- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് മെഡൽ നേടിയതിനു ഒരു പ്രമോഷൻ പോലും തന്നില്ല, ഇന്ന് അങ്ങനെ അല്ല; ക്രിസ്തുമസ് വിരുന്നിൽ മോദിയെ പുകഴ്ത്തി അഞ്ജു ബോബി ജോർജ്
ന്യൂഡൽഹി: കായികതാരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണയെ പ്രശംസിച്ച് ഇന്ത്യൻ ലോങ് ജംപ് താരവും മലയാളിയുമായ അഞ്ജു ബോബി ജോർജ്. താനൊക്കെ മത്സര രംഗത്തുണ്ടായിരുന്നപ്പോൾ അത്ലറ്റിക്സ് ഫെഡറേഷനടക്കം വലിയ പിന്തുണയൊന്നും നൽകിയില്ലെന്നും എന്നാൽ ഇന്നതല്ല സ്ഥിതിയെന്നും അവർ പറഞ്ഞു.
ഇന്ന് തോറ്റാലും ജയിച്ചാലും മോദി അത്ലറ്റുകളെ നേരിൽ കണ്ട് ആശയ വിനിമയം നടത്തുന്നു. ഇതെല്ലാം കാണുമ്പോൾ തനിക്ക് അസൂയയാണ് തോന്നുന്നതെന്നു അവർ ആലങ്കാരികമായി പറഞ്ഞു. ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയിൽ നൽകിയ വിരുന്നിനെത്തിയപ്പോഴാണ് അഞ്ജു ഇക്കാര്യങ്ങൾ പറഞ്ഞത്.
'കഴിഞ്ഞ 25 വർഷമായി കായികതാരമെന്ന നിലയിൽ ഞാൻ ഇവിടെയുണ്ട്. ഒട്ടേറെ മാറ്റങ്ങൾ ഇപ്പോഴാണ് കാണുന്നത്. ഇന്ത്യക്കായി ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെഡൽ സ്വന്തമാക്കിയ താരം ഞാനാണ്. എന്നാൽ അന്ന് അത്ലറ്റിക്സ് ഫെഡറേഷൻ പോലും ആ നേട്ടത്തെ എടുത്തു കാണിക്കാനോ പ്രചരിപ്പിക്കാനോ തയ്യാറായില്ല.'
'എന്നാൽ ഇപ്പോൾ നോക്കു, നീരജ് ചോപ്ര മെഡൽ നേടിയപ്പോൾ നമ്മൾ ആഘോഷിച്ചില്ലേ. മാറ്റങ്ങൾ ഞാൻ ശരിക്കും കാണുന്നുണ്ട്. സത്യത്തിൽ നീരജ് അടക്കമുള്ള പുതു തലമുറ അത്ലറ്റുകളോടു എനിക്ക് അസൂയയുണ്ട്. ഞാനൊക്കെ മത്സരിച്ചത് തെറ്റായ കാലത്താണ്'- അഞ്ജു വ്യക്തമാക്കി.
ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ സമ്മാനിച്ച അഞ്ജു, ആഫ്രോ- ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടുണ്ട്. 2004ലെ ഏഥൻസ് ഒളിംപിക്സിൽ ലോങ് ജംപിൽ അഞ്ചാം സ്ഥാനത്തും താരം എത്തി. 2002ൽ അർജുന, 2003ൽ ഖേൽ രത്ന, 2004ൽ പത്മശ്രീ പുരസ്കാരങ്ങൾ നൽകി രാജ്യം അഞ്ജുവിനെ ആദരിച്ചു.
മറുനാടന് ഡെസ്ക്