ബേൺ: സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യക്ക് ആദ്യ ഡബിൾ കിരീടം സമ്മാനിച്ച് സാത്വിക് സായ്‌രാജ് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. സ്വിസ് ഓപ്പൺ സൂപ്പർ സീരീസ് 300 ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടത്തിലാണ് സാത്വിക്-ചിരാഗ് സഖ്യം മുത്തമിട്ടത്. ഫൈനലിൽ ചൈനയുടെ താങ് ക്വിയാൻ-റെൻ യു സിയാങ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സാത്വിക്-ചിരാഗ് സഖ്യം പുതുചരിത്രമെഴുതിയത്.

എതിരാളികൾക്ക് ഒരവസരവും നൽകാതെ ആധികാരികമായാണ് ഇന്ത്യൻ സഖ്യം കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ; 21-19, 24-22 . ലോക 21-ാം നമ്പറുകാരായ ചൈനീസ് സഖ്യത്തെ 54 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുക്കമാണ് കീഴടക്കിയത്.

സ്വിസ് ഓപ്പൺ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ഡബിൾസ് കിരീടമെന്ന ചരിത്രനേട്ടമാണ് സാത്വിക്-ചിരാഗ് സഖ്യം സ്വന്തമാക്കിയത്. സ്വിസ് ഓപ്പണിന്റെ 68 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് ഇതുവരെ ഡബിൾസ് കിരീടം നേടാനായിട്ടില്ല.

കരിയറിലെ സാത്വിക്-ചിരാഗ് സഖ്യത്തിന്റെ അഞ്ചാം വേൾഡ് ടൂർ കിരീടമാണിത്. 2022 കോമൺവെൽത്തിൽ സ്വർണം നേടിയ ഇന്ത്യൻ സഖ്യത്തിന്റെ സീസണിലെ ആദ്യ കിരീടം കൂടിയാണ് സ്വിസ് ഓപ്പണിലേത്. ഈയിടെ നടന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം നേടാനായിരുന്നില്ല. സ്വിസ് ഓപ്പൺ കിരീടനേട്ടത്തോടെ ഉഗ്രൻ തിരിച്ചുവരവ് നടത്താനും ഇന്ത്യൻ സഖ്യത്തിനായി.