- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസ്: പുരുഷന്മാരുടെ 50 മീറ്റർ ബീസ്റ്റ് സ്‌ട്രോക്കിലും സ്വർണക്കുതിപ്പ്; നീന്തലിൽ മൂന്നാം സ്വർണം; കേരളത്തിന്റെ സ്വർണമത്സ്യമായി സാജൻ പ്രകാശ്
രാജ്കോട്ട്: മുപ്പത്തിയാറാമത് ദേശീയ ഗെയിംസിലെ നീന്തലിൽ കേരളത്തിനായി മൂന്നാം സ്വർണം കരസ്ഥമാക്കി സാജൻ പ്രകാശ്. വ്യാഴാഴ്ച നടന്ന പുരുഷന്മാരുടെ 50 മീറ്റർ ബീസ്റ്റ് സ്ട്രോക്കിലാണ് സാജൻ പ്രകാശ് സ്വർണം നേടിയത്. 25.10 സെക്കൻഡിലായിരുന്നു താരം ഫിനിഷ് ചെയ്തത്. തമിഴ്‌നാടിന്റെ രോഹിത് ബെനിട്ടണാണ് വെള്ളി. ഹരിയാണയുടെ സരോഹ ഹാർഷ് വെങ്കലം കരസ്ഥമാക്കി.
ഗെയിംസിൽ സാജന്റെ മൂന്നാം സ്വർണവും ആറാം മെഡലുമാണിത്. നേരത്തെ വ്യാഴാഴ്ച നടന്ന പുരുഷന്മാരുടെ 800 മീറ്റർ ഫ്രീസ്‌റ്റൈൽ നീന്തലിൽ സാജൻ പ്രകാശ് വെങ്കലം നേടിയിരുന്നു. 8:12.55 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. മധ്യപ്രദേശിന്റെ അദ്വൈത് പാഗേയ്ക്കാണ് സ്വർണം. ഗുജറാത്തിന്റെ ആര്യൻ നെഹ്റ വെള്ളി നേടി.
നേരത്തെ പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിലും 100 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിലും സാജൻ സ്വർണം നേടിയിരുന്നു. പുരുഷന്മാരുടെ 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ വെള്ളി നേടിയ സാജൻ, 200 മീറ്റർ ഫ്രീസ്‌റ്റൈലിലും വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.
ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം മൂന്നാം ജയം സ്വന്തമാക്കി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ മണിപ്പുരിനെ രണ്ടിനെതിരേ മൂന്ന് ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. കേരളം നേരത്തെ തന്നെ സെമി ഉറപ്പാക്കിയിരുന്നു.
വ്യാഴാഴ്ച ബാഡ്മിന്റൺ പുരുഷ ഡബിൾസിലും കേരളം സ്വർണ മെഡൽ സ്വന്തമാക്കി. രവിശങ്കർ പി.എസ് - ശങ്കർപ്രസാദ് ഉദയകുമാർ സഖ്യമാണ് തമിഴ്‌നാടിനെ പരാജയപ്പെടുത്തി സ്വർണമണിഞ്ഞത്. സ്‌കോർ: 21-19, 21,19.
സ്പോർട്സ് ഡെസ്ക്