- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായികമന്ത്രിക്ക് താൽപ്പര്യമില്ലാത്ത ആളിനെ വേണ്ടെന്ന നിലപാടിൽ സിപിഎം; സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം മേഴ്സിക്കുട്ടൻ രാജിവെയ്ക്കും; പടിയിറങ്ങുന്നത് കാലാവധി തീരാൻ ഒരു വർഷം ബാക്കിയുള്ളപ്പോൾ; കായികതാരങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ഒളിംപ്യന്റെ പോരാട്ടം വെറുതെയായി; സ്പോർട്സ് കൗൺസിലിൽ രാഷ്ട്രീയം പിടിമുറുക്കുമ്പോൾ
തിരുവനന്തപുരം : സ്പോർട്സ് കൗൺസിൽ പ്രസിഡന്റെ് സ്ഥാനത്ത് നിന്നും മേഴ്സിക്കുട്ടൻ രാജിവെയക്കും. സിപിഎം ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റിനോടും അഞ്ച് സ്റ്റാൻഡിംങ് കമ്മറ്റി അംഗങ്ങളുടെ രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ എല്ലാ അർത്ഥത്തിലും പുനഃസംഘടിപ്പിക്കും. രാഷ്ട്രീയ നേതൃത്വത്തോട് കൂറുള്ളവരെ നിയമിക്കാനാണ് ആലോചന.
ലോങ് ജംപിൽ ആറുമീറ്റർ ദൂരംമറികടന്ന ആദ്യഇന്ത്യൻ വനിതയാണ് മേഴ്‌സികുട്ടൻ. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും ട്രാക്കിലും ഫീൽഡിലും മെഡൽ നേടിയ ആദ്യഇന്ത്യൻ വനിത. അർജുന അവാർഡ് ജേതാവ്. ഏഷ്യൻഗെയിംസ് മെഡൽ ജേതാവായ ഭർത്താവ്. ചിട്ടയായ പരിശീലനമുറകളിലൂടെ മകനെ കൗമാരപ്രായത്തിൽ ദേശീയഗെയിംസ് വ്യക്തിഗതമെഡൽ ജേതാവാക്കിയ അമ്മ, പരിശീലക. ട്രാക്കിലും ഫീൽഡിലും പോരാളിയാണ് ഒളിംപ്യൻ മേഴ്‌സിക്കുട്ടൻ. ഭർത്താവിന്റെ വിയോഗ ശേഷവും പരിശീലകയായി തിളങ്ങിയ താരം. പക്ഷേ രാഷ്ട്രീയക്കാർക്ക് മുമ്പിൽ ആ പോരാട്ട വീര്യം വിജയിച്ചില്ല. അങ്ങനെയാണ് മേഴ്‌സികുട്ടന്റെ പടിയിറക്കം.
കായിക മന്ത്രി വി. അബ്ദുറഹിമാനും മേഴ്സിക്കുട്ടനും തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ അടുത്തിടെ വാർത്തയായിരുന്നു. കായികതാരങ്ങൾക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകാതെ സർക്കാർ എന്തു ചെയ്യുകയാണെന്ന് വിമർശനങ്ങൾ ഉയർന്നതോടെ പണം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്സിക്കുട്ടൻ പരസ്യമായി രംഗത്തെത്തിയിരുന്നു. മുൻ കായികമന്ത്രി ഇപി ജയരാജന്റെ നിർദ്ദേശമായിരുന്നു കായികതാരം തന്നെ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തുണ്ടാവണമെന്ന്. 2019 ൽ ടിപി ദാസിന്റെ ഒഴിവിലാണ് മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റെ് പദവിയിൽ വരുന്നത്. അഞ്ച് വർഷം പൂർത്തിയാക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് മേഴ്സിക്കുട്ടനോട് പാർട്ടി രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പത്മിനി ശെൽവം, അഞ്ജു ബബി ജോർജ്. ശേഷം കൗൺസിലിനെ നയിച്ച കായിക വനിതയാണ് മേഴ്‌സികുട്ടൻ.
വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോഴെ രാഷ്ട്രീയ അതിപ്രസരത്തെ ചോദ്യം ചെയ്തിട്ടുണ്ട് മേഴ്‌സിക്കുട്ടൻ. കടുപ്പമുള്ള നിലപാടുകൾ എടുത്തിട്ടുണ്ട്. അനാവശ്യ ഇടപെടലുകളെ കൗൺസിൽ മീറ്റിങ്ങിനുള്ളിൽ തന്നെ ചോദ്യം ചെയ്തിരുന്നു മേഴ്‌സികുട്ടൻ. ഗുണകരമായ മാറ്റങ്ങൾക്കും, കായികതാരങ്ങളുടെ അവകാശത്തിനും വേണ്ടി ഒച്ചയുയർത്തിയിട്ടുമുണ്ട്. തീരുമാനങ്ങളിലെ കാർക്കശ്യവും, ഉറപ്പുമാണ് മേഴ്‌സിക്കുട്ടനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ചതും. പക്ഷേ മന്ത്രിയുമായി തെറ്റിയതോടെ പടിയിറങ്ങേണ്ടി വന്നു.
സംസ്ഥാനത്ത് മോശമായി പ്രവർത്തിക്കുന്ന 12സ്‌പോട്‌സ് ഹോസ്റ്റലുകൾ പൂട്ടാനുള്ള തീരുമാനം എടുത്തത് മേഴ്‌സിക്കുട്ടൻ അധ്യക്ഷയായ സിമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. അവർ തന്നെ നേരിട്ടുപോയി നടത്തിയ മിന്നൽ പരിശോധനകളിൽ പലഹോസ്റ്റലുകളും വിരണ്ടു. പിന്നീട് ബ്ലാക് ലിസ്റ്റിൽ ഇടംപിടിച്ച ഹോസ്റ്റലുകളെയും മറ്റുള്ളവയേയും ഒരുപരിധിവരെ നേരെയാക്കാൻ ഈ തീരുമനത്തിനായി. ജൂനിയർ തലം മുതൽ സീനിയർ തലംവരെയുള്ള കായികതാരങ്ങളുടെ പ്രൈസ്മണിയിൽ ഒരുവിഭാഗം പരിശീലകർ കയ്യിട്ടുവാരുന്ന പ്രവണതയ്‌ക്കെതിരേയും ധീരമായ നിലപാടെടുത്തു.
അതിനൊപ്പം അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും മേഴ്‌സിക്കുട്ടനായി. കായിക സംഘടനയുടെ തലപ്പത്ത് കായികതാരം തന്നെയെത്തിയത് കുറഞ്ഞപക്ഷം കായികതാരങ്ങളക്കും കായികത്തെ ഇഷ്ടപ്പെടുന്നവർക്കും പ്രതീക്ഷ നൽകിയിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ