കൊച്ചി: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം നേടിക്കൊടുത്ത മിന്നും പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാരിനായി ആരും ബന്ധപ്പെടുകയുണ്ടായില്ലെന്ന് ഹോക്കി താരം പി ആർ ശ്രീജേഷ്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നു കാണാൻ വന്നില്ലെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്നും ശ്രീജേഷ് പറഞ്ഞു. ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച ശേഷമായിരുന്നു ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറായ ശ്രീജേഷിന്റെ വിമർശനം.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയ മലയാളി താരം പി.ആർ.ശ്രീജേഷ് കേരളത്തിന് മുഴുവൻ അഭിമാനനേട്ടമാണ് സമ്മാനിച്ചത്. ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടി ശ്രീജേഷ് ചരിത്രത്തിന്റെ ഭാഗമായിരുന്നു. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മറ്റ് കായികതാരങ്ങൾക്ക് അവരുടെ സംസ്ഥാന സർക്കാർ വലിയ വാഗ്ദാനങ്ങളും സമ്മാനങ്ങളുമെല്ലാം നൽകിയപ്പോൾ മലയാളി താരങ്ങൾക്ക് സർക്കാരിൽ നിന്ന് ഇതുവരെ ഒന്നും ലഭിച്ചില്ല. മാത്രമല്ല, താരങ്ങളെ അഭിനന്ദിക്കാൻ പോലും തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ അവഗണയാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ നായകൻ കൂടിയായ പി.ആർ.ശ്രീജേഷിനെ നിരാശപ്പെടുത്തിയത്.

കായികതാരങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കെതിരെ രൂക്ഷവിമർശനമാണ് ശ്രീജേഷ് നടത്തിയത്. സംസ്ഥാന സർക്കാരിന്റെയും കായിക വകുപ്പിന്റേയും അവഗണനയെപ്പറ്റി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിൾ ജംപ് താരങ്ങളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവരും നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ശ്രീജേഷിന്റെ പ്രതികരണം.

ബംഗാൾ ഗവർണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടിൽ എത്തുന്നതെന്നും അദ്ദേഹം വന്നതിൽ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി. ഇതുവരെ സംസ്ഥാന സർക്കാരിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ബംഗാൾ ഗവർണറോട് പറഞ്ഞതുപോലെ ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല. അപ്പോൾ അത്രമാത്രം പ്രതീക്ഷിച്ചാൽ മതിയല്ലോ എന്നും ശ്രീജേഷ് പറഞ്ഞു.

ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന, നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. അവര് നോക്കുമ്പോൾ ഏഷ്യൻ ഗെയിംസിൽ മെഡിൽ നേടിയാലും നാട്ടിൽ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി വരുമ്പോ അത് അവരെ എത്രത്തോളം നിരുത്സാഹപ്പെടുത്തും എന്ന് ചിന്തിച്ചാൽ മതി. ഹരിയാന സർക്കാരാണെങ്കിൽ മൂന്ന് കോടി രൂപയാണ് ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാക്കൾക്ക് കൊടുക്കുന്നത്.

അതുപോലെ ഇന്ത്യൻ ഹോക്കി ടീമിലെ തന്റെ സഹതാരമായ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നരകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി അപ്പോൾ തന്നെ കൈയിൽ കൊടുക്കുകയാണ് ചെയ്തത്. അതൊക്കെ ആണ് അവരുടെ പ്രചോദനമെന്നും ശ്രീജേഷ് പറഞ്ഞു.

ശ്രീജേഷ് ഉൾപ്പെടെയുള്ള മലയാളി താരങ്ങൾക്ക് വേണ്ടി ഇതുവരെ ഒരു സമ്മാനത്തുകയും കേരള സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഹോക്കി ടീമിലെ എല്ലാ അംഗങ്ങൾക്കും ഒഡിഷ സർക്കാർ അഞ്ചുലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീജേഷിനും ഇത് ലഭിക്കും. ഹരിയാണ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാക്കൾക്ക് മൂന്ന് കോടി രൂപയും വെള്ളി നേടിയവർക്ക് 1.5 കോടി രൂപയും വെങ്കലം നേടിയ താരങ്ങൾക്ക് 75 കോടി രൂപയും സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. മറ്റ് പല സംസ്ഥാനങ്ങളും സമ്മാനത്തുകയും ജോലിയുമെല്ലാം താരങ്ങൾക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്.

ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്തുവിട്ടാണ് ഇന്ത്യ സ്വർണം നേടിയത്. ഫൈനലിൽ പി ആർ ശ്രീജേഷിന്റെ മിന്നും സേവുകൾ ഇന്ത്യയുടെ രക്ഷക്കെത്തിയിരുന്നു. ഏഷ്യൻ ഗെയിംസ് സ്വർണനേട്ടത്തോടെ 2024ലെ പാരീസ് ഒളിംപിക്സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനായിരുന്നു.

ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇന്ത്യയുടെ നാലാമാത്തെയും 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിനുശേഷം ആദ്യത്തെയും സ്വർണ നേട്ടമാണിത്. 1966ലെയും 1998ലെയും ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലായിരുന്നു അതിന് മുമ്പ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ ഹോക്കി സ്വർണം നേടിയത്.

അതേ സമയം കേരളത്തിൽ നിന്നുള്ള രാജ്യാന്തര കായികതാരങ്ങൾ മറ്റുസംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കുന്ന കാര്യത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിൾ ജംപ് രാജ്യാന്തര താരങ്ങളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവരാണ് കേരളം വിടുന്നതിന് കുറിച്ച് പറഞ്ഞിരുന്നത്. സംസ്ഥാന സർക്കാരിന്റെയും കായിക വകുപ്പിന്റേയും അവഗണനയാണ് പ്രധാന കാരണം.

പിന്തുണയില്ലാത്തതുകൊണ്ടാണ് കായികതാരങ്ങൾ മുൻനിരരയിൽ എത്താത്തതെന്ന് പ്രണോയ് പറഞ്ഞിരുന്നു. ''വലിയ ത്യാഗം സഹിച്ചാണ് ഓരോ താരങ്ങളും വരുന്നത്. പഠനം പോലും മാറ്റി വച്ചാണ് കരിയർ തെരഞ്ഞെടുക്കുന്നത്. ഇതിന് പിന്തുണ സർക്കാരിൽ നിന്ന് കിട്ടാത്തത് വലിയ വിഷമം ഉണ്ട് ഈ പിന്തുണ കിട്ടാത്തതുകൊണ്ടാണ് ചാമ്പ്യന്മാർ വരാത്തത് കഴിഞ്ഞ പത്തു വർഷത്തിനിടെ വളരെ കുറച്ച് ചാംപ്യന്മാർ മാത്രമേ വന്നിട്ടുള്ളൂ. കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രഗൽഭരായ താരങ്ങൾ ഉള്ളത്. പിന്തുണ കിട്ടാത്തതുകൊണ്ടാണ് ഇവർ ഉയരങ്ങളിൽ എത്താത്തത് ഇനി എങ്കിലും സര്ക്കാർ ഇക്കാര്യം ആലോചിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇനി വരുന്ന തലമുറയ്ക്ക് എങ്കിലും സ്‌പോർട്‌സിൽ ഭാവി ഉണ്ടെന്നുള്ള പ്രതീക്ഷ നൽകേണ്ടതുണ്ട്.'' പ്രണോയ് പറഞ്ഞു.

സർക്കാരിൽ നിന്നും ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പ്രണോയ് കൂട്ടിചേർത്തു. താരങ്ങൾ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി വി അബ്ദുറഹിമാനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെയും കായിക വകുപ്പിന്റേയും അവഗണനയിൽ മനംമടുത്ത് കായികതാരങ്ങൾ കേരളം വിടുകയാണെന്ന വാർത്തകൾ തുടർച്ചയായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതായി പ്രതിപക്ഷ നേതാവിന്റെ കത്തിൽ പറയുന്നു.