെന്റർ സ്റ്റേഡിയത്തിൽ തുടങ്ങുന്ന പുരുഷന്മാരുടെ ഫുട്‌ബോളിൽ ചൊവ്വാഴ്ച ഇന്ത്യയും മത്സരിക്കാനിറങ്ങും. രാഷ്ട്രീയവൈരം നിഴലിടുന്ന പോരാട്ടത്തിൽ ആതിഥേയരായ ചൈനയാണ് എതിരാളി. ലോകജനസംഖ്യയുടെ വലിയൊരുവിഭാഗം ജനങ്ങൾ കാത്തിരിക്കുന്ന പോരാട്ടം ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിന് തുടങ്ങും. വോളിയിൽ ഇന്ത്യൻ പുരുഷ ടീമിന്റെ ആദ്യമത്സരം ചൊവ്വാഴ്ച കംബോഡിയക്കെതിരേ.

കോവിഡ് കാരണം ഒരുവർഷം നീട്ടിവെച്ച 19-ാം ഏഷ്യൻ ഗെയിംസിന് ഔദ്യോഗികമായി തിരശ്ശീല ഉയരുന്നത് ശനിയാഴ്ചയാണ്. എങ്കിലും ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ് വേദികൾ സജീവമാകുന്നതോടെ ഏഷ്യയുടെ കായികഹൃദയം ഇന്നുമുതൽ ഹാങ്ചൗവിൽ സ്പന്ദിച്ചുതുടങ്ങും.

വനിതാഫുട്‌ബോൾ മത്സരം 21-ന് തുടങ്ങും. റാങ്കിങ്ങിൽ മുകളിലുള്ള ചൈനീസ് തായ്‌പെയ്, തായ്‌ലാൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബി.യിലാണ് ഇന്ത്യ. 21-ന് ചൈനീസ് തായ്‌പേയ്‌ക്കെതിരേയാണ് ആദ്യമത്സരം. 24-ന് തായ്‌ലാൻഡിനെ നേരിടും. വനിതകളുടെ ക്രിക്കറ്റും ചൊവ്വാഴ്ച തുടങ്ങും. പ്രാഥമികറൗണ്ടിൽ ചൊവ്വാഴ്ച ഇൻഡൊനീഷ്യ മംഗോളിയയെ നേരിടും. ഇന്ത്യയുടെ ആദ്യമത്സരം 21-ന്. നേരിട്ട് ക്വാർട്ടറിലേക്ക് ബൈലഭിച്ച പുരുഷടീമിന്റെ ആദ്യമത്സരം ഒക്ടോബർ മൂന്നിനാണ്.

സമ്മർദത്തിനൊടുവിലാണ് കേന്ദ്ര കായികമന്ത്രാലയം ഇന്ത്യൻ ഫുട്ബോൾ ടീമിന് യാത്രാനുമതി നൽകിയത്. ഇതിനുപിന്നാലെ ദേശീയ ഫുട്‌ബോൾ ഫെഡറേഷൻ 22 അംഗ ടീമിന്റെ പട്ടിക തയ്യാറാക്കിയെങ്കിലും ഇതിൽ 13 കളിക്കാരെ വിട്ടുകൊടുക്കാൻ ക്ലബ്ബുകൾ തയ്യാറാവാതിരുന്നതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. അവസാനനിമിഷം സന്ദേശ് ജിംഗനെ വിട്ടുകിട്ടിയതാണ് ഏക ആശ്വാസം.

1951, 62 ഏഷ്യാഡുകളിൽ ഫുട്ബോളിൽ ചാമ്പ്യന്മാരായ ഇന്ത്യ അത്യന്തം നാടകീയമായാണ് ഇക്കുറി ചൈനയിലെത്തുന്നത്. പതിനൊന്നാം മണിക്കൂർവരെ സർക്കാരിനോടും ക്ലബ്ബുകളോടും കലഹിച്ച് ആളെണ്ണമൊപ്പിച്ച് ടീം ചൈനയിലെത്തിയത് മത്സരത്തിന്റെ തലേദിവസം. 22 അംഗ ടീമിലെ അഞ്ചുപേർക്ക് ടീമിനൊപ്പം ചേരാൻ കഴിഞ്ഞിട്ടില്ല.

ബാക്കിയുള്ള കളിക്കാരും കോച്ചും ആദ്യമായി തമ്മിൽ കണ്ടതാവട്ടെ ഞായറാഴ്ച സന്ധ്യയ്ക്ക് ന്യൂഡൽഹി വിമാനത്താവളത്തിൽ. തന്ത്രങ്ങൾ മെനഞ്ഞത് ആകാശത്തുവെച്ചും. വിമാനത്താവളത്തിലെ കാത്തിരിപ്പും ഹോട്ടൽ കിട്ടാതെ സ്പായിലെ ചെറിയ മയക്കവും കഴിഞ്ഞുള്ള യാത്ര തിങ്കളാഴ്ച വൈകീട്ടാണ് ഹാങ്ചൗവിൽ അവസാനിച്ചത്. കൃത്യം 24-ാം മണിക്കൂറിൽ ആദ്യ മത്സരവും. ആറുമാസമായി പരിശീലനം നടത്തുന്ന ചൈനയ്ക്കെതിരേ ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തിന് ഇന്ത്യ ഇറങ്ങുന്നത് ഒരൊറ്റ ദിവസംപോലും പരിശീലനം നടത്താതെ.

ഫുട്ബോളിലെ ആശയക്കുഴപ്പത്തിലുമുള്ള നീരസം കോച്ച് ഇഗോർ സ്റ്റിമാച്ചും ക്യാപ്റ്റൻ സുനിൽ ഛേത്രിയും മറച്ചുവെച്ചില്ല. ടീമിനെ അവസാനനിമിഷം തട്ടിക്കൂട്ടേണ്ടിവന്നതിൽ ക്ലബ്ബുകളോടും ഐ.എസ്.എൽ. സംഘാടകരോടും പരസ്യമായി പൊട്ടിത്തെറിച്ചാണ് സ്റ്റിമാച്ച് വിമാനം കയറിയത്. 'നല്ല ടീം ഒരുക്കുന്നത് ചിലർ തടസ്സപ്പെടുത്തി. ഇതിലുംഭേദം ഐ ലീഗിലെ കളിക്കാരെവെച്ച് ടീമുണ്ടാക്കി അവരെ പത്തുമാസം പരിശീലിപ്പിക്കുകയായിരുന്നു. ചോദിച്ചത് ഒരുമാസത്തെ ക്യാമ്പ്. ഒരു ടീമിനെ കിട്ടിയതുതന്നെ ഭാഗ്യം' - സ്റ്റിമാച്ച് പറഞ്ഞു.

രോഷമുണ്ടെങ്കിലും ആശ വെടിഞ്ഞിട്ടില്ല കോച്ച് സ്റ്റിമാച്ച്. നല്ല പോരാട്ടം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് പറഞ്ഞു. ജിംഗനും ഛേത്രിയുമൊക്കെ ഉണ്ടെങ്കിലും കെ.പി. രാഹുൽ, രോഹിത് ഡാനു, അങ്കിത് ജാദവ് തുടങ്ങിയ യുവതാരങ്ങളുടെ കോർട്ടിലാണ് പന്ത്. സീനിയർ താരങ്ങളുടെ സാന്നിധ്യം ഇവിടെ നിർണായകമാകും. ജിംഗനും ഛേത്രിയും ആക്രമണവും പ്രതിരോധവും കരുത്തുറ്റതാക്കുമെങ്കിലും മധ്യനിരയിൽ ആശങ്കയുണ്ട്.

80-ാം റാങ്കുകാരായ ചൈനയെ തോൽപ്പിച്ചുതുടങ്ങുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞമാസംവരെ സ്റ്റിമാച്ച് പറഞ്ഞിരുന്നു. എന്നാലിപ്പോൾ അങ്ങനെയൊരു അത്യാഗ്രഹം അദ്ദേഹത്തിന്റെ മനസ്സിലുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ റാങ്കിങ്ങിൽ താഴെയുള്ള ബംഗ്ലാദേശിനും മ്യാന്മാറിനുമെതിരായ മത്സരങ്ങളെക്കുറിച്ചേ കോച്ചും ടീമും ചിന്തിക്കുന്നുണ്ടാകൂ. ബംഗ്ലാദേശിനെതിരായ മത്സരം 21-നാണ്. മ്യാന്മാറിനെതിരായ മത്സരം 24-നും. ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാൽ അടുത്ത റൗണ്ടിലെത്താം.

വിജയസാധ്യത കുറഞ്ഞ ആദ്യമത്സരത്തിൽ ഛേത്രിയെയും ജിംഗനെയും പുറത്തിരുത്തിയേക്കുമെന്ന് കോച്ച് സൂചിപ്പിച്ചു. ഏഷ്യൻ ഗെയിംസിലെ തുടർന്നുള്ള മത്സരങ്ങളും ക്ലബ്ബുകളോടുള്ള ബാധ്യതയും മാത്രമല്ല, വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാമത്സരവും മുന്നിൽ കാണേണ്ടതുണ്ട് സ്റ്റിമാച്ചിന്. എന്നാൽ, വിസാവിഷയത്തിൽ കുടുങ്ങി പ്രതിരോധക്കാരായ ചിങ്‌ലെൻസനസിങ്ങ്, ലാൽചുങ്‌നുംഗ, അങ്കിദ് ജാദവ്, നരേന്ദ്ര ഗഹ്ലോത്ത്, ഗുർകീരാത്ത് സിങ് എന്നിവർക്ക് ഹാങ്ചൗവിലെത്താൻ കഴിയാത്തത് പ്രതിസന്ധിയാണ്. പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ചൈന ആറുമാസമായി സെർബിയൻ കോച്ച് ദേജാ യുർയേവിച്ചിയുടെ കീഴിൽ ഒരുക്കത്തിലാണ്. ദേശീയടീമിലെ അംഗങ്ങളും ചൈനീസ് സൂപ്പർലീഗിലെ ഒട്ടേറെ താരങ്ങൾ ടീമിലുണ്ട്.