- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് അവന്റെ വിജയങ്ങൾക്ക് പിന്നിൽ; ഏജ് ഗ്രൂപ്പ് ടൂർണമെന്റുകൾ ഒരുമിച്ച് ജയിച്ചാണ് ഞങ്ങൾ വളർന്നത്; അവനോട് ചോദിച്ചാൽ ഉത്തരം ലഭിക്കും'; തന്റെ നേട്ടങ്ങൾക്ക് പിന്നിൽ പ്രഗ്നാനന്ദയുടെ പങ്ക് തുറന്നുപറഞ്ഞ് വൈശാലി
ചെന്നൈ: ഇന്ത്യയുടെ മൂന്നാമത് വനിതാ ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തുന്ന താരമായി മാറിയിരിക്കുകയാണ് 22 വയസുകാരി വൈശാലി രമേശ് ബാബു. സ്പെയിനിൽ നടന്ന എല്ലോബ്രെഗട്ട് ഓപ്പണിൽ 2500 പോയിന്റ് മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം റൗണ്ടിൽ തുർക്കിയുടെ ടാമർ താരിക് സെൽബസിനെയാണ് വൈശാലി തോൽപ്പിച്ചത്. തന്റെ നേട്ടങ്ങൾക്ക് പിന്നിൽ ഗ്രാൻഡ് മാസ്റ്ററായ സഹോദരൻ പ്രഗ്നാനന്ദയുടെ പങ്ക് തുറന്നു പറയുകയാണ് വൈശാലി.
സഹോദരൻ ആർ പ്രഗ്നാനന്ദയ്ക്ക് പിന്നാലെയാണ് വൈശാലിയും ചരിത്രം കുറിച്ചത്. ചരിത്രത്തിലെ ആദ്യ ഗ്രാൻഡ്മാസ്റ്റർ സഹോദരങ്ങളെന്ന അപൂർവ്വ നേട്ടവും ഇതോടെ വൈശാലിക്കും പ്രഗ്നാനന്ദയ്ക്കും സ്വന്തമായി. എന്നാൽ ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്താൻ സഹോദരൻ പ്രഗ്നാനന്ദ സഹായിച്ചത് എങ്ങനെയെന്ന് പറഞ്ഞിരിക്കുകയാണ് വൈശാലി.
അവൻ 2018 ൽ 13-ാം വയസിലാണ് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായി മാറിയത്. എന്റെ അതുവരെയുണ്ടായിരുന്ന റേറ്റിംഗുകളെയെല്ലാം മറികടന്നുള്ള നേട്ടമായിരുന്നു അത്. ഗ്രാൻഡ് മാസ്റ്ററായതോടുകൂടി എല്ലാവരുടെയും ശ്രദ്ധ അവനുമേൽ ആയിരുന്നു. വീട്ടിൽ പോലും ഇത് എനിക്ക് കാണാൻ കഴിയുമായിരുന്നു. ഇതെല്ലാം എന്നെ അസ്വസ്ഥമാക്കിയെന്ന് വേണം പറയാൻ. പക്ഷേ ആ വികാരങ്ങളെ കൈകാര്യം ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ആ വികാരങ്ങളെ അതിജീവിച്ച് അവൻ അസാധാരണ കഴിവുള്ള വ്യക്തിയാണെന്ന് അംഗീകരിക്കാൻ ഞാൻ സമയമെടുത്തു.-വൈശാലി ബിബിസിയോട് പറഞ്ഞു.
കൊറോണയുടെ സമയത്ത് ഞങ്ങൾ ഒരിക്കലും ചെയ്യാത്ത കാര്യങ്ങളെ പറ്റി ഒരുപാട് സംസാരിച്ചു. അവന് എല്ലാത്തിനെയും പറ്റി വ്യക്തമായ കാഴ്ചപ്പാടും ആത്മവിശ്വാസവുമുണ്ട്. എനിക്കുറപ്പില്ലാത്ത കാര്യങ്ങൾ പോലും അവനോട് ചോദിച്ചാൽ ഉത്തരം ലഭിക്കും. ചെസ്സ് കളിക്കുന്ന പല ആളുകൾക്കും ചെസ്സിനെ പറ്റി സംസാരിക്കാനോ മത്സരങ്ങളെ വിശകലനം ചെയ്യാനോ പലപ്പോഴും സ്വന്തം കുടുംബത്തിൽ നിന്ന് ഒരാളെ ലഭിക്കാറില്ല. പക്ഷേ ഞങ്ങളെ സംബന്ധിച്ച് അതുണ്ട്. കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് അവന്റെ വിജയങ്ങൾക്ക് പിന്നിൽ. വൈശാലി കൂട്ടിച്ചേർത്തു.
ഏജ് ഗ്രൂപ്പ് ടൂർണമെന്റുകൾ ഒരുമിച്ച് ജയിച്ചാണ് ഞങ്ങൾ വളർന്നത്. അടുത്തിടെ നടന്ന ഒളിമ്പ്യാഡിലും ഏഷ്യൻ ഗെയിംസിലും ഞങ്ങൾ ഒരുമിച്ച് മെഡലുകൾ നേടിയിട്ടുണ്ട്. അടുത്ത വർഷം നടക്കുന്ന കാൻഡിഡേറ്റ് ടൂർണമെന്റിൽ ഞങ്ങൾ ഒരുമിച്ചാണ് മത്സരിക്കുക. വൈശാലി പറഞ്ഞു.
സ്പോർട്സ് ഡെസ്ക്