- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതകളുടെ ഷോട്ട് പുട്ടിൽ വെങ്കല മെഡലുമായി കിരൺ ബലിയൻ; ഇനത്തിൽ 72 വർഷത്തിനു ശേഷം മെഡൽനേട്ടം; ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ; 33 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ മെഡൽവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. വനിതകളുടെ ഷോട്ട് പുട്ടിൽ കിരൺ ബലിയൻ ഇന്ത്യയ്ക്കായി വെങ്കല മെഡൽ സ്വന്തമാക്കിയത്. 17.36 മീറ്റർ എറിഞ്ഞാണ് 24-കാരിയായ കിരൺ വെങ്കലം സ്വന്തമാക്കിയത്. ഈ ഇനത്തിൽ 72 വർഷത്തിനു ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്.
19.58 മീറ്റർ എറിഞ്ഞ ചൈനയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ലിജിയാവോ ഗോങ്ങിനാണ് സ്വർണം. ഏഷ്യൻ ഗെയിംസിൽ താരത്തിന്റെ തുടർച്ചയായ മൂന്നാം സ്വർണമാണിത്. ചൈനയുടെ തന്നെ ജിയായുവാൻ സോങ്ങിനാണ് വെള്ളി (18.92 മീറ്റർ).
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽവേട്ട തുടരുകയാണ്. ആറാം ദിനം ഇന്ത്യ രണ്ട് സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി. ഇതോടെ എട്ട് സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 33 ആയി. മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.
നേരത്തേ മെഡലുറപ്പിച്ച് ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ ടീം സെമിയിലെത്തിയിരുന്നു. ക്വാർട്ടർ ഫൈനലിൽ നേപ്പാളിനെ കീഴടക്കിയാണ് (3 - 0) ഇന്ത്യൻ ടീമിന്റെ സെമി പ്രവേശനം. 1986 ഏഷ്യൻ ഗെയിംസിന് ശേഷം ഇതാദ്യമായാണ് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യ മെഡലുറപ്പാക്കുന്നത്. കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ, മിഥുൻ മഞ്ജുനാഥ് എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിനായി മെഡലുറപ്പിച്ചത്.
ബോക്‌സിങ്ങിൽ വനിതകളുടെ 50 കിലോ വിഭാഗത്തിൽ സെമിയിൽ കടന്ന നിഖാത് സരീനും മെഡലുറപ്പിച്ചു. ജോർദാന്റെ ഹന്നാൻ നാസറിനെ കീഴടക്കിയാണ് താരത്തിന്റെ സെമി പ്രവേശനം. ഇതോടെ താരം പാരിസ് ഒളിമ്പിക്‌സിനും യോഗ്യത നേടി. സെമിയിൽ തായ്‌ലൻഡിന്റെ രക്‌സാത്താണ് നിഖാത് സരീന്റെ എതിരാളി.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ ഇന്ത്യ സ്വർണവും വെള്ളിയും നേടി തകർപ്പൻ പ്രകടനം പുറത്തെടുത്തു. പലക് ഗുലിയ സ്വർണവും ഇഷ സിങ് വെള്ളിയും നേടി. ഗെയിംസ് റെക്കോഡോടെയാണ് പലക് സ്വർണം നേടിയത്. 242.1 ആണ് താരം നേടിയത്.
പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. സ്വപ്നിൽ കുശാലെ, ഐശ്വരി പ്രതാപ് സിങ്, അഖിൽ ഷിയോറാൻ എന്നിവരടങ്ങിയ സഖ്യമാണ് സ്വർണം നേടിയത്.
വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റർ ടീം വിഭാഗത്തിൽ ഇന്ത്യൻ താരങ്ങൾ വെള്ളി നേടി. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്. ഈ ഇനത്തിൽ റെക്കോഡോടെ ചൈന സ്വർണം നേടി.
പുരുഷ ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യം വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. ഈ ഇനത്തിലെ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന ഇന്ത്യൻ സഖ്യം ഫൈനലിൽ ചൈനീസ് തായ്‌പേയിയോട് പരാജയപ്പെട്ടു. സ്‌കോർ: 6-4, 6-4.
വനിതകളുടെ സ്‌ക്വാഷ് ടീം ഇനത്തിൽ ഇന്ത്യ വെങ്കലം നേടി. സെമിയിൽ ഹോങ് കോങ്ങിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കലം നേടിയത്. 2-1 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ തോൽവി. അനഹാത് സിങ്, തൻവി ഖന്ന, ജോഷ്ന ചിന്നപ്പ എന്നിവരടങ്ങിയ സംഘമാണ് വെങ്കലം നേടിയത്.
പുരുഷ വിഭാഗം 50 മീറ്റർ റൈഫിൽ ത്രീ പൊസിഷനിൽ ഇന്ത്യയ്ക്ക് വേണ്ടി ഐശ്വരി പ്രതാപ് സിങ് തോമർ വെള്ളി നേടി. ഈ ഇനത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരമായ സ്വപ്നിൽ കുശാലെ നാലാം സ്ഥാനത്തെത്തി.
സ്പോർട്സ് ഡെസ്ക്