ന്യൂഡൽഹി: ഒളിംപിക് മെഡൽ ജേതാവും ഗുസ്തി താരവുമായി ബജ്റംഗ് പുനിയയെ വീണ്ടും സസ്പെൻഡ് ചെയ്തു. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് താരത്തെ സസ്പെൻഡ് ചെയ്തത്. നേരത്തെ കുറ്റപത്രം നൽകാത്തതിനെ തുടർന്നു പുനിയയുടെ സസ്പെൻഷൻ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു. പിന്നാലെയാണ് നാഡ വീണ്ടും നടപടിയെടുത്തത്.

പരിശോധനയ്ക്കായി മൂത്ര സാമ്പിൾ നൽകാത്തതിനെത്തുടർന്നാണ് ഒരിക്കൽകൂടി നാഡ താത്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. മാർച്ച് 10 ന് സോനിപതിൽ നടന്ന സെലക്ഷൻ ട്രയൽസിൽ തന്റെ മൂത്രസാമ്പിൾ നാഡയ്ക്ക് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം പുനിയയെ താൽക്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ചയാണ് പുനിയയ്ക്ക് പുതിയ താത്കാലിക സസ്പെൻഷൻ നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ജൂലായ് 11-നകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്.

എന്നാൽ താൻ സാമ്പിൾ നൽകാൻ വിസമ്മതിച്ചിട്ടില്ലെന്ന് പുനിയ പ്രതികരിച്ചു. തന്റെ സാമ്പിൾ ശേഖരിക്കാൻ അയച്ച കാലഹരണപ്പെട്ട കിറ്റിനെക്കുറിച്ച് നാഡ അധികൃതർ പ്രതികരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ചിൽ ലഭിച്ച താത്കാലിക സസ്പെൻഷൻ ആന്റി ഡോപ്പിങ് ഡിസിപ്ലിനറി പാനൽ (എഡിഎപി) റദ്ദാക്കിയിരുന്നു. ബജ്റംഗ് പുനിയയ്ക്കെതിരെ നാഡ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഉത്തേജക മരുന്നു നിയമങ്ങൾ താരം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും സസ്പെൻഷൻ. സസ്പെൻഷൻ ചെയ്തുള്ള അറിയിപ്പ് താരത്തിനു ലഭിച്ചതായി ബജ്റംഗിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞ തവണയും വിചാരണയ്ക്ക് ഹാജരായിരുന്നു. ഇത്തവണയും ഹാജരാകും. താരം ഒരു തെറ്റും ചെയ്തിട്ടില്ലെന്നു അഭിഭാഷകൻ പറഞ്ഞു.