ന്യൂഡൽഹി: ലോക വനിതാ സീനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സരീന് സ്വർണം. ഫൈനൽ പോരാട്ടത്തിൽ വിയറ്റ്‌നാം താരം യുയെൻ തിതാമിനെ ഇടിച്ചിട്ടാണ് നിഖാത് സ്വർണം നേടിയത്. 50 കിലോ വിഭാഗം പോരാട്ടത്തിൽ 5 - 0നാണ് ഇന്ത്യൻ താരത്തിന്റെ വിജയം. തുടർച്ചയായി രണ്ടാം തവണയാണ് നിഖാത് ലോക വനിതാ സീനിയർ ബോക്‌സിങ്ങിൽ സ്വർണം നേടുന്നത്.

ലോക ബോക്‌സിങ്ങിൽ ഒന്നിലേറെ തവണ സ്വർണം നേടിയ രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് നിഖാത് സരീൻ. മേരികോമാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം. ഫൈനൽ പോരാട്ടത്തിൽ ആദ്യ റൗണ്ടിൽ നിഖാത് സരീൻ ആധിപത്യം പുലർത്തിയപ്പോൾ രണ്ടാം റൗണ്ടിൽ വിയറ്റ്‌നാം താരം മത്സരത്തിൽ തിരിച്ചെത്തി. മൂന്നാം റൗണ്ടിലെ പ്രകടനത്തോടെയാണ് നിഖാത് വിജയം ഉറപ്പിച്ചത്.

വനിതാ ബോക്‌സിങ്ങിൽ മൂന്നാം സ്വർണമാണ് നിഖാത് സരീനിലൂടെ ഇന്ത്യ സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന ഫൈനൽ പോരാട്ടങ്ങളിൽ 48 കിലോഗ്രാം വിഭാഗത്തിൽ നിതു ഗൻഖാസും 81 കിലോഗ്രാം വിഭാഗത്തിൽ സ്വീറ്റി ബുറയും ഇന്ത്യയുടെ സ്വർണത്തിളക്കമായി. മംഗോളിയൻ താരം ലുട്‌സിക്കാൻ അൽറ്റെൻസെഗിനെ 5- 0 ന് തോൽപിച്ചാണ് ഹരിയാനയിലെ ഭിവാനിയിൽ നിന്നുള്ള ഇരുപത്തിരണ്ടുകാരി നിതു സ്വർണം നേടിയത്.

81 കിലോ വിഭാഗത്തിൽ ചൈനയുടെ വാങ് ലിനയെ കടുത്ത പോരാട്ടത്തിൽ 4- 3നു മറികടന്നാണ് ഹരിയാന ഹിസാർ സ്വദേശിനിയായ സ്വീറ്റി സ്വർണം നേടിയത്. 2014ലെ ലോക ചാംപ്യൻഷിപ്പിൽ വെള്ളി നേടിയിരുന്ന സ്വീറ്റിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഒളിംപിക് മെഡൽ ജേതാവ് ലവ്‌ലിന ബോർഗോഹെയ്‌നും ഇന്നു ഫൈനൽ മത്സരത്തിന് ഇറങ്ങും. 75 കിലോ വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ കെയ്റ്റ്‌ലിൻ പാർക്കറാണ് ലവ്‌ലിനയുടെ എതിരാളി.