ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ സ്വർണ നേട്ടവുമായി ഇന്ത്യ കുതിക്കുന്നു. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വർണം നേടി. എട്ട് മിനിറ്റ് 19.50 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം സ്വർണമണിഞ്ഞത്. പിന്നാലെ ഷോട്ട് പുട്ടിൽ തജീന്ദർപാൽ സിങ്ങും സ്വർണം നേടി. 20.36 മീറ്റർ കണ്ടെത്തിയാണ് താരം സ്വർണ മെഡൽ സ്വന്തമാക്കിയത്.

ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം 13 ആയി. നിലവിൽ 13 സ്വർണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 45-ൽ എത്തി.

അതേസമയം വനിതകളുടെ 50 കി.ഗ്രാം വിഭാഗത്തിൽ സെമിയിൽ തായ്‌ലൻഡിന്റെ ചുതാമത് റസ്‌കത്തിനോട് പരാജയപ്പെട്ടതോടെ നിഖാത് സരീന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 43-ാം മെഡലാണിത്. നേരത്തേ ക്വാർട്ടറിൽ ജോർദാന്റെ ഹനാൻ നാസറെ വെറും 53 സെക്കൻഡിൽ ഇടിച്ചിട്ട് സെമിയിലെത്തിയതോടെ താരം പാരിസ് ഒളിമ്പിക്സിനുള്ള യോഗ്യതയും ഉറപ്പാക്കിയിരുന്നു.

എട്ടാം ദിനമായ ഞായറാഴ്ച ഷൂട്ടിങ്ങിലാണ് ഇന്ത്യ തിളങ്ങിയത്. പുരുഷന്മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയ കിയാനൻ ഡാറിയസ് ചെനായ് വെങ്കലം നേടി. എട്ടാം ദിനം ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാം മെഡലായിരുന്നു ഇത്. നേരത്തേ പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. സൊരാവർ സിങ്, പൃഥ്വിരാജ് ടൊൺഡയ്മാൻ എന്നിവർക്കൊപ്പം സ്വർണം നേടിയ കിയാനൻ ഡാറിയസ് ചെനായ് തന്നെയാണ് ഇപ്പോൾ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയത്.

കഴിഞ്ഞ ദിവസം വനിതകളുടെ ഷോട്ട് പുട്ടിൽ കിരൺ ബലിയൻ ഇന്ത്യയ്ക്കായി വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. 17.36 മീറ്റർ എറിഞ്ഞാണ് 24-കാരിയായ കിരൺ വെങ്കലം സ്വന്തമാക്കിയിരിക്കുന്നത്. ഈ ഇനത്തിൽ 72 വർഷത്തിനു ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്.

അതേസമയം വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യൻ ടീം വെള്ളി നേടി. മനീഷ കീർ, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. നേരത്തേ വനിതകളുടെ ഗോൾഫിൽ അതിഥി അശോക് വെള്ളി നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് ഗോൾഫ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അതിഥി സ്വന്തമാക്കി.