മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ പൊരുതിത്തോറ്റ് സാത്വിക്-ചിരാഗ് സഖ്യം
- Share
- Tweet
- Telegram
- LinkedIniiiii
ക്വലാലംപുർ: മലേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ പുരുഷ ഡബ്ൾസ് ഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ സഖ്യത്തോട് പൊരുതിത്തോറ്റ് ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം. ചരിത്രത്തിലാദ്യമായി മലേഷ്യൻ ഓപൺ ഫൈനലിലെത്തിയ ഇന്ത്യൻ സഖ്യം ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് കീഴടങ്ങിയത്.
ഞായറാഴ്ച നടന്ന ഫൈനലിൽ ആദ്യഗെയിം 21-9 എന്ന സ്കോറിൽ ആധികാരികമായി സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യൻ സഖ്യം മത്സരം കൈവിട്ടത്. രണ്ടാം ഗെയിമിൽ തിരിച്ചടിച്ച ചൈനീസ് സഖ്യം 21-18 എന്ന സ്കോറിനാണ് ഗെയിം സ്വന്തമാക്കിയത്. മൂന്നാം ഗെയിമിൽ ഇന്ത്യൻ സഖ്യം ലീഡ് നേടിയെങ്കിലും തിരിച്ചടിച്ച ലിയാങ് വെയ് കെങ് - വാങ് ചാങ് സഖ്യം 21-17 എന്ന സ്കോറിന് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുകയായിരുന്നു. ചൈനീസ് സഖ്യത്തോട് സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം ഇത് നാലാം തവണയാണ് പരാജയപ്പെടുന്നത്.
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ തുടർന്നുള്ള രണ്ടു സെറ്റുകളിൽ പൊരുതിത്തോൽക്കുകയായിരുന്നു. വാശിയേറിയ മൂന്നാം സെറ്റിൽ ഒരുഘട്ടത്തിൽ 10-3 എന്ന സ്കോറിന് മുന്നിലായിരുന്നു സാത്വികും ചിരാഗും. പുതുവർഷം കിരീട നേട്ടത്തോടെ ആരംഭിക്കുമെന്ന് ആരാധകർ ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് ചൈനീസ് സഖ്യം ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്. ഒടുവിൽ 21-12 എന്ന സ്കോറിന് സെറ്റ് സ്വന്തമാക്കി ചൈനീസ് താരങ്ങൾ കിരീടം ഉറപ്പിച്ചു.
സെമിഫൈനലിൽ ദക്ഷിണ കൊറിയയിൽനിന്നുള്ള കാങ് മിൻ ഹ്യൂക്-സ്യോ സ്യൂങ് ജേ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക രണ്ടാം റാങ്കുകാരായ സാത്വികും ചിരാഗും ഫൈനലിലെത്തിയത്. ഓപൺ യുഗത്തിൽ മലേഷ്യൻ ഓപൺ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരങ്ങളാണ് ഇരുവരും. ക്വാർട്ടർ ഫൈനലിൽ ലോക 32ാം റാങ്കുകാരായ ചൈനയുടെ ഹെ ജി ടിങ്-റെൻ സിയാങ് ഹു സഖ്യത്തെ 21-11, 21-8 എന്ന സ്കോറിന് തോൽപിച്ചായിരുന്നു സെമിഫൈനലിലേക്ക് മുന്നേറിയത്.