ഒസ്ലോ: നോർവേ ചെസ്സ് ടൂർണമെന്റിൽ അട്ടിമറികളോടെ പടയോട്ടം തുടർന്ന് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേശ്ബാബു പ്രഗ്‌നാനന്ദ. ടൂർണമെന്റിൽ ലോക രണ്ടാം നമ്പർ താരം അമേരിക്കയുടെ ഫാബിയാനോ കരുവാനയും 18കാരൻ പ്രഗ്‌നാനന്ദയുടെ മുന്നിൽ മുട്ടുമടക്കി. ഈ വിജയത്തോടെ ലോക റാങ്കിങ്ങിലെ ആദ്യ പത്തിലെത്താൻ പ്രഗ്‌നാനന്ദയ്ക്ക് സാധിച്ചു.

നേരത്തെ ഇതേ ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസണേയും പ്രഗ്‌നാനന്ദ പരാജയപ്പെടുത്തിയിരുന്നു. ക്ലാസിക്കൽ ഫോർമാറ്റിൽ ആദ്യമായാണ് കാൾസണെ പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്. വിജയത്തോടെ പ്രഗ്‌നാനന്ദ ടൂർണമെന്റിൽ മുന്നിലെത്തുകയും ചെയ്തു.

കരിയറിൽ ആദ്യമായാണ് കഴിഞ്ഞ ദിവസം പ്രഗ്‌നാനന്ദ കാൾസനെ കീഴടക്കിയത്. മൂന്നാം റൗണ്ടിലായിരുന്നു വിജയം. പിന്നാലെ അഞ്ചാം റൗണ്ട് പോരാട്ടത്തിലാണ് ഇന്ത്യൻ സെൻസേഷൻ കരുവാനയേയും ഞെട്ടിച്ചത്.

റാങ്കിംഗിൽ തലപ്പത്തുള്ള രണ്ടുപേരെയും ക്ലാസിക്കൽ ചെസിലാണ് പ്രജ്ഞാനന്ദ കീഴടക്കിയത്. അതേസമയം നാലാം റൗണ്ടിൽ അമേരിക്കയുടെ ഹിക്കാരു നാക്കാമുറയോട് പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കരുവാനെയെ വീഴ്‌ത്തിയത്.

അതേസമയം നാക്കാമുറ ലോക ചാമ്പ്യൻ ഡിങ് ലിറെനെ വീഴ്‌ത്തി ലീഡുയർത്തി. ഒൻപത് വർഷത്തിനിടെ ആദ്യമായിരുന്നു വിജയം. പ്രജ്ഞാനന്ദയുടെ സഹോദരി ആർ വൈശാലി ചൈനയുടെ ലീ ടിംഹഗ്ജീയെ ടൈ ബ്രേക്കറിൽ ചെക്ക്‌മേറ്റ് ചെയ്ത് ലീഡുയർത്തി. 161,000 ഡോളറാണ് (1.34 കോടി) വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക. നാക്കാമുറയാണ് ടൂർണമെന്റിൽ ലീഡ് ചെയ്യുന്നത്.