ബാങ്കോക്ക്: പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ബോക്സിങ് താരം അമിത് പംഗൽ. ഞായറാഴ്ച ബാങ്കോക്കിൽ നടന്ന യോഗ്യതാ ടൂർണമെന്റ് ക്വാർട്ടറിൽ ചൈനയുടെ ചുവാങ് ലിയുവിനെ കീഴടക്കി സെമിയിൽ കടന്നതോടെയാണ് അമിത് ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയത്. 51 കിലോ വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്. ബോക്സിങ് ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയ താരമാണ്.

2024 പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യൻ പുരുഷ ബോക്‌സറാണ് അമിത്. ബോക്‌സിങ്ങിൽ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും. നിഷാന്ത് ദേവ് (71 കിലോ), നിഖാത് സരീൻ (50 കിലോ), പ്രീത് പവാർ (54 കിലോ), ലോവ്ലിന ബോർഗോഹെയ്ൻ (75 കിലോ) എന്നിവരാണ് നേരത്തേ യോഗ്യത നേടിയവർ.