ഒസ്ലോ: ലോക ചാംപ്യന്റെ മണ്ണിൽ പടപൊരുതി ജയിച്ച ഇന്ത്യയുടെ പതിനെട്ടുകാരൻ ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ ചെസ്സ് ലോകത്തിന്റെ നെറുകയിൽ. നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം നേടിയത്. കരിയറിൽ ആദ്യമായാണ് ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ, പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്. മുമ്പ് റാപ്പിഡ് ഫോർമാറ്റുകളിൽ കാൾസനെ തോൽപ്പിച്ചിട്ടുണ്ടെങ്കിലും, ക്ലാസിക്കൽ ചെസ്സിലെ ജയം അമ്പരപ്പിക്കുന്ന നേട്ടം എന്നാണ് വിലയിരുത്തൽ. വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്.

ഇതോടെ 5.5 പോയിന്റുമായി പ്രഗ്നാനന്ദ ടൂർണമെന്റിൽ മുന്നിലെത്തി. ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ കാൾസന്റെ ജന്മനാട് കൂടിയാണ് നോർവേ. ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ തോൽപിക്കുന്നത് ഇതാദ്യമാണ്. ഒന്നാം സ്ഥാനത്തായിരുന്ന കാൾസൻ അഞ്ചാമതായി. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിത വിഭാഗത്തിൽ മുന്നിൽ.

ക്ലാസിക്കൽ ചെസിൽ നിലവിലെ ലോകചാംപ്യനെ തോൽപിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് പ്രഗ്‌നാനന്ദ. നോർവേ ചെസ് ടൂർണമെന്റിലെ മൂന്നാം റൗണ്ട് മത്സരത്തിലാണ് ലോക ചാംപ്യൻ മാഗ്‌നസ് കാൾസനെ പ്രഗ്‌നാനന്ദ പരാജയപ്പെടുത്തിയത്.

കളിയുലുടനീളം പ്രഗ്‌നാനന്ദ പിറകിലായിരുന്നു. അവസാന മിനിട്ടുകളിലെ തന്ത്രപരമായ നീക്കങ്ങളാണ് പതിനെട്ടുകാരനെ വിജയത്തിലേക്ക് നയിച്ചത്. ഈ മത്സരത്തിന് ശേഷം പ്രഗ്‌നാനന്ദ ഒമ്പതിൽ 5.5 പോയിന്റുമായി മുന്നിരയിലെത്തി. കാൾസൺ ടൂർണമെന്റ് സ്റ്റാൻഡിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു.

റാപ്പിഡ് ചെസ്സിലെയും, ബ്ലിറ്റ്‌സ് ചെസ്സിലെയും സ്ഥിതി ക്ലാസിക്കൽ ചെസ്സിൽ ആവർത്തിക്കുമ്പോഴും 'ഇത് എന്റെ ഏറ്റവും മികച്ച ഗെയിമല്ല' എന്നാണ് പ്രഗ്‌നാനന്ദ പറയുന്നത്. ഞാൻ നന്നായി കളിച്ചു എന്ന് കരുതുന്നില്ല. എങ്കിലും ഈ കളിയുലൂടെ ചില മികച്ച നീക്കങ്ങൾ ഞാൻ കണ്ടുപിടിച്ചു എന്നും ഇന്ത്യൻ ചെസ്സ് താരം പറഞ്ഞു.

പ്രഗ്‌നാനന്ദയ്ക്ക് മുന്നിൽ തുറന്നിട്ട കളിയെ കാൾസൻ സ്വയം വിശേഷിപ്പിച്ചത് 'അപകടകര' മായ തുടക്കമെന്നാണ്. കാൾസൻ കളി തുടങ്ങിയത് തന്നെ പ്രകോപനപരമായി ആയിരുന്നു. 'യുദ്ധം ചെയ്യാൻ തീരുമാനിച്ചാണ് അയാൾ കളി ആരംഭിച്ചത്. പോരാടുക എന്നല്ലാതെ വേറെ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല'. എന്ത് സംഭവിക്കുമെന്ന് നോക്കാം എന്ന് തീരുമാനിച്ച് കളിച്ചു എന്നും പ്രഗ്‌നാനന്ദ പറഞ്ഞു .

നോർവേ ചെസ്സ് വനിതാ ടൂർണമെന്റിൽ പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലി ആർ കോനേരു ഹംപിയെ പരാജയപ്പെടുത്തി എന്നതും ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ്. ഈ വിജയം ലൈവ് റേറ്റിങ് ലിസ്റ്റിൽ ഇന്ത്യൻ വനിതാ താരങ്ങളിൽ വൈശാലിയെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു.