ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഓപ്പണിങ് ബാറ്റർമാരിൽ ഒരാളായിരുന്നു ശിഖർ ധവാൻ. അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതവും കുറച്ചു കാലമായി വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ഓസ്‌ട്രേലിയക്കാരിയായ അയേഷ മുഖർജിയുമായുള്ള ദാമ്പത്യം അസ്വാരസ്യങ്ങളെ തുടർന്ന് കുറച്ചു കാലമായി കോടതി കയറുകയായിരുന്നു. ഒടുനിലായി ഇരുവർക്കും വിവാഹ മോചനം അനുവദിച്ചു കൊണ്ട് കോടതി ഉത്തരവെത്തി. ഡൽഹി പട്യാല ഹൗസ് കോംപ്ലക്‌സിലെ കുടുംബ കോടതിയാണ് താരദമ്പതികൾക്ക് വിവാഹ മോചനം അനുവദിച്ചത്.

അയേഷ മുഖർജിയിൽനിന്ന് താരം ക്രൂരതയും മാനസികമായ യാതനകളും ധവാൻ അനുഭവിക്കേണ്ടിവന്നതായി കോടതി വിലയിരുത്തി. വർഷങ്ങളായി ഏകമകനിൽനിന്നു വേർപെട്ടു ജീവിക്കുന്ന ധവാനെ ഭാര്യ സമ്മർദത്തിലാക്കിയതായും, താരം അതിന്റെ മാനസിക വേദനയിലായിരുന്നെന്നും കോടതി വ്യക്തമാക്കി.

വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ധവാൻ ഭാര്യയ്‌ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തി. ക്രിക്കറ്റ് താരമെന്ന നിലയിൽ തന്റെ പ്രതിച്ഛായയും കരിയറും നശിപ്പിക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായി ധവാൻ ആരോപിച്ചിരുന്നു. തന്റെ പ്രതിച്ഛായ മോശമാക്കുക എന്ന ലക്ഷ്യത്തോടെ ഐപിഎൽ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിന്റെ സിഇഒ ധീരജ് മൽഹോത്രയ്ക്ക് അപകീർത്തികരമായ സന്ദേശങ്ങൾ അയേഷ അയച്ചതായും ധവാൻ വെളിപ്പെടുത്തി.

പരാതിയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന അയേഷ മുഖർജിയെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും ഡൽഹി പട്യാല ഹൗസ് കോടതി വിലക്കുകയും ചെയ്തിരുന്നു. അയേഷ മുഖർജിക്ക് ധവാനെതിരെ യഥാർത്ഥ പരാതികളുണ്ടെങ്കിൽ, അത് ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ സമർപ്പിക്കുകയാണ് വേണ്ടെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

കുടുംബ ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ധവാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ മനസ്സു തുറന്നിരുന്നു. '' ഒരു കാര്യത്തിലെ അന്തിമ തീരുമാനം സ്വയം എടുക്കേണ്ടതാണ്, അതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ആർക്കെതിരെയും വിരൽ ചൂണ്ടുന്നില്ല. എന്റെ വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്. നാളെ എനിക്കു മറ്റൊരു വിവാഹം ചെയ്യേണ്ടി വന്നാൽ എനിക്ക് അക്കാര്യത്തിൽ കൂടുതൽ വിവേകത്തോടെ തീരുമാനമെടുക്കാനാകും. എങ്ങനെയുള്ള പെൺകുട്ടിയെയാണ് എനിക്കു വേണ്ടതെന്നു എനിക്കു തന്നെ മനസ്സിലാക്കാൻ സാധിക്കും.'' ധവാൻ പ്രതികരിച്ചു.

അതേസമയം ധവാന്റെയും അയേഷയുടേയും മകൻ ആർക്കൊപ്പം ജീവിക്കുമെന്ന കാര്യത്തിൽ കോടതി നിലപാടെടുത്തില്ല. മകനെക്കാണാനും ആവശ്യമുള്ളപ്പോൾ വിഡിയോ കോൾ ചെയ്യാനുമുള്ള അനുവാദം ധവാന് കോടതി നൽകിയിട്ടുണ്ട്. മക്കൾക്കൊപ്പം ഓസ്‌ട്രേലിയയിലാണ് അയേഷ മുഖർജി താമസിക്കുന്നത്. സ്‌കൂൾ അവധിക്കാലത്തിന്റെ പകുതി സമയം കുട്ടിയെ ഇന്ത്യയിലെ ധവാന്റെ കുടുംബത്തോടൊപ്പം കഴിയാൻ അനുവദിക്കണമെന്നും കോടതി നിലപാടെടുത്തു.

ധവാൻ അയേഷ വിവാഹത്തിൽ ധവാന് ഒരു മകനുണ്ട്. കുട്ടി ഇപ്പോൾ ഓസ്‌ട്രേലിയയിൽ ഭാര്യയ്ക്കൊപ്പമാണ്. 2012 ഒക്ടോബർ 12-നാണ് ധവാനും അയേഷയും വിവാഹിതരായത്. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച അയേഷ ഇന്ത്യൻ ക്രിക്കറ്റ് താരത്തേക്കാൾ 12 വയസ്സ് കൂടുതലാണ്. രണ്ടാമത്തെ വിവാഹമായിരുന്നു അയേഷയുടേത്. ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകൾ ആരംഭിച്ചതോടെ പിരിയാൻ തീരുമാനിക്കുകയായിരുന്നു.

ഓസ്‌ട്രേലിയൻ വ്യവസായിയുമായി ആയിരുന്നു അയേഷ മുഖർജിയുടെ ആദ്യ വിവാഹം. ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. മെൽബണിൽ നിന്നുള്ള മുൻ കിക്ക്‌ബോക്‌സർ കൂടിയാണ് അയേഷ മുഖർജി. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തി നേടിയിട്ടുണ്ട്. പത്ത് വയസു കൂടുതലുള്ള അയേഷയുമായി ശിഖർ പ്രണയത്തിലായത് ഫേസ്‌ബുക്ക് വഴിയായിരുന്നു.

ഫേസ്‌ബുക്കിൽ സമയംചെലവിടെയാണ് ആയിഷയുടെ ചിത്രം ആദ്യമായി ധവാന്റെ ശ്രദ്ധയിൽ പെടുന്നത്. ആദ്യ കാഴ്ചയിൽത്തന്നെ ധവാൻ ബൗൾഡ്. ധവാൻ അയച്ച ഫ്രണ്ട് റിക്വസ്റ്റ് ആയിഷ അംഗീകരിച്ചു. അത് പുതിയൊരു പ്രണയത്തിന്റെ തുടക്കമായിരുന്നു. നിരന്തരം ചാറ്റ് ചെയ്തിരുന്ന ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയമായി. ധവാൻ ഇക്കാര്യം ഹർഭജൻ സിങ്ങുമായി സംസാരിച്ചു. ഹർഭജൻ ആയിഷയുടെ ആദ്യ വിവാഹത്തെക്കുറിച്ച് പറഞ്ഞെങ്കിലും അതൊന്നും ധവാനൊരു വിഷയമല്ലായിരുന്നു.

ആഘോഷമാക്കിയ വിവാഹം ശിഖർ ധവാന്റെ തീരുമാനത്തോട് വലിയ എതിർപ്പ് കുടുംബത്തിനുണ്ടായിരുന്നു. എന്നാൽ ധവാന്റെ താൽപര്യത്തിന് ഒടുവിൽ കുടുംബം വഴങ്ങി. ധവാന്റെ പിതാവ് മഹേന്ദ്ര പാൽ ധവാനായിരുന്നു കൂടുതൽ എതിർപ്പ്. ഒടുവിൽ അദ്ദേഹവും ധവാന്റെ ആഗ്രഹത്തിനൊപ്പം നിന്നു. 2009ൽ വിവാഹ നിശ്ചയം. പിന്നീട് വിവാഹം നടന്നത് 2012 ഒക്ടോബർ 30ന്. പരമ്പരാഗത സിഖ് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഈ ദാമ്പത്യത്തിനാണ് 2023ൽ അന്ത്യമാകുന്നത്.