ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന 2023 ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ ആദ്യ സ്വർണ നേട്ടത്തിലെത്തിച്ച് ചരിത്രം കുറിച്ച് നീതു ഘൻഘാസ്. വനിതകളുടെ 48 കിലോ ഗ്രാം വിഭാഗത്തിലാണ് നീതു ഘൻഘാസ് ഇന്ത്യയ്ക്ക് ആദ്യ സ്വർണം സമ്മാനിച്ചത്. ഫൈനലിൽ മംഗോളിയയുടെ ലുട്സായ്ഖാണ അൾട്ടാൻസെറ്റ്‌സെഗിനെ തകർത്താണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. 5-0 എന്ന സ്‌കോറിനാണ് നിതു വിജയം നേടിയത്.

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആറാമത്തെ ഇന്ത്യൻ വനിതയാണ് നീതു. മേരികോം, ലായ്ശ്രാം സരിതദേവി, ജെന്നി, ലേഖ, നിഖാത് സരീൻ എന്നിവരാണ് ഇതിന് മുമ്പ് ഊ നേട്ടം സ്വന്തമാക്കിയവർ. ഹരിയാന സ്വദേശിനിയായ നീതു ബർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും സ്വർണ മെഡൽ നേടിയിരുന്നു.

ഫൈനലിൽ മംഗോളിയ താരത്തിനെ ഒന്നു പൊരുതാൻ പോലും അനുവദിക്കാതെയാണ് നീതു വിജയം നേടിയത്. ന്യൂഡൽഹിയാണ് ലോകബോക്സിങ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ദിരാ ഗാന്ധി ഹാളിലാണു വേൾഡ് ബോക്‌സിങ് ചാംപ്യൻഷിപ്പ് നടക്കുന്നത്.

സെമി ഫൈനലിൽ നീതു കസാഖ്സ്താന്റെ അല്യുവ ബാൾകിബെകോവയെ തകർത്താണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. പിന്നിൽ നിന്നശേഷം തിരിച്ചടിച്ചായിരുന്നു് താരം വിജയം ഇടിച്ചുനേടിയത്. 5-2 എന്ന സ്‌കോറിനാണ് നീതുവിന്റെ സെമിയിലെ വിജയം. 22 കാരിയായ നീതു 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയിരുന്നു. രണ്ട് തവണ യൂത്ത് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടാനും നീതുവിന് സാധിച്ചിട്ടുണ്ട്.