- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണക്കുതിപ്പ്; വനിതകളുടെ 5000 മീറ്ററിൽ പൊന്നണിഞ്ഞ് പാറുൾ ചൗധരി; പുരുഷന്മാരുടെ 800 മീറ്ററിൽ മുഹമ്മദ് അഫ്സലിന് വെള്ളി; ബോക്സിങ്ങിൽ പ്രീതി പവാറിനും വെങ്കലനേട്ടം
ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിന്റെ പത്താംദിനത്തിലും ഇന്ത്യയുടെ സ്വർണക്കുതിപ്പ്. 14-ാം സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ 5000 മീറ്ററിൽ ഇന്ത്യയുടെ പാറുൾ ചൗധരി സ്വർണം നേടി. അത്ഭുതക്കുതിപ്പ് നടത്തിയാണ് താരം ഒന്നാമതെത്തിയത്. അത്‌ലറ്റിക്‌സിൽ ഇന്ത്യ സ്വർണമണിഞ്ഞതിന് പിന്നാലെ വെള്ളിയും നേടി. പുരുഷന്മാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്‌സൽ വെള്ളി മെഡൽ നേടി. 1:48.43 മിനിറ്റിലാണ് താരം രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ 25-ാം വെള്ളിയാണിത്.
ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി പരുൾ ചൗധരി വനിതകളുടെ 5000 മീറ്റർ ഫൈനലിൽ അവിശ്വസനീയമായ പ്രകടനമാണ് പുറത്തെടുത്തത്. സ്റ്റീപ്പിൾ ചേസിൽ വെള്ളി മെഡൽ നേടിയതിന് പിന്നാലെ മത്സരത്തിനിറങ്ങിയ പാറുൾ ചൗധരി മന്ദഗതിയിലാണ് തുടങ്ങിയത്. 10-ലാപ്പ് ഓട്ടത്തിന്റെ ഭൂരിഭാഗം ഭാഗത്തിനും അവൾ നാലാം സ്ഥാനത്താണ് ഓടിയത്. അത്ലറ്റുകളുടെ ഗ്രൂപ്പിന് മുന്നിൽ വേഗത്തിലാക്കുകയും തുടക്കം മുതൽ ആദ്യം ഓടിയ ജപ്പാന്റെ റിരിക ഹീറോണകയുടെ വേഗത്തിനൊപ്പമെത്തുകയും ചെയ്തു.
ഓട്ടത്തിന്റെ അവസാന 50 മീറ്റർ വരെ റിരികയെ പിന്നിലാക്കിയാണ് പരുൾ ആഫ്റ്റർ ബേണറുകളിൽ ഇടം നേടിയത്. ഓട്ടത്തിന്റെ അവസാന പാദത്തിൽ സ്റ്റാമിന നഷ്ടപ്പെട്ട റിരിക പിന്നാക്കം പോകുകയായിരുന്നു. 1995 ഏപ്രിൽ 15 ന് ജനിച്ച ചൗധരി വ്യക്തിഗതവും ദേശീയ റെക്കോർഡുകൾ തുടർച്ചയായി ഭേദിച്ചാണ് മുന്നേറ്റം.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു. 55.68 സെക്കൻഡിലാണ് വിദ്യ 400 മീറ്റർ പിന്നിട്ടത്. കഴിഞ്ഞ ദിവസം ഹീറ്റ്‌സിൽ, ഒളിംപ്യൻ പി.ടി.ഉഷയുടെ 55.42 സെക്കൻഡ് എന്ന നേട്ടത്തിനൊപ്പമെത്താൻ വിദ്യയ്ക്ക് കഴിഞ്ഞിരുന്നു. 400 മീറ്റർ ഹർഡിൽസിൽ പുരുഷന്മാരുടെ വിഭാഗത്തിൽ ഇന്ത്യയുടെ യശസ് പാലാക്ഷ 5ാമതും സന്തോഷ് കുമത് 6ാമതും ഫിനിഷ് ചെയ്തു.
വനിതകളുടെ 54 കിലോ വിഭാഗം ബോക്‌സിങ്ങിൽ പ്രീതി പവാർ വെങ്കലമെഡൽ സ്വന്തമാക്കി. സെമിയിൽ ചൈനീസ് താരത്തോട് പരാജയപ്പെട്ടതോടെ പ്രീതിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുഴച്ചിലിൽ പുരുഷന്മാരുടെ 1000 മീറ്റർ ഡബിൾസിൽ അർജുൻ സിങ് സുനിൽ സിങ് സഖ്യം വെങ്കലം നേടി.
സ്‌ക്വാഷിൽ നിന്ന് ഇന്ത്യരണ്ട് മെഡൽ ഉറപ്പിച്ചിട്ടുണ്ട്. പുരുഷ സിംഗിൾസിലും മിക്‌സഡ് ഡബിൾസിലും ഇന്ത്യ സെമിയിലെത്തി. മിക്‌സഡ് ഡബിൾസിൽ സ്‌ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ-ഹരിന്ദർ പാൽ സിങ് സഖ്യവും പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലും സെമിയിലെത്തി.
നേരത്തേ ബോക്സിങ്ങിൽ ലവ്ലിന ബോർഗോഹെയ്ൻ മെഡൽ ഉറപ്പാക്കിയിരുന്നു. തായ്ലൻഡിന്റെ ബൈസൺ മനീകോണിനെ കീഴടക്കി വനിതകളുടെ 75 കി.ഗ്രാം വിഭാഗത്തിൽ ലവ്ലിന ഫൈനലിലെത്തി. ഇതോടൊപ്പം പാരിസ് ഒളിമ്പിക്സിനും താരം യോഗ്യത നേടി.
വനിതകളുടെ 54 കി.ഗ്രാം വിഭാഗത്തിൽ പ്രീതി പവാർ വെങ്കലം നേടി. സെമിയിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ചാങ് യുവാനോട് പരാജയപ്പെട്ടതോടെ പ്രീതിയുടെ നേട്ടം വെങ്കലത്തിലൊതുങ്ങുകയായിരുന്നു.
അതേസമയം 10-ാം ദിനമായ ചൊവ്വാഴ്ച പുരുഷന്മാരുടെ കനോയിങ് 1000 മീറ്റർ ഡബിൾസിലാണ് ഇന്ത്യ ആദ്യ മെഡൽ സ്വന്തമാക്കിയത്. അർജുൻ സിങ് - സുനിൽ സിങ് സലാം സഖ്യം വെങ്കലം നേടി. 3.53.329 മിനിറ്റിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ഫിനിഷ്.
അമ്പെയ്ത്തിൽ ഇന്ത്യ മൂന്ന് മെഡലുകൾ ഉറപ്പിച്ചു. പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ ഓജസ് പ്രവീണും അഭിഷേക് വർമയും ഫൈനലിലെത്തി. ഇതോടെ ഇന്ത്യ ഒരു സ്വർണവും ഒരു വെള്ളിയും ഉറപ്പിച്ചു. വനിതകളിൽ ജ്യോതി സുരേഖ വെന്നവും ഫൈനലിലെത്തിയിട്ടുണ്ട്. സെമിയിൽ ഇന്ത്യൻ താരം അതിഥി സ്വാമിയെ പരാജയപ്പെടുത്തിയാണ് ജ്യോതിയുടെ ഫൈനൽ പ്രവേശനം. അതിഥി ഇനി വെങ്കലത്തിനായി മത്സരിക്കും.
ബാഡ്മിന്റൺ സിംഗിൾസിൽ മലയാളി താരം എച്ച്.എസ് പ്രണോയിയും പി.വി സിന്ധുവും പ്രീക്വാർട്ടറിൽ കടന്നു. മംഗോളിയയുടെ ബാറ്റ്ദാവ മുൻകബാത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-9, 21-12) കീഴടക്കിയാണ് പ്രണോയ് പ്രീക്വാർട്ടറരിൽ കടന്നത്. സിന്ധു തായ്വാൻ താരം വി ചി ഹൂവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-10, 21-15) തകർത്താണ് സിന്ധുവും പ്രീക്വാർട്ടറിലെത്തിയത്.
നിലവിൽ 14 സ്വർണവും 24 വെള്ളിയും 26 വെങ്കലുമായി 64 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. വനിതകളുടെ ഹോക്കിയിൽ പൂൾ എ മത്സരത്തിൽ ഹോങ് കോങ്ങിനെ എതിരില്ലാത്ത 13 ഗോളുകൾക്ക് തകർത്ത് ഇന്ത്യ സെമിയിൽ കടന്നു.
വിവിധയിനങ്ങളിൽ ജയത്തോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പിച്ചു. ബോക്‌സിങിൽ തായ്‌ലൻഡ് താരത്തെ തോൽപിച്ച ലവ്ലിന ബോർഗോഹെയ്ൻ ഫൈനലിലെത്തി. നാളെയാണ് ഫൈനൽ പോരാട്ടം. ഇതോടെ നിഖാത് സരീൻ (50 കിലോ), പ്രീതി പവാർ (54 കിലോ), പർവീൺ ഹൂഡ (57 കിലോ) എന്നിവർക്കൊപ്പം ലവ്ലിന ബോർഗോഹെയ്‌നും (75 കിലോ) പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടി.
കബഡിയിൽ ഇന്ത്യയുടെ പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനെതിരെ ആധികാരിക ജയം നേടിയാണ് പത്താംദിനം ആരംഭിച്ചത്. ഏഴുതവണ കബഡി ചാംപ്യന്മാരായ ഇന്ത്യ 55-18 എന്ന സ്‌കോറിനാണ് ബംഗ്ലാദേശിനെ തകർത്തത്. നവീൻ കുമാർ ഗോയത്, അർജുൻ ദേശായി എന്നിവരുടെ പ്രകടനം ഇന്ത്യയുടെ ജയത്തിൽ നിർണായകമായി. 2018ലെ വെങ്കലമെഡൽ ജേതാക്കളാണ് ഇന്ത്യ. അതേസമയം, കഴിഞ്ഞ തവണത്തെ വെള്ളിമെഡൽ ജേതാക്കളായ ഇന്ത്യൻ വനിതാ കബഡി ടീം ചൈനീസ് തായ്‌പേയോട് സമനില വഴങ്ങി.
ബാഡ്മിന്റനിൽ എച്ച്.എസ്. പ്രണോയിയും പി.വി സിന്ധുവും പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. കുമാരി ചന്ദ, ഹർമിലാൻ ബെയിൻസ് എന്നിവർ വനിതകളുടെ 800 മീറ്റർ ഫൈനലിൽ കടന്നു. പുരുഷന്മാരുടെ 4ഃ400 മീറ്റർ റിലേയിലും ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. അമ്പെയ്ത്തിൽ പുരുഷവിഭാഗത്തിൽ ഓജസ് പ്രവീൺ, അഭിഷേക് വർമ എന്നിവരും വനിതാവിഭാഗത്തിൽ ജ്യോതി സുരേഖയും ഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഈ ഇനത്തിൽ മൂന്നു മെഡലുകൾ ഉറപ്പായി. ക്രിക്കറ്റിൽ നേപ്പാളിനെ തോൽപിച്ച് ഇന്ത്യ സെമിയിൽ കടന്നു.
സ്പോർട്സ് ഡെസ്ക്