- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും പൊരുതിനേടിയ വിജയം; മിക്സഡ് ഡബിൾസ് ടെന്നീസിൽ സ്വർണനേട്ടവുമായി ബൊപ്പണ്ണ-ഋതുജ സഖ്യം; കീഴടക്കിയത് ചൈനീസ് തായ്പേയി സഖ്യത്തെ; ഷൂട്ടിങ്ങിലും മെഡൽവേട്ട
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ഏഴാം ദിനം ഇന്ത്യക്ക് ടെന്നീസിൽ നിന്നുമായിരുന്നു ആദ്യ സ്വർണ നേട്ടം. മിക്‌സഡ് ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം സ്വർണം നേടി. ഫൈനലിൽ ചൈനീസ് തായ്പേയിയുടെ എൻ ഷുവോ ലിയാങ്-സുങ് ഹാവോ ഹുവാങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്.
ആവേശകരമായ ഫൈനലിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും പിന്നീട് ബൊപ്പണ്ണ-ഋതുജ സഖ്യം തിരിച്ചടിച്ച് തുടർച്ചയായ രണ്ട് സെറ്റുകൾ നേടി സ്വർണം ഉറപ്പിക്കുകയായിരുന്നു. സ്‌കോർ: 2-6, 6-3, 10-4. ഇതോടെ ഒൻപത് സ്വർണവും 13 വെള്ളിയും 13 വെങ്കലവുമടക്കം 34 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.
ഒരു ഘട്ടത്തിൽ വമ്പൻ തോൽവിയിലേക്ക് നീങ്ങുകയായിരുന്ന ബൊപ്പണ്ണ-ഋതുജ സഖ്യം വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. ടൈബ്രേക്കറിലൂടെയാണ് ടീം വിജയം നേടിയത്. ആദ്യ സെറ്റിൽ നിസ്സഹായരായിപ്പോയ ഇന്ത്യൻ ടീം രണ്ടാം സെറ്റിൽ അതേ നാണയത്തിൽ തിരിച്ചടിച്ചു.
ആദ്യ സെറ്റിൽ ബൊപ്പണ്ണ നിറംമങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. റാങ്കിങ്ങിൽ പിറകിലുള്ള ചൈനീസ് തായ്പേയ് അപ്രതീക്ഷിതമായി സെറ്റ് പിടിച്ചടക്കുകയും ചെയ്തു. എന്നാൽ രണ്ടാം സെറ്റിൽ ഇന്ത്യ പരിചയ സമ്പത്തിന്റെ കരുത്തിൽ തിരിച്ചടിച്ചു. ബൊപ്പണ്ണയും ഋതുജയും പരസ്പരധാരണയോടെ കളിക്കാൻ ആരംഭിച്ചതോടെ ഇന്ത്യ ഡ്രൈവിങ് സീറ്റിലെത്തി. രണ്ടാം സെറ്റ് 6-3 ന് സ്വന്തമാക്കി ഇന്ത്യ മത്സരം ടൈബ്രേക്കറിലേക്ക് നീട്ടി.
ടൈബ്രേക്കറിൽ ബൊപ്പണ്ണയുടെ തകർപ്പൻ എയ്സുകൾ ഇന്ത്യയ്ക്ക് നിർണായക ലീഡ് സമ്മാനിച്ചു. താരത്തിന്റെ അനുഭവസമ്പത്താണ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. 10-4 ന് ടൈബ്രേക്കറിൽ വിജയം നേടിക്കൊണ്ട് ഇന്ത്യൻ ടീം സ്വർണം നേടി. നേരത്തേ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യം വെള്ളി നേടിയിരുന്നു. ടോപ് സീഡായ ബൊപ്പണ്ണ-യൂകി ഭാംബ്രി സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.
ഏഷ്യൻ ഗെയിംസിലെ ബൊപ്പണ്ണയുടെ രണ്ടാം മെഡലാണിത്, 2018 ഏഷ്യൻ ഗെയിംസിൽ പുരുഷ ഡബിൾസിൽ താരം സ്വർണം നേടിയിരുന്നു. മറുവശത്ത് ഋതുജയുടെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണിത്.
10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം മത്സരത്തിൽ ഇന്ത്യയുടെ സരബ്ജോത് സിങ്-ദിവ്യ ടി.എസ് സഖ്യം വെള്ളി നേടി. ഫൈനലിൽ ചൈനയോടാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ മുന്നിൽ നിന്ന ഇന്ത്യ അവസാനമാണ് മത്സരം കൈവിട്ടത്. ഷൂട്ടിങ്ങിൽ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന 19-ാം മെഡലാണിത്. ബോക്‌സിങ് റിങ്ങിൽ നിന്ന് ഇന്ത്യ രണ്ട് മെഡലുറപ്പിച്ചു.
വനിതകളുടെ 54 കിലോ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യ മെഡലുറപ്പിച്ചു. ഇന്ത്യൻ യുവതാരം പ്രീതി പൻവാർ സെമിയിലെത്തി. ക്വാർട്ടർ ഫൈനലിൽ കസാഖ്സ്താൻ താരം ഷായ്ന ഷെക്കർബെക്കോവയെ തകർത്താണ് പ്രീതി അവസാന നാലിലെത്തിയത്. 4-1 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. വെറും 18 വയസ്സ് മാത്രമാണ് പ്രീതിയുടെ പ്രായം.
വനിതകളുടെ 75 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലോകചാമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌നും സെമിയിലെത്തി. ക്വാർട്ടർ ഫൈനലിൽ ലവ്ലിന ദക്ഷിണ കൊറിയയുടെ സുയിയോൺ സിയോങ്ങിനെ കീഴടക്കിയാണ് താരം സെമിയിലെത്തിയത്. സ്‌കോർ 5-0. ഈ ഇനത്തിലെ ഇന്ത്യയുടെ സ്വർണമെഡൽ പ്രതീക്ഷയാണ് ലവ്‌ലിന.
ലോങ്ജമ്പിൽ മുരളി ശ്രീശങ്കറും 1500 മീറ്റർ ഓട്ടത്തിൽ ജിൻസൺ ജോൺസണും ഫൈനലിലെത്തി. ലോങ് ജമ്പിൽ മറ്റൊരു ഇന്ത്യൻ താരമായ ജസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്.
ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനലിലെത്തിയത്. ജസ്വിൻ മൂന്നാം ശ്രമത്തിൽ 7.67 മീറ്റർ ദൂരം ചാടി ഫൈനലിന് യോഗ്യത നേടി. ഷൂട്ടിങ്ങിൽ ഇന്ത്യ മെഡലുറപ്പിച്ചുകഴിഞ്ഞു. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം മത്സരത്തിൽ ഇന്ത്യയുടെ സരബ്ജോത് സിങ്-ദിവ്യ ടി.എസ് സഖ്യം ഫൈനലിലെത്തിയിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്