- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനെ മറികടന്നു; ലോകറാങ്കിങിൽ ഒന്നാമതെത്തി നീരജ് ചോപ്ര: ചരിത്രം കുറിച്ച് താരം
ന്യൂഡൽഹി: ചരിത്രം കീഴടക്കി നീരജ് ചോപ്ര. ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ ലോക ഒന്നാം നമ്പർ താരമായി മാറിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം ജാവലിൻ ത്രോ ലോകറാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനെ മറികടന്നാണ് നീരജ് ഒന്നാം സ്ഥാനത്തെത്തിയത്. 2022 ഓഗസ്റ്റ് മുതൽ നീരജ് ലോകറാങ്കിങ്ങിൽ രണ്ടാമതായിരുന്ന നീരജ് ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുക ആയിരുന്നു.
1455 പോയന്റാണ് നീരജിനുള്ളത്. രണ്ടാമതുള്ള ആൻഡേഴ്സണ് 1433 പോയന്റും മൂന്നാമതുള്ള ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാദ്ലെച്ചിന് 1416 പോയന്റുമുണ്ട്. ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് കഴിഞ്ഞ വർഷം നടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ ഒന്നാമതെത്തിയിരുന്നു. ഇത്തവണ ഡയമണ്ട് ലീഗിൽ, മെയ് അഞ്ചിന് ദോഹയിൽ നടന്ന ആദ്യ മത്സരത്തിൽ നീരജ് ഒന്നാം സ്ഥാനം നേടിയിരുന്നു.
ഇനി ജൂൺ നാലിനാണ് നീരജ് ചോപ്രയുടെ അടുത്ത മത്സരം. നെതർലൻഡ്സിൽ വെച്ച് നടക്കുന്ന എഫ്.ബി.കെ ഗെയിംസിൽ താരം പങ്കെടുക്കും. ശേഷം ജൂൺ 13 ന് ഫിൻലൻഡിൽ വെച്ച് നടക്കുന്ന പാവോ നുർമി ഗെയിംസിലും പങ്കാളിയാകും. നിലവിൽ തുർക്കിയിലെ ആന്റല്യയിൽ പരിശീലനം നടത്തുകയാണ് ചോപ്ര.