ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന 2023ലെ ലോക സീനിയർ വനിത ബോക്‌സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണ്ണ നേട്ടം. 48 കിലോ വിഭാഗത്തിൽ നീതു ഘൻഘാസ് ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയപ്പോൾ 81 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സ്വീറ്റി ബുറയും കിരീടം നേടി രാജ്യത്തിന് രണ്ടാം സ്വർണം സമ്മാനിച്ചു.

ഏഷ്യൻ ചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് മംഗോളിയയുടെ ലുട്‌സിക്കാൻ അൽറ്റെൻസെഗിനെയാണു നിതു തോൽപിച്ചത്. ഫൈനലിൽ മംഗോളിയൻ താരത്തിനു മേൽ പൂർണ ആധിപത്യം ഉറപ്പിച്ചാരിന്നു നിതുവിന്റെ വിജയം. സ്‌കോർ: 50. ഇതോടെ ലോക ബോക്‌സിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയായി നിതു.

പിന്നാലെ ചൈനയുടെ വാങ് ലിനയെ തോൽപ്പിച്ച് സ്വിറ്റിയും ഇന്ത്യയ്ക്ക് പൊൻതിളക്കമേകി. ഈ നേട്ടത്തോടെ ലോക ബോക്‌സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ഏഴാമത്തെ താരമായി സ്വീറ്റി.

വാശിയേറിയ ഫൈനലിൽ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് സ്വീറ്റി വിജയം നേടിയത്. 4-3 എന്ന സ്‌കോറിനാണ് ഇന്ത്യൻ താരത്തിന്റെ വിജയം. 2014 ലോക ചാമ്പ്യൻഷിപ്പിൽ താരം വെള്ളി മെഡൽ നേടിയിരുന്നു. 2022 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആത്മവിശ്വാസത്തിലാണ് താരം ഫൈനൽ കളിക്കാനിറങ്ങിയത്. സ്വീറ്റിക്ക് മുൻപ് ഇന്ത്യയുടെ നീതു ഘൻഘാസും സ്വർണം നേടിയിരുന്നു.

മേരി കോം, ലായ്ശ്രാം സരിതാ ദേവി, ജെന്നി ആർ.എൽ, ലേഖ കെ.സി, നിഖാത് സരിൻ എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ. മറ്റെല്ലാവരും ഒരോ തവണ വീതം നേട്ടം കൈവരിച്ചപ്പോൾ മേരി കോമാണ് ആറു തവണ സ്വർണം കരസ്ഥമാക്കിയത്. 22കാരിയായ നിതു കോമൺവെൽത്ത് ഗെയിംസിലും യൂത്ത് ലോക ചാംപ്യൻഷിപ്പിലും ഇന്ത്യക്കായി സ്വർണം നേടിയിട്ടുണ്ട്.