ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു. അമ്പെയ്ത്തിൽ സ്വർണമടക്കം മൂന്ന് മെഡലുകൾ ഇന്ത്യ ഉറപ്പിച്ചു. സ്‌ക്വാഷിലും വനിതകളുടെ ഹോക്കിയിലുമടക്കം കുതിപ്പ് തുടരുകയാണ്.

സ്‌ക്വാഷിൽ നിന്ന് ഇന്ത്യ രണ്ട് മെഡൽ ഉറപ്പിച്ചിട്ടുണ്ട്. പുരുഷ സിംഗിൾസിലും മിക്‌സഡ് ഡബിൾസിലും ഇന്ത്യ സെമിയിലെത്തി. മിക്‌സഡ് ഡബിൾസിൽ സ്‌ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ-ഹരിന്ദർ പാൽ സിങ് സഖ്യവും പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലും സെമിയിലെത്തി.
നേരത്തേ ബോക്സിങ്ങിൽ ലവ്ലിന ബോർഗോഹെയ്ൻ മെഡൽ ഉറപ്പാക്കിയിരുന്നു. തായ്ലൻഡിന്റെ ബൈസൺ മനീകോണിനെ കീഴടക്കി വനിതകളുടെ 75 കി.ഗ്രാം വിഭാഗത്തിൽ ലവ്ലിന ഫൈനലിലെത്തി. ഇതോടൊപ്പം പാരിസ് ഒളിമ്പിക്സിനും താരം യോഗ്യത നേടി.

വനിതകളുടെ 54 കി.ഗ്രാം വിഭാഗത്തിൽ പ്രീതി പവാർ വെങ്കലം നേടി. സെമിയിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ചാങ് യുവാനോട് പരാജയപ്പെട്ടതോടെ പ്രീതിയുടെ നേട്ടം വെങ്കലത്തിലൊതുങ്ങുകയായിരുന്നു. അതേസമയം 10-ാം ദിനമായ ചൊവ്വാഴ്ച പുരുഷന്മാരുടെ കനോയിങ് 1000 മീറ്റർ ഡബിൾസിലാണ് ഇന്ത്യ ആദ്യ മെഡൽ സ്വന്തമാക്കിയത്. അർജുൻ സിങ് - സുനിൽ സിങ് സലാം സഖ്യം വെങ്കലം നേടി. 3.53.329 മിനിറ്റിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ഫിനിഷ്.

അമ്പെയ്ത്തിൽ ഇന്ത്യ മൂന്ന് മെഡലുകൾ ഉറപ്പിച്ചു. പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ ഓജസ് പ്രവീണും അഭിഷേക് വർമയും ഫൈനലിലെത്തി. ഇതോടെ ഇന്ത്യ ഒരു സ്വർണവും ഒരു വെള്ളിയും ഉറപ്പിച്ചു. വനിതകളിൽ ജ്യോതി സുരേഖ വെന്നവും ഫൈനലിലെത്തിയിട്ടുണ്ട്. സെമിയിൽ ഇന്ത്യൻ താരം അതിഥി സ്വാമിയെ പരാജയപ്പെടുത്തിയാണ് ജ്യോതിയുടെ ഫൈനൽ പ്രവേശനം. അതിഥി ഇനി വെങ്കലത്തിനായി മത്സരിക്കും.

ബാഡ്മിന്റൺ സിംഗിൾസിൽ മലയാളി താരം എച്ച്.എസ് പ്രണോയിയും പി.വി സിന്ധുവും പ്രീക്വാർട്ടറിൽ കടന്നു. മംഗോളിയയുടെ ബാറ്റ്ദാവ മുൻകബാത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-9, 21-12) കീഴടക്കിയാണ് പ്രണോയ് പ്രീക്വാർട്ടറരിൽ കടന്നത്. സിന്ധു തായ്വാൻ താരം വി ചി ഹൂവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-10, 21-15) തകർത്താണ് സിന്ധുവും പ്രീക്വാർട്ടറിലെത്തിയത്. നിലവിൽ 13 സ്വർണവും 24 വെള്ളിയും 25 വെങ്കലുമായി 62 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. വനിതകളുടെ ഹോക്കിയിൽ പൂൾ എ മത്സരത്തിൽ ഹോങ് കോങ്ങിനെ എതിരില്ലാത്ത 13 ഗോളുകൾക്ക് തകർത്ത് ഇന്ത്യ സെമിയിൽ കടന്നു.