ബാങ്കോക്ക്: തായ്ലാൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ. ചൈനയുടെ ലുമിങ്-ചെ-ടാങ് കൈവെയ് സഖ്യത്തെ സെമിഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്ക് അനായാസം മറികടക്കുകയായിരുന്നു. ലോക 80-ാം നമ്പർ സഖ്യത്തെ 21-11, 21-12 സ്‌കോറുകൾക്കാണ് തോൽപ്പിച്ചത്. മത്സരം 35 മിനിറ്റിൽ അവസാനിച്ചു.

മത്സരത്തിന്റെ ഒരു ഘട്ടത്തിലും ചൈനീസ് സഖ്യം ഇന്ത്യക്ക് വെല്ലുവിളി ഉയർത്തിയില്ല. ആദ്യഘട്ടം മുതൽത്തന്നെ ഇന്ത്യൻ സഖ്യം മൂർച്ചയുള്ള ആക്രമണം നടത്തി. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. രണ്ടാം ഗെയിമിൽ 4-4, 6-6 എന്നീ സമനില ഘട്ടങ്ങൾ കണ്ടെങ്കിലും അവസാനത്തിൽ ജയം ഇന്ത്യക്കൊപ്പം നിന്നു.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക മൂന്നാം നമ്പറായ ഇന്ത്യൻ സഖ്യം ചൈനയുടെ തന്നെ ചെൻബോ യാങ്-ലിയു യി സഖ്യത്തെ നേരിടും. അഞ്ചുവർഷം മുൻപ് 2019-ൽ തായ്ലാൻഡിൽവച്ചാണ് സാത്വിക്-ചിരാഗ് സഖ്യം തങ്ങളുടെ കന്നി സൂപ്പർ 500 കിരീടം നേടിയത്. അതേസമയം വനിതാ ഡബിൾസിൽ ഇന്ത്യയുടെ തനിഷ കാർസ്റ്റോ-അശ്വിനി പൊന്നപ്പ സഖ്യത്തിന് ഇന്ന് സെമിഫൈനലുണ്ട്. തായ്ലാൻഡ് സഖ്യവുമായിട്ടാണ് ഏറ്റുമുട്ടൽ.