- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
' മുൻപ് അപകടമുണ്ടായ സ്ഥലം ക്രോസ് ചെയ്തപ്പോൾ സമ്മർദത്തിന് മാറ്റം വന്നു; ഇതിൽ കൂടുതലായി കടലിനെ അറിയാൻ സാധിക്കില്ല; ആരോഗ്യം വീണ്ടെടുക്കണം'; ഗോൾഡൻ ഗ്ലോബ് റേസിൽ ഇനി പങ്കെടുക്കില്ലെന്ന് അഭിലാഷ് ടോമി
ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് പായ്വഞ്ചിയോട്ട മത്സരം രണ്ടാമതായി ഫിനിഷ് ചെയ്ത ശേഷം തിരിച്ച് ഇന്ത്യയിലെത്തിയ നാവികൻ അഭിലാഷ് ടോമിക്ക് ഊഷ്മള വരവേൽപ്പ്. നാവിക സേന ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി അഭിലാഷ് ടോമിയെ സ്വീകരിച്ചു. ഏപ്രിൽ 29 ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. രണ്ടാമനായാണ് അഭിലാഷ് മത്സരം ഫിനിഷ് ചെയ്തത്.
ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്ലെ ദെലോനിൽനിന്നാണ് 2022 സെപ്റ്റംബറിൽ അഭിലാഷ് യാത്ര തുടങ്ങിയത്. അഭിലാഷിന്റെ ബയാനത് എന്ന വഞ്ചി ഫ്രഞ്ച് തീരത്തെത്തിയതോടെ പുതിയ റെക്കോഡ് പിറന്നു. പ്രതികൂലമായ സാഹചര്യത്തിലും മനോധൈര്യം കൈവിടാതെ പൊരുതിയ അഭിലാഷ് 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് മത്സരം പൂർത്തീകരിച്ചത്.
ഗോൾഡൻ ഗ്ലോബ് റേസിൽ ഇനി പങ്കെടുക്കില്ലെന്ന് മാതൃരാജ്യത്ത് തിരിച്ചെത്തിയ അഭിലാഷ് ടോമി പ്രതികരിച്ചു. മറ്റ് റേസുകളിൽ പങ്കെടുക്കുമെന്നും അഭിലാഷ് ടോമി ന്യൂഡൽഹിയിൽ പറഞ്ഞു.
''ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് യാത്ര കഴിഞ്ഞ തവണത്തേതിനേക്കാളും കൂടുതൽ ബുദ്ധിമുട്ടേറിയതായിരുന്നു. ബോട്ടിന്റെ വലുപ്പം കുറവായിരുന്നു. 2018ലെ അപകടത്തിന്റെ ഓർമകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വഞ്ചിയിൽ വളരെ സമ്മർദത്തിലാണു യാത്ര ചെയ്തത്. മുൻപ് അപകടമുണ്ടായ സ്ഥലം ക്രോസ് ചെയ്തപ്പോൾ അതിനു കുറേ മാറ്റം വന്നു.'' അഭിലാഷ് ടോമി പറഞ്ഞു.
''എട്ട് മാസത്തോളം കഴിഞ്ഞ് യാത്ര പൂർത്തിയാക്കിയപ്പോൾ വളരെയേറെ സന്തോഷം ഉണ്ട്. സാങ്കേതിക വിദ്യകൾ കുറവായതിനാൽ നമ്മൾ സഞ്ചരിക്കുന്ന കടലുമായിട്ടുള്ള അടുപ്പം കുറേ കൂടും. 2012 ൽ ലോകം ചുറ്റിയപ്പോൾ, ഒരു ലാപ്‌ടോപ് ഉപയോഗിച്ചും സ്‌ക്രീൻ നോക്കിയുമൊക്കെയാണു മുന്നോട്ടുപോയത്. ഇത്തവണ അതൊന്നുമില്ല. കാറ്റുമാറിയോ, വടക്കുനോക്കി യന്ത്രത്തിന്റെ ദിശ മാറിയോ, ബോട്ടിനു പ്രശ്‌നങ്ങളുണ്ടോ എന്നെല്ലാം നമ്മൾ നോക്കണം. ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോൾ കടലുമായിട്ടുള്ള അടുപ്പം വളരെ കൂടും. ഇതിൽ കൂടുതലായി കടലിനെ അറിയാൻ സാധിക്കില്ല.''
''2018ൽ അപകടം പറ്റിയപ്പോൾ നാവിക സേനയുടെ പിന്തുണ കുറേയുണ്ടായിരുന്നു. ആശുപത്രിയിലുണ്ടായപ്പോൾ പ്രധാനമന്ത്രി വിളിച്ചു സംസാരിച്ചു. ഇതൊക്കെ ആയപ്പോൾ ഞാൻ ഒറ്റയ്ക്കല്ലെന്നും, കൂടെ ഒരുപാടുപേരുണ്ടെന്നും തോന്നി. ഇന്ത്യയിൽ കുടുംബാംഗങ്ങളുടെ പിന്തുണ ലഭിച്ചു. വീണ്ടും കടലിലേക്കു പോകാൻ സാധിക്കുമെന്ന് അപ്പോൾ തോന്നി. ഇനി വീട്ടിലേക്കു പോയി കുടുംബാംഗങ്ങളെയെല്ലാം കാണണം. ശരീര ഭാരം വളരെയേറെ കുറഞ്ഞു, ആരോഗ്യം വീണ്ടെടുക്കണം.'' അഭിലാഷ് ടോമി പ്രതികരിച്ചു.
Cdr Abhilash Tomy (Retd), KC, NM returned to India from France today 18 May 23 post successfully completing the Golden Globe Race 2022 #GGR 22.@abhilashtomy was accorded a warm reception by the #IndianNavy at IGI airport @DelhiAirport @SpokespersonMoD @IndiannavyMedia pic.twitter.com/hM9LjzwV7p
- SpokespersonNavy (@indiannavy) May 18, 2023
ഫ്രാൻസിലെ ലെ സാബ്ലെ ഡെലോൺ തുറമുഖത്തുനിന്ന് ആരംഭിച്ച യാത്ര 48000 കിലോമീറ്റർ സഞ്ചരിച്ചാണ് അഭിലാഷ് പൂർത്തീകരിച്ചത്. 2018-ൽ അഭിലാഷ് ഒരു യാത്ര നടത്തിയിരുന്നെങ്കിലും പൂർത്തീകരിക്കാനായിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ താരത്തിന്റെ ബോട്ട് തകർന്നു. പിന്നീട് മിൻപിടിക്കാനെത്തിയ ഒരു കപ്പലാണ് അഭിലാഷിനെ രക്ഷിച്ചത്.
1968-ലാണ് ഗോൾഡൻ ഗ്ലോബ് മത്സരം ആദ്യമായി നടന്നത്. ഒരിടത്തും നിർത്താതെ പായ്വഞ്ചിയിൽ കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റിവരുന്ന മത്സരമാണിത്. അതിന്റെ ഓർമയ്ക്ക് വേണ്ടിയാണ് 2018-ൽ ഗോൾഡൻ ഗ്ലോബ് വീണ്ടും ആരംഭിച്ചത്. അതിന്റെ രണ്ടാം പതിപ്പിലാണ് അഭിലാഷ് ടോമി ചരിത്രം കുറിച്ചത്. 16 നാവികരുമായാണ് മത്സരം തുടങ്ങിയത്. 13 പേർ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.
1979-ൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ച അഭിലാഷ് ഗോവ നാവിക അക്കാദമിയിലെ പഠനത്തിനു ശേഷം 2000 ജൂലായിൽ നാവികസേനയിൽ ഓഫീസർ റാങ്കിൽ നിയമനം. നേവൽ ഏവിയേഷൻ വിഭാഗത്തിൽ പൈലറ്റായി. 1300 മണിക്കൂർ പറക്കൽ പരിചയം. നാവികസേനയുടെ കീഴിൽ സെയ്‌ലിങ് പരിശീലനം നേടിയ ശേഷം വിവിധ പായ് വഞ്ചി യാത്രകളിൽ പങ്കാളിയായി.
ഒരിടത്തും നിർത്താതെ ലോകം ചുറ്റിവരിക എന്ന ദൗത്യത്തിന് നാവികസേന നിയോഗിച്ചു. 151 ദിവസം കൊണ്ട് പൂർത്തിയാക്കിയ ആ യാത്രയിലൂടെ ഒറ്റയ്ക്കും ഒരിടത്തും നിർത്താതെ പായ്കപ്പലിൽ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡിന് ഉടമയായി.
മറുനാടന്‍ മലയാളി ബ്യൂറോ