ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ സ്വർണ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് മലയാളി താരം മിന്നു മണി. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം വേണമെന്ന് ടീമിന്റെ ആഗ്രഹമായിരുന്നു. അത് സാധിച്ചുവെന്ന് മിന്നു മണി പറഞ്ഞു. ഫൈനലിന് ഇറങ്ങിയ ടീമിൽ കളിക്കാൻ ഇടം ലഭിച്ചില്ലെങ്കിലും നിരാശയില്ലെന്നും മലയാളി താരം പ്രതികരിച്ചു.

''വളരെയധികം സന്തോഷമുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ പോയപ്പോൾ ഇന്ത്യയ്ക്ക് വെള്ളിയാണു ലഭിച്ചത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം വേണമെന്ന് ടീമിന്റെ ആഗ്രഹമായിരുന്നു. അത് സാധിച്ചു.'' മിന്നു മണി പറഞ്ഞു.

''ഒരുപാട് വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ നേട്ടമായാണ് ഇന്ത്യൻ ടീമിന്റെ ജഴ്‌സി അണിയുന്നത്. ആദ്യമായിട്ട് ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയ്ക്കായി കളിച്ചത്. ആ സമയത്ത് ആരുമായിട്ടും അധികം സംസാരിക്കാനൊന്നും സാധിച്ചിരുന്നില്ല. ചൈനയിലെത്തിയപ്പോൾ ടീമിലുള്ള എല്ലാവരുമായും സൗഹൃദം ഉണ്ടാക്കാൻ സാധിച്ചു. സെമിയിലും ഫൈനലിലും ഇറങ്ങാൻ സാധിക്കാത്തതിന്റെ നിരാശ ഒരിക്കലും ഇല്ല. കാരണം നമ്മളും ടീമിന്റെ ഭാഗമാണ്. ഞങ്ങളുടെ കൂടി സഹായത്തോടെയാണു മറ്റു താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്. ടീമിന്റെ ഭാഗമായതിൽ തന്നെ സന്തോഷമുണ്ട്.'' മിന്നു മണി പ്രതികരിച്ചു.

ഏഷ്യൻ ഗെയിംസിൽ മലേഷ്യയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മാത്രമാണ് മിന്നു മണി കളിച്ചത്. അന്നു പക്ഷേ താരത്തിന് ബോളിങ്ങിനും ബാറ്റിങ്ങിനും അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ ബാറ്റിങ്ങിനു പിന്നാലെ മഴ കാരണം കളി മുടങ്ങുകയായിരുന്നു. റാങ്കിങ്ങിന്റെ കരുത്തിൽ ഇന്ത്യ സെമിയിലേക്കു മുന്നേറുകയും ചെയ്തു. ബംഗ്ലാദേശിനെതിരായ സെമി ഫൈനലിലും മിന്നു കളിച്ചില്ല. ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ മലയാളി താരമാണ് മിന്നു മണി.

ടീമിലിടം നേടിയതോടെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ഖ്യാതിയും താരത്തിന് സ്വന്തമായിരുന്നു. പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാനായില്ലെങ്കിലും മിന്നുവിന്റെ ഇന്ത്യൻ ടീമിലെ സാന്നിദ്ധ്യം അഭിമാനകരമെന്ന് മാതാപിതാക്കൾ പറഞ്ഞു.

'ഇന്ത്യൻ ടീമിൽ മകൾ അരങ്ങേറിയതിൽ സന്തോഷമുണ്ട്. അതിലും സന്തോഷമാണ് കന്നി ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയത്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അവൾ ടീമിലിടം പിടിച്ചിരുന്നു. എന്നാൽ മഴ മൂലം അന്ന് അവൾക്ക് കളിക്കാനായില്ല. മിന്നു ഏഷ്യൻ ഗെയിംസിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്. കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ടീമിലിടം പിടിച്ചത്തിൽ സന്തോഷമുണ്ട്. മെഡൽ നേട്ടത്തിൽ കേരളത്തിനും അഭിമാനിക്കാം'.- ഇന്ത്യൻ ടീമിന്റെ വിജയത്തിന് ശേഷം മിന്നുവിന്റെ മാതാപിതാക്കൾ പ്രതികരിച്ചു.

സ്വർണ മെഡൽ ലക്ഷ്യമിട്ടുള്ള ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ 19 റൺസിന് തകർത്താണ് ഇന്ത്യ സുവർണനേട്ടം കൈവരിച്ചത്. ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്‌കോർ ഇന്ത്യ 20 ഓവറിൽ 116-7, ശ്രീലങ്ക 20 ഓവറിൽ 97-8. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടമാണിത്.