ഹാംഗ്ഝൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. അമ്പെയ്ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെണ്ണം- ഓജസ് പ്രവീൺ സഖ്യം സ്വർണം നേടി. കൊറിയയുടെ സോ ചാവോൺ- ജൂ ജാഹൂൺ സഖ്യത്തെയാണ് 159-158 എന്ന സ്‌കോറിന് ഇന്ത്യൻ സഖ്യം തറപറ്റിച്ചത്.

ഇതോടെ, ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമെന്ന ചരിത്രത്തിലേക്ക് ഇന്ത്യ നടന്നുകയറി. ഇതുവരെ 71 മെഡലുകളാണ് ഹാംഗ്ഝൗവിൽ ഇന്ത്യ സ്വന്തമാക്കിയത്. 16 സ്വർണം, 26 വെള്ളി, 29 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. അമ്പെയ്ത്തിൽ ഇനിയും ഇന്ത്യയ്ക്ക് മെഡിൽ പ്രതീക്ഷകളുണ്ട്. അതുകൊണ്ട് തന്നെ സ്വർണ്ണ നേട്ടം ഇനിയും ഉയരും.

നേരത്തെ, അമ്പെയ്ത്തിൽ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ ഓജസ് പ്രവീൺ മെഡൽ ഉറപ്പിച്ചിരുന്നു. ഫൈനലിൽ ഇന്ത്യയുടെ തന്നെ അഭിഷേക് വർമയെയാണ് ഓജസ് നേരിടേണ്ടത്. വനിതകളുടെ വിഭാഗത്തിൽ ജ്യോതി സുരേഖയും ഫൈനലിലെത്തിയിട്ടുണ്ട്.