ന്യൂഡൽഹി: പാരീസ് ഒളിംപിക്സിനായുള്ള ഒരുക്കങ്ങൾക്കിടെ ഗുസ്തി താരം ബജ്റംഗ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡ താൽകാലികമായി സസ്പെൻഡ് ചെയ്തു. യോഗ്യതാ മത്സരത്തിൽ പങ്കെടുത്ത താരം സാംപിൾ നൽകാൻ വിസമ്മതിച്ചതിനാണ് നടപടി. സാംപിൾ ശേഖരിക്കാൻ നാഡ നൽകുന്നത് കാലാവധി കഴിഞ്ഞ കിറ്റുകളാണെന്ന് പൂനിയ നേരത്തെ ആരോപിച്ചിരുന്നു. ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ബജ്റംഗ് പൂനിയയുടെ പാരീസ് ഒളിംപിക്സ് സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തുന്നതാണ് നാഡയുടെ നടപടി.

മാർച്ചിൽ സോനിപത്തിൽ നടന്ന ട്രയൽസിൽ ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പിൾ നൽകാത്തതിനാണ് ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്റംഗ് പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി താൽക്കാലികമായി സസ്പെൻഡ് ചെയ്തത്. സോനിപത്തിൽ നടന്ന ട്രയൽസിൽ രോഹിത് കുമാറിനെതിരെ തോറ്റപ്പോൾ ബജ്റംഗ് തന്റെ മൂത്രസാമ്പിൾ നൽകാൻ വിസമ്മതിച്ചിരുന്നു.

പുറത്തായതിന് പിന്നാലെ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തിൽ നിന്ന് പുനിയ പുറത്തേക്ക് പോയി. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഉദ്യോഗസ്ഥർ പുനിയയിൽ നിന്ന് ഉത്തേജക പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നൽകിയിരുന്നില്ല. ഐഒഎ അഡ്ഹോക്ക് പാനൽ സംഘടിപ്പിക്കുന്ന ട്രയൽസിന് തയ്യാറെടുക്കാൻ പുനിയ റഷ്യയിൽ പരിശീലനം നേടിയിരുന്നു.

സസ്പെൻഷൻ പിൻവലിക്കാത്ത സമയം വരെ പൂനിയയ്ക്ക് ഒരു ടൂർണമെന്റിലോ ട്രയൽസിലോ പങ്കെടുക്കാനാകില്ലെന്നും, കുറ്റാരോപണം വിചാരണയിൽ തുടരുകയാണെങ്കിൽ ഒളിമ്പിക്സിനുള്ള വരാനിരിക്കുന്ന ട്രയൽസിലും പങ്കെടുക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയേക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. .

ഇന്ത്യയിൽ നടന്ന യോഗ്യതാ മത്സരത്തിൽ തോറ്റെങ്കിലും ടോക്കിയോ ഒളിമ്പിക്സിലെ മെഡൽ ജേതാവായതിനാൽ 65 കിലോഗ്രാം വിഭാഗത്തിലെ വിജയിയെ വെല്ലുവിളിക്കാൻ ബജ്റംഗ് പുനിയയെ മെയ് 31 ലെ ലോക യോഗ്യതാ മത്സരത്തിലേക്ക് ക്ഷണിച്ചേക്കാം.

മാർച്ച് 10 ന് നാഡ ബജ്റംഗിനോട് സാമ്പിൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും സാമ്പിളുകൾ നൽകാൻ ബജ്റംഗ് വിസമ്മതിച്ചു. എന്തുകൊണ്ടാണ് ഒരു കായികതാരം തന്റെ സാമ്പിൾ നൽകാത്തതെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് ലോക ഉത്തേജക വിരുദ്ധ ഏജൻസിയെ (വാഡ) അറിയിക്കേണ്ടി വന്നു. ഈ കാലയളവിൽ വാഡയും നാഡയും ഒരു നീണ്ട സംഭാഷണം നടത്തി, അതിനുശേഷം അദ്ദേഹം ടെസ്റ്റ് നിരസിച്ചതിന്റെ കാരണം വിശദീകരിക്കാൻ കളിക്കാരന് നോട്ടീസ് നൽകാൻ വാഡ നാഡയോട് ആവശ്യപ്പെട്ടിരുന്നു.

ഏപ്രിൽ 23 ന് അയച്ച നോട്ടീസിൽ മെയ് 7 ന് മുമ്പായി മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്. ബജ്റംഗ് ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും അതിനാലാണ് താത്കാലികമായി സസ്പെൻഡ് ചെയ്തതെതെന്നും വൃത്തങ്ങൾ പറഞ്ഞു. ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകിയില്ലെങ്കിൽ തീരുമാനം അച്ചടക്ക സമിതിക്ക് വിടുമെന്നും, നിസഹകരണം തുടർന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ വിലക്കുമെന്നും നാഡ ബജ്റംഗ് പൂനിയയെ അറിയിച്ചു.

ഈമാസമാണ് ഇസ്താംബൂളിൽ പാരീസ് ഒളിംപിക്സിൽ പങ്കെടുക്കുന്നതിനായുള്ള യോഗ്യത മത്സരങ്ങൾ തുടങ്ങുന്നത്. സാംപിൾ ശേഖരിക്കാൻ നാഡ നൽകുന്ന കിറ്റ് കാലാവധി കഴിഞ്ഞതാണെന്ന് മാസങ്ങൾക്ക് മുൻപ് വീഡിയോയിലൂടെ പൂനിയ ആരോപിച്ചിരുന്നു. മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്ത ഗുസ്തി താരങ്ങളിൽ പ്രധാനിയാണ് ബജ്റംഗ് പൂനിയ.

ഫെഡറേഷന്റെ ഭരണം നിയന്ത്രിച്ചിരുന്ന അഡഹോക്ക് കമ്മറ്റി പിരിച്ചുവിട്ട് ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്ന സഞ്ജയ് സിംഗിന്റെ നേതൃത്ത്വത്തിലുള്ള ഭരണസമിതിക്ക് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ കഴിഞ്ഞമാസമാണ് അംഗീകാരം നൽകിയത്.