ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ വനിതാ താരങ്ങളുടെ പോരാട്ടമികവിൽ വീണ്ടും പൊന്നണിഞ്ഞ് ഇന്ത്യ. വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിയാണ് ഇന്ത്യയ്ക്ക് പതിനഞ്ചാം സ്വർണം സമ്മാനിച്ചത്. 62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു സ്വർണം നേടിയത്. ഇന്ന് ഇന്ത്യ നേടുന്ന രണ്ടാം സ്വർണം കൂടിയാണിത്. നേരത്തെ 5000 മീറ്ററിൽ പാരുൾ ചൗധരി സ്വർണം നേടിയിരുന്നു. ആദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി ഒരു വനിതാതാരം 5000 മീറ്ററിൽ സ്വർണം നേടുന്നത്. ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയുടെ രണ്ട് സ്വർണ നേട്ടങ്ങളും വനിതാ താരങ്ങളുടെ സംഭവനയായി മാറിയതും അഭിമാനനേട്ടമായി.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം വനിതാ ജാവലിൻ ത്രോയിൽ സ്വർണം നേടുന്നത്. ഇതിനുമുൻപ് 1958-ൽ എലിസബത്ത് ദാവെൻപോർട്ട് നേടിയ വെള്ളി മെഡലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ഫൈനലിൽ 62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു സ്വർണം കഴുത്തിലണിഞ്ഞത്. 31 കാരിയായ അന്നു ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നത്. 2014-ൽ താരം വെങ്കലം നേടിയിരുന്നു. ഈയിടെ അവസാനിച്ച കോമൺ വെൽത്ത് ഗെയിംസിൽ അന്നു വെങ്കലം നേടിയിരുന്നു.

കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഏഷ്യൻ ഗെയിംസിൽ പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും താരം മികവ് പുലർത്തി. നാലാം ശ്രമത്തിലാണ് അന്നു 62.92 മീറ്റർ ദൂരം കണ്ടെത്തിയത്. അതുവരെ ശ്രീലങ്കയുടെ ഹതരബാഗാണ് ലീഡ് ചെയ്തത്. അന്നുവിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം 63.24 മീറ്ററാണ്.

നേരത്തെ മികവുറ്റ പ്രകടനത്തിലൂടെ പാരുൾ ചൗധരി രാജ്യത്തിന്റെ അഭിമാനമായി മാറിയിരുന്നു. 5000 മീറ്ററിൽ 15 മിനിറ്റ് 14 സെക്കൻഡിലാണ് പാരുൾ ഓട്ടം പൂർത്തിയാക്കിയത്. സ്റ്റീപ്പിൾ ചേസിൽ വെള്ളി നേടിയ പാരുളിന്റെ രണ്ടാം മെഡലാണിത്. വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണി സ്വർണമെഡൽ നേടി. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം 15 ആയി ഉയർന്നു.

നേരത്തെ പുരുഷന്മാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്‌സൽ വെള്ളി മെഡൽ നേടി. 1:48.43 മിനിറ്റിലാണ് താരം രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ 25-ാം വെള്ളിയാണിത്. പുരുഷന്മാരുടെ ഡെക്കാത്തലണിൽ ഇന്ത്യയുടെ തേജസ്വിൻ ശങ്കർ വെള്ളി നേടി. ആകെ 7666 പോയന്റ് നേടിയാണ് താരം വെള്ളി മെഡൽ നേടിയത്.

ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേൽ വെങ്കലം സ്വന്തമാക്കി. 16.68 മീറ്ററാണ് പ്രവീൺ ചാടിക്കടന്നത്. മലയാളി താരം അബ്ദുള്ള അബൂബക്കർ നാലാം സ്ഥാനത്തായി. 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജ് വെങ്കലമെഡൽ സ്വന്തമാക്കി. 55.68 സെക്കൻഡിലാണ് വിദ്യ 400 മീറ്റർ പിന്നിട്ടത്. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ഹീറ്റ്‌സിൽ, ഒളിംപ്യൻ പി.ടി.ഉഷയുടെ 55.42 സെക്കൻഡ് എന്ന നേട്ടത്തിനൊപ്പമെത്താൻ വിദ്യയ്ക്ക് കഴിഞ്ഞിരുന്നു.

വനിതകളുടെ 54 കിലോ വിഭാഗം ബോക്‌സിങ്ങിൽ പ്രീതി പവാർ വെങ്കലമെഡൽ സ്വന്തമാക്കി. സെമിയിൽ ചൈനീസ് താരത്തോട് പരാജയപ്പെട്ടതോടെ പ്രീതിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുഴച്ചിലിൽ പുരുഷന്മാരുടെ 1000 മീറ്റർ ഡബിൾസിൽ അർജുൻ സിങ് സുനിൽ സിങ് സഖ്യം വെങ്കലം നേടി. വിവിധയിനങ്ങളിൽ ജയത്തോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പിച്ചു. ബോക്‌സിങിൽ തായ്‌ലൻഡ് താരത്തെ തോൽപിച്ച ലവ്ലിന ബോർഗോഹെയ്ൻ ഫൈനലിലെത്തി. നാളെയാണ് ഫൈനൽ പോരാട്ടം. ഇതോടൊപ്പം പാരിസ് ഒളിമ്പിക്സിനും താരം യോഗ്യത നേടി. 400 മീറ്റർ ഹർഡിൽസിൽ പുരുഷന്മാരുടെ വിഭാഗത്തിൽ ഇന്ത്യയുടെ യശസ് പാലാക്ഷ അഞ്ചാമതും സന്തോഷ് കുമത് ആറാമതും ഫിനിഷ് ചെയ്തു.

കബഡിയിൽ ഇന്ത്യയുടെ പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനെതിരെ ആധികാരിക ജയം നേടിയാണ് പത്താംദിനം ആരംഭിച്ചത്. ഏഴുതവണ കബഡി ചാംപ്യന്മാരായ ഇന്ത്യ 55-18 എന്ന സ്‌കോറിനാണ് ബംഗ്ലാദേശിനെ തകർത്തത്. നവീൻ കുമാർ ഗോയത്, അർജുൻ ദേശായി എന്നിവരുടെ പ്രകടനം ഇന്ത്യയുടെ ജയത്തിൽ നിർണായകമായി. 2018ലെ വെങ്കലമെഡൽ ജേതാക്കളാണ് ഇന്ത്യ. അതേസമയം, കഴിഞ്ഞ തവണത്തെ വെള്ളിമെഡൽ ജേതാക്കളായ ഇന്ത്യൻ വനിതാ കബഡി ടീം ചൈനീസ് തായ്‌പേയോട് സമനില വഴങ്ങി.

ബാഡ്മിന്റനിൽ എച്ച്.എസ്. പ്രണോയിയും പി.വി സിന്ധുവും പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. കുമാരി ചന്ദ, ഹർമിലാൻ ബെയിൻസ് എന്നിവർ വനിതകളുടെ 800 മീറ്റർ ഫൈനലിൽ കടന്നു. പുരുഷന്മാരുടെ 4ഃ400 മീറ്റർ റിലേയിലും ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. അമ്പെയ്ത്തിൽ പുരുഷവിഭാഗത്തിൽ ഓജസ് പ്രവീൺ, അഭിഷേക് വർമ എന്നിവരും വനിതാവിഭാഗത്തിൽ ജ്യോതി സുരേഖയും ഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഈ ഇനത്തിൽ മൂന്നു മെഡലുകൾ ഉറപ്പായി. ക്രിക്കറ്റിൽ നേപ്പാളിനെ തോൽപിച്ച് ഇന്ത്യ സെമിയിൽ കടന്നു.

സ്‌ക്വാഷിൽ നിന്ന് ഇന്ത്യരണ്ട് മെഡൽ ഉറപ്പിച്ചിട്ടുണ്ട്. പുരുഷ സിംഗിൾസിലും മിക്‌സഡ് ഡബിൾസിലും ഇന്ത്യ സെമിയിലെത്തി. മിക്‌സഡ് ഡബിൾസിൽ സ്‌ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ-ഹരിന്ദർ പാൽ സിങ് സഖ്യവും പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലും സെമിയിലെത്തി.

ഗെയിംസിലെ 10-ാം ദിനമായ ചൊവ്വാഴ്ച പുരുഷന്മാരുടെ കനോയിങ് 1000 മീറ്റർ ഡബിൾസിലാണ് ഇന്ത്യ ആദ്യ മെഡൽ സ്വന്തമാക്കിയത്. അർജുൻ സിങ് - സുനിൽ സിങ് സലാം സഖ്യം വെങ്കലം നേടി. 3.53.329 മിനിറ്റിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ഫിനിഷ്.

അമ്പെയ്ത്തിൽ ഇന്ത്യ മൂന്ന് മെഡലുകൾ ഉറപ്പിച്ചു. പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ ഓജസ് പ്രവീണും അഭിഷേക് വർമയും ഫൈനലിലെത്തി. ഇതോടെ ഇന്ത്യ ഒരു സ്വർണവും ഒരു വെള്ളിയും ഉറപ്പിച്ചു. വനിതകളിൽ ജ്യോതി സുരേഖ വെന്നവും ഫൈനലിലെത്തിയിട്ടുണ്ട്. സെമിയിൽ ഇന്ത്യൻ താരം അതിഥി സ്വാമിയെ പരാജയപ്പെടുത്തിയാണ് ജ്യോതിയുടെ ഫൈനൽ പ്രവേശനം. അതിഥി ഇനി വെങ്കലത്തിനായി മത്സരിക്കും.

ബാഡ്മിന്റൺ സിംഗിൾസിൽ മലയാളി താരം എച്ച്.എസ് പ്രണോയിയും പി.വി സിന്ധുവും പ്രീക്വാർട്ടറിൽ കടന്നു. മംഗോളിയയുടെ ബാറ്റ്ദാവ മുൻകബാത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (21 - 9, 21- 12) കീഴടക്കിയാണ് പ്രണോയ് പ്രീക്വാർട്ടറരിൽ കടന്നത്. സിന്ധു തായ്വാൻ താരം വി ചി ഹൂവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (21- 10, 21- 15) തകർത്താണ് സിന്ധുവും പ്രീക്വാർട്ടറിലെത്തിയത്.

നിലവിൽ 15 സ്വർണവും 26 വെള്ളിയും 27 വെങ്കലുമായി 68 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. വനിതകളുടെ ഹോക്കിയിൽ പൂൾ എ മത്സരത്തിൽ ഹോങ് കോങ്ങിനെ എതിരില്ലാത്ത 13 ഗോളുകൾക്ക് തകർത്ത് ഇന്ത്യ സെമിയിൽ കടന്നു.