- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഫൈനലിൽ ശ്രീലങ്കയെ കീഴടക്കി സുവർണ നേട്ടവുമായി ഹർമൻപ്രീത് കൗറും സംഘവും; ഇന്ത്യയുടെ ജയം 19 റൺസിന്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം സ്വർണം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. പങ്കെടുത്ത ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ സ്വർണമണിഞ്ഞാണ് ഹർമൻപ്രീത് കൗറും സംഘവും രാജ്യത്തിന്റെ അഭിമാനമായി മാറിയത്. ഫൈനലിൽ ശ്രീലങ്കയെ കീഴടക്കിയ ഇന്ത്യ പത്തൊൻപതാം ഏഷ്യൻ ഗെയിംസിലെ രണ്ടാം സ്വർണവും കരസ്ഥമാക്കി. 19 റൺസിനാണ് ഫൈനലിൽ ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ ഇന്നിങ്സ് നിശ്ചിത 20-ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസിന് അവസാനിച്ചു.
22 പന്തിൽ 25 റൺസെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ഇന്ത്യയ്ക്കായി ടിറ്റസ് സിദ്ധു മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം ആറു റൺസ് മാത്രമാണു വഴങ്ങിയത്. രാജേശ്വരി ഗെയ്ക്വാദ് രണ്ടും ദീപ്തി ശർമ, പൂജ വസ്ത്രകാർ, ദേവിക വൈദ്യ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ തുടക്കം പതർച്ചയോടെയായിരുന്നു. 14 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ ലങ്കയ്ക്ക് നഷ്ടമായി. ചമാരി അത്തപത്തു(12), അനുഷ്‌ക സഞ്ജീവനി(1), വിശ്മി ഗുണരത്നെ(0) എന്നിവരാണ് പുറത്തായത്. ഈ മൂന്ന് വിക്കറ്റുകളുമെടുത്ത് ടിറ്റസ് സിദ്ധുവാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്.
തുടർന്ന് ഹസിനി പെരേരയും നിളാകാശി ഡി സിൽവയും ചേർന്ന് ശ്രീലങ്കയെ കരകയറ്റി. ടീം സ്‌കോർ 50-ൽ നിൽക്കേ 25 റൺസെടുത്ത ഹസിനി പെരേരയെ പുറത്താക്കി രാജേശ്വരി ഗെയ്ക്വാദ് ലങ്കയെ വീണ്ടും പ്രതിരോധത്തിലാക്കി. നിളകാശി ഡി സിൽവ(23), ഒഷാധി രണസിങ്കെ(19) എന്നിവർ ലങ്കൻ സ്‌കോർബോർഡിലേക്ക് കാര്യമായ സംഭാവനകൾ നൽകി. എന്നാൽ പിന്നാലെ വന്നവരെ പിടിച്ചുകെട്ടിയ ഇന്ത്യൻ ബൗളർമാർ വിജയം തട്ടിയെടുത്തു.
അവസാന ഓവറിൽ 25 റൺസായിരുന്നു ലങ്കക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. രാജേശ്വരി ഗെയ്ക്വാദിനെതിരെ അഞ്ച് റൺസ് നേടാനെ ലങ്കക്കായുള്ളു. ഒടുവിൽ ലങ്കൻ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസിന് അവസാനിച്ചു. 19 റൺസ് ജയത്തോടെ ഇന്ത്യ സ്വർണമണിഞ്ഞു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പതിനേഴാം ഓവറിൽ 102-3 എന്ന ശക്തമായ നിലയിലായിരുന്നെങ്കിലും ഇന്ത്യക്ക് അവസാന മൂന്നോവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി 14 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 46 റൺസെടുത്ത ഓപ്പണർ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ജെമീമ റോഡ്രിഗസ് 42 റൺസെടുത്തു. മറ്റാർക്കും ഇന്ത്യൻ നിരയിൽ രണ്ടക്കം കാണാനായില്ല.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ വനിതാ ടീമിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ടീം സ്‌കോർ 16-ൽ നിൽക്കേ ഓപ്പണർ ഷഫാലി വർമയെ ഇന്ത്യയ്ക്ക് നഷ്ടമായി. 15 പന്തിൽ നിന്ന് ഒമ്പത് റൺസെടുത്താണ് താരം മടങ്ങിയത്. എന്നാൽ, പിന്നീടിറങ്ങിയ ജെമീമ റോഡ്രിഗസുമൊത്ത് സ്മൃതി മന്ദാന സ്‌കോറുയർത്തി. കരുതലോടെ ബാറ്റേന്തിയ ഇരുവരും ഒമ്പതാം ഓവറിൽ ടീം സ്‌കോർ 50-കടത്തി.
സ്‌കോർ 89-ൽ നിൽക്കേ സ്മൃതി മന്ദാനയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. 45 പന്തിൽ ഒരു സിക്സറിന്റേയും നാല് ഫോറുകളുടേയും അകമ്പടിയോടെ 46 റൺസെടുത്ത താരത്തെ റാണവീരയാണ് പുറത്താക്കിയത്. പിന്നീടിറങ്ങിയ റിച്ച ഘോഷ്(9), ഹർമൻപ്രീത് കൗർ (2), പൂജ വസ്ട്രാക്കർ(2) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. 42 റൺസെടുത്ത ജെമീമ റോഡ്രിഗസ് തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒടുവിൽ നിശ്ചിത 20-ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.
ശ്രീലങ്കയ്ക്കായി ഉദേശിക പ്രബോധിനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി. മലയാളി താരം മിന്നു മണിക്ക് ഫൈനൽ മത്സരത്തിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. സെമിയിൽ രണ്ടുതവണ റണ്ണറപ്പായ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. എന്നാൽ ഹാട്രിക് സ്വർണം മോഹിച്ചെത്തിയ പാക്കിസ്ഥാനെ അട്ടിമറിച്ചാണ് ശ്രീലങ്കയുടെ ഫൈനലിലേക്ക് വരവ്.
സ്പോർട്സ് ഡെസ്ക്