- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിന് മുമ്പ് ജെയ് ഷാ ദുർമന്ത്രവാദം നടത്തി; വിശ്വസനീയമായ തെളിവ് ലഭിച്ചു'; ഐ.സി.സി അന്വേഷിക്കണമെന്ന് പാക് മാധ്യമപ്രവർത്തക; പരിഹസിച്ച് ആരാധകർ
കറാച്ചി: ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ 191 റൺസിന് എറിഞ്ഞിട്ട ഇന്ത്യ നായകൻ രോഹിത് ശർമ്മയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ അർധസെഞ്ചുറികളുടെ മികവിൽ 30.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഏകദിന ലോകകപ്പുകളിൽ പാക്കിസ്ഥാനെതിരെ തുടർച്ചയായ എട്ടാം ജയമായിരുന്നു ഇന്ത്യയുടേത്. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ തോൽവിയറിഞ്ഞിട്ടില്ലെന്ന ചരിത്രം പിന്തുടരാൻ രോഹിത് ശർമ്മയ്ക്കും സംഘത്തിനുമായിരുന്നു.
മത്സരത്തിന് പിന്നാലെ പാക്കിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് 'ഐസിസി ഇവന്റ്' എന്നതിലുപരി 'ബിസിസിഐ ഇവന്റ്' ആണെന്നായിരുന്നു ആർതറുടെ വിമർശനം. പാക്കിസ്ഥാൻ തോറ്റ ശേഷം, മത്സരത്തിനിടെ 'ദിൽ ദിൽ പാക്കിസ്ഥാൻ' എന്ന ഗാനം പ്ലേ ചെയ്യാത്ത കാര്യം ആർതർ എടുത്തുപറഞ്ഞു. ഇതുകാരണം കാണികളിൽനിന്ന് പാക്കിസ്ഥാന് പിന്തുണ ലഭിക്കാത്തതിൽ ആർതർ നിരാശ പ്രകടിപ്പിച്ചു. മത്സരത്തെക്കുറിച്ചുള്ള മിക്കി ആർതറുടെ വിമർശനം ഐസിസി പരിശോധിക്കാൻ തീരുമാനമായിട്ടുണ്ട്.
അതേ സമയം മത്സരത്തിന്റെ ഫലത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തകയും പ്രശസ്ത ടിക് ടോകറുമായ ഹരീം ഷാ. മത്സരത്തിന് മുമ്പായി ബി.സി.സിഐ സെക്രട്ടറി ജെയ് ഷാ മന്ത്രവാദിയായ കാർത്തിക് ചക്രവർത്തി എന്നയാളെ കണ്ട് ദുർമന്ത്രവാദം നടത്തിയതിന് വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ഇതിൽ അന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
സമൂഹ മാധ്യമമായ എക്‌സിൽ ഹരീം ഷായിട്ട പോസ്റ്റിന് താഴെ പരിഹാസവുമായി നിരവധി ക്രിക്കറ്റ് ആരാധകരാണ് എത്തുന്നത്. ഇത് വെറും ട്രെയിലറാണെന്നും പാക്കിസ്ഥാൻ-അഫ്ഗാനിസ്താൻ മത്സരത്തിന് മറ്റൊന്നുണ്ടെന്നും ഒരാൾ കുറിച്ചു. മത്സരത്തിൽ ഇമാമുൽ ഹഖിനെ പുറത്താക്കുന്നതിന് മുമ്പ് ഹാർദിക് പാണ്ഡ്യ പന്ത് ചുണ്ടിനോട് ചേർത്തുപിടിച്ച് എന്തോ പറയുന്ന ചിത്രവും പലരും പങ്കുവെച്ചിട്ടുണ്ട്. മത്സരത്തിൽ രണ്ടിന് 155 എന്ന ശക്തമായ നിലയിൽനിന്ന് പാക്കിസ്ഥാൻ ടീം 191ൽ പുറത്തായതിനെതിരെ മുൻ പാക് താരങ്ങളടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.
സ്പോർട്സ് ഡെസ്ക്