ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ഇന്ത്യക്കായി നീരജ് ചോപ്ര സ്വർണവും കിഷോർ കുമാർ ജെന വെള്ളിയും സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറിയെങ്കിലും മത്സരത്തിനിടയിൽ ചൈനീസ് ഒഫീഷ്യൽസ് അനാവശ്യ ഇടപെടൽ നടത്തിയെന്ന ആരോപണം വിവാദത്തിൽ. ഫൈനലിൽ കിഷോർ കുമാർ ജെനയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് തന്റെ നാലാം ശ്രമത്തിൽ 88.88 മീറ്റർ ദൂരം താണ്ടിയാണ് നീരജ് സ്വർണമണിഞ്ഞത്. തന്റെ നാലാം ത്രോയിൽ 87.54 മീറ്റർ ദൂരം താണ്ടിയ കിഷോർ കുമാർ വെള്ളി സ്വന്തമാക്കിയിരുന്നു. 82.68 മീറ്റർ ദൂരം താണ്ടിയ ജപ്പാന്റെ ജെൻകി ഡീനിനാണ് വെങ്കലം.

ജാവലിൻ ഫൈനലിൽ ഒളിമ്പിക് ചാമ്പ്യനായ നീരജ് ചോപ്രയുടെ ആദ്യ ത്രോ അളക്കാതെ സാങ്കേതിക തകരാറിന്റെ പേരിൽ റി ത്രോ എറിയേണ്ടിവന്നതാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ചൈനീസ് ഒഫീഷ്യൽസ് അനാവശ്യ ഇടപെടലിലൂടെ 'ചതിക്കാൻ ശ്രമിക്കുന്നു' എന്ന ആരോപണമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 'ഇന്ത്യൻ താരങ്ങളെ ബോധപൂർവ്വം ലക്ഷ്യമിടുന്നു' എന്ന് ആരോപിച്ച് ഇതിഹാസതാരവും അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) സീനിയർ വൈസ് പ്രസിഡന്റുമായ അഞ്ജു ബോബി ജോർജ്ജ് രംഗത്തെത്തി.

ആദ്യ ത്രോയിൽ ചോപ്ര സുഖകരമായി 85 മീറ്റർ മാർക്ക് പൂർത്തിയാക്കിയെങ്കിലും ആ ശ്രമം ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയില്ല, അതിനുള്ള കാരണമൊന്നും നീരജ് ചോപ്രയോട് വിശദീകരിച്ചില്ല. 'എന്തുകൊണ്ടാണ് അവർ എന്റെ ആദ്യ ത്രോ അളക്കാത്തതെന്ന് എനിക്കറിയില്ല. എനിക്ക് തൊട്ടുപിന്നാലെ, രണ്ടാമത്തെയും മൂന്നാമത്തെയും മത്സരാർത്ഥികൾക്ക് അവരുടെ ത്രോകൾ ഉണ്ടായിരുന്നു, അവരുടെ ദൂരം അളന്നു. എന്റെ ആദ്യ ത്രോയ്ക്ക് എന്ത് സംഭവിച്ചു എന്ന് ഞാൻ ചോദിച്ചുകൊണ്ടിരുന്നു,' എനിക്ക് ആശയക്കുഴപ്പവും ആശയക്കുഴപ്പവും ഉണ്ടായിരുന്നു, ഇതുവരെ ഞാൻ മത്സരിച്ച ഒരു മത്സരത്തിലും ഇത് സംഭവിച്ചിട്ടില്ലെന്നും വിജയിച്ചതിന് ശേഷം ചോപ്ര മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

'എനിക്ക് വേറെ മാർഗമില്ലായിരുന്നു, കൂടുതൽ നേരം തർക്കിച്ചിട്ട് കാര്യമില്ലെന്ന് ഞാൻ കരുതി. ഇത് മറ്റ് മത്സരാർത്ഥികളുടെ മത്സരത്തെ ബാധിക്കുമെന്ന് ഞാൻ കരുതി. മറ്റ് മത്സരാർത്ഥികൾ കാത്തിരിക്കുന്നു, അവരെയും ബഹുമാനിക്കേണ്ടതുണ്ട്. കാറ്റ് വീശുന്നു, എല്ലാവരും കൂടി. തണുപ്പ് അനുഭവപ്പെടുന്നു, അതിനാൽ, ഞാൻ ത്രോ പിന്നീട് എടുക്കാമെന്ന് കരുതി. നിയമം ആറ് എറിയുകയേ ഉള്ളൂ, പക്ഷേ ആദ്യമായി എനിക്ക് ഒരു മത്സരത്തിൽ ഏഴ് ത്രോകൾ ലഭിച്ചു,' നീരജ് ചോപ്ര മത്സര ശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു.

വെള്ളി നേടിയ കിഷോർ ജെനയുടെ രണ്ടാം ത്രോയും അതിർത്തി കടന്നതിന് അസാധുവാക്കിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഏഷ്യൻ ഗെയിംസിന്റെ ചൈനയിൽ നിന്നുള്ള ഒഫീഷ്യൽസ് ബോധപൂർവം ഇന്ത്യക്കാരെ ലക്ഷ്യമിടുന്നതായാണെന്ന ആരോപണവുമായി അഞ്ജു ബോബി ജോർജ് പിന്നാലെ രംഗത്ത് വരികയായിരുന്നു.

'അവർ ഞങ്ങളെ കബളിപ്പിക്കാനും ഞങ്ങളുടെ കായികതാരങ്ങളെ അലോസരപ്പെടുത്താനും ശ്രമിക്കുന്നു. നീരജിന്റെ ആദ്യ ത്രോ വളരെ മികച്ച ത്രോ ആയിരുന്നു, എന്നിട്ടും രേഖപ്പെടുത്തിയില്ല. ഞങ്ങൾ അവിടെ തന്നെ പ്രതിഷേധിക്കാൻ നീരജിനെ അറിയിച്ചു. ഒരു അടി പിന്നിലായപ്പോൾ ജെനയുടെ ത്രോയും ഫൗൾ വിളിച്ചു', അഞ്ജു പറഞ്ഞു.

2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും നീരജ് സ്വർണം നേടിയിരുന്നു. ഫൈനലിൽ നീരജിന്റെ ആദ്യ ത്രോ മികച്ചതായിരുന്നെങ്കിലും രേഖപ്പെടുത്താതെ വന്നതോടെ റി ത്രോ എറിയേണ്ടിവന്നു. രണ്ടാം വട്ടവും എറിഞ്ഞ ആദ്യ ത്രോയിൽ നീരജ് 82.38 മീറ്റർ ദൂരം താണ്ടി മികച്ച തുടക്കമിട്ടു. തന്റെ ആദ്യ ത്രോയിൽ 81.26 മീറ്റർ ദൂരവുമായി കിഷോർ കുമാർ ജെന ആദ്യ റൗണ്ടിൽ തന്നെ നീരജിന് വെല്ലുവിളി ഉയർത്തി.

തന്റെ രണ്ടാം ശ്രമത്തിൽ നീരജ് 84.49 മീറ്റർ പിന്നിട്ട് കിഷോർ കുമാറിന് മേൽ ലീഡുയർത്തി. കിഷോർ കുമാർ രണ്ടാം ശ്രമത്തിൽ 79.76 ദൂരം പിന്നിട്ടെങ്കിലും ഒഫീഷ്യൽസ് ഫൗൾ വിളിച്ചു. എന്നാൽ ഇന്ത്യയുടെ പ്രതിഷേധത്തെത്തുടർന്ന് ത്രോ അനുവദിച്ചു. മൂന്നാം ശ്രമത്തിൽ മികച്ച ദൂരം താണ്ടാനാവില്ലെന്ന് ഉറപ്പായപ്പോൾ നീരജ് ത്രോ ബോധപൂർവം ഫൗളാക്കി. എന്നാൽ തന്റെ മൂന്നാം ശ്രമത്തിൽ 86.77 ദൂരമെറിഞ്ഞ് കിഷോർ കുമാർ നീരജിന് മേൽ ലീഡെടുത്ത് അമ്പരപ്പിച്ചു.

എന്നാൽ നാലാം ശ്രമത്തിൽ തന്റെ ഏറ്റവും മികച്ച ത്രോയിലൂടെ 88.88 മീറ്റർ ദൂരം പിന്നിട്ട് നീരജ് വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. തന്റെ നാലാം ശ്രമത്തിൽ 87.54 മീറ്റർ ദൂരം താണ്ടിയ കിഷോർ കുമാർ നീരജിന് തൊട്ടടുത്തെത്തി ഇഞ്ചോടിഞ്ച് പോരാട്ടം സമ്മാനിച്ചു. തന്റെ അഞ്ചാം ശ്രമത്തിൽ നീരജിന് 80.80 മീറ്ററെ പിന്നിടാനായുള്ളു. കിഷോർ കുമാറിന്റെ അഞ്ചും ആറും ത്രോകളും നീരജിന്റെ അവസാന ത്രോയും ഫൗളായതോടെ ജാവലിൻ സ്വർണവും വെള്ളിയും ഇന്ത്യയുടെ പേരിലായി.