ഇസ്ലാമാബാദ്: ലോകം ആരാധിക്കുന്ന ക്രിക്കറ്ററിൽ നിന്നും മതം പ്രചരിപ്പിക്കുന്ന തബ്‌ലീഗ് ജമാഅത്ത് പ്രചാരകനായി ഇൻസമാം ഉൾ ഹഖ് മാറിയിട്ടു കുറച്ചായി. മതമാണ് ഇൻസമാമിന്റെ ഇപ്പോഴത്തെ പ്രധാന പരിപാടി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകളും പലപ്പോഴും വിവാദങ്ങൾക്ക് ഇയാക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് മതം മാറാൻ തയ്യാറായിരുന്നെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഇൻസമാം ഉൾ ഹഖ് രംഗത്തുവന്നു. ഇതിന് രൂക്ഷ വിമർശനമാണ് ഹർഭജന്റെ ഭാഗത്തു നിന്നും ഉണ്ടാതയത്.

പാക്കിസ്ഥാനിലെ തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാന താരിഖ് ജമീലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഇൻസമാം ഉൾ ഹഖ് ഹർഭജനെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. പാക്കിസ്ഥാൻ അൺടോൾഡ് എന്ന ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഇൻസമാം ഇക്കാര്യം പറയുന്നത്. ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിച്ചിരുന്നു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് മുമ്പ് നടന്ന ഇന്ത്യയുടെ പാക്കിസ്ഥാൻ പര്യടനത്തിനിടെയായിരുന്നു സംഭവം.

പര്യടനത്തിനിടെ പാക് മതപണ്ഡിതൻ താരിഖ് ജമീൽ എല്ലാ ദിവസവും പാക് ടീമിന്റ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകാനെത്തുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രഭാഷാണം കേട്ടാണ് ഹർഭജന് ഇസ്ലാം മതത്തിൽ ആകർഷണം തോന്നിയതെന്നും ഇൻസമാം പറയുന്നു. നിരവധി പേർ ഈ വീഡിയോ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

''പ്രാർത്ഥിക്കാനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് പ്രത്യേക ചേംബറുണ്ടായിരുന്നു. അവിടെ മുല്ല താരിഖ് ജമീൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുമ്പോൾ വിവധയിടങ്ങളിൽ നിന്ന് അതിഥികളും ഉണ്ടാകുമായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഇർഫാൻ പത്താൻ, മുഹമ്മദ് കൈഫ്, സഹീർ ഖാൻ എന്നിവർ പ്രാർത്ഥനകൾക്കായി എത്താൻ തുടങ്ങി. മറ്റ് നാല് ഇന്ത്യൻ താരങ്ങൾ കൂടി അവർക്കൊപ്പമുണ്ടാകും. പ്രാർത്ഥിക്കുന്നത് കാണാൻ വേണ്ടി മാത്രമായിരുന്നു അത്. അതിലൊരാൾ ഹർഭജനായിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷമുള്ള താരിഖ് ജമീലിന്റെ പ്രഭാഷണം ഹർഭജനെ ആകർഷിച്ചിരുന്നു. ഇതോടെയാണ് ഇസ്ലാം മതം സ്വീകരിക്കാനുള്ള ആഗ്രഹം അദ്ദേഹം എന്നോട് വെളിപ്പെടുത്തിയത്.'' - ഇൻസമാം പറഞ്ഞു.

ഇൻസമാമിന്റെ പ്രസ്താവന വൈറലായതിന് പിന്നാലെ ഹർഭജൻ സിങ് മറുപടിയുമായെത്തി. ''ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് താങ്കൾ എന്താണ് കുടിക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാം. ഞാൻ അഭിമാനിയായ ഇന്ത്യക്കാരനും സിഖുകാരനുമാണ്'' ഹർഭജൻ ട്വീറ്റിൽ പറഞ്ഞു.

വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ മുഹമ്മദ് യൂസഫ് മതംമാറാൻ ക്ഷണിച്ചിരുന്നെന്നും ഇൻസമാം ഇതേ വീഡിയോയിൽ പറയുന്നുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഇൻസമാം തബ്‌ലീഗ് ജമാഅത്തിന്റെ പ്രചാരകനാണ്.