പാരീസ്: ജൂലായിൽ നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിലെ അത്ലറ്റിക്സ് ഇനങ്ങളിലെ സ്വർണ മെഡൽ ജേതാക്കൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ലോക അത്‌ലറ്റിക്സ് സംഘടന. 50,000 ഡോളർ അഥവാ 41.6 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുക.

ഒളിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായാണ് ജേതാക്കൾക്ക് സമ്മാനത്തുക ലഭിക്കുന്നത്. ഒളിമ്പിക്സിൽ സമ്മാനത്തുക നൽകുന്ന ആദ്യ അന്താരാഷ്ട്ര ഫെഡറേഷമായി മാറാനൊരുങ്ങുകയാണ് ലോക അത്‌ലറ്റിക്സ് സംഘടന.

പാരീസ് ഒളിമ്പിക്സിലെ 48 അത്ലറ്റിക്സ് ഇനങ്ങളിലും സ്വർണം നേടുന്നവർക്ക് ലോക അത്‌ലറ്റിക്സ് സംഘടന ഈ തുക സമ്മാനമായി നൽകും. നാലു വർഷത്തിലൊരിക്കൽ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയിൽ നിന്ന് ലോക അത്‌ലറ്റിക്സ് സംഘടനയ്ക്ക് ലഭിക്കുന്ന തുകയാണ് ഇതിനായി വിനിയോഗിക്കുക.

ഇതോടൊപ്പം 2028 ലോസ് ആഞ്ജലീസ് ഒളിമ്പിക്സിൽ അത്ലറ്റിക്സ് ഇനങ്ങളിൽ വെള്ളിയും വെങ്കലവും നേടുന്നവർക്കും സമ്മാനത്തുക നൽകുമെന്നും ലോക അത്ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പറഞ്ഞു.