ന്യൂഡൽഹി: 2023 ലെ ദേശീയ കായിക അവാർഡുകൾ ദേശീയ കായികമന്ത്രാലയം പ്രഖ്യാപിച്ചു. ബാഡ്മിന്റൻ താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചു.

ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി, ലോങ് ജംപ് താരം എം. ശ്രീശങ്കർ എന്നിവരുൾപ്പെടെ 26 പേർ അർജുന അവാർഡ് നേടി. കബഡി പരിശീലകൻ ഇ. ഭാസ്‌കരനു ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണു പുരസ്‌കാരം. 2024 ജനുവരി ഒൻപതിനു രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

ഓജസ് പ്രവീൺ (ആർച്ചറി), അതിദി ഗോപിചന്ദ് സ്വാമി (ആർച്ചറി),എം. ശ്രീശങ്കർ (അത്‌ലറ്റിക്‌സ്),പാരുൾ ചൗധരി (അത്‌ലറ്റിക്‌സ്),മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്‌സിങ്),ആർ. വൈശാലി (ചെസ്),മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗർവല്ല (അശ്വാഭ്യാസം), ദിവ്യാകൃതി സിങ് (അശ്വാഭ്യാസം), ദിക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പതക് (ഹോക്കി), പുഖ്രംബം സുശീല ചാനു (ഹോക്കി), പവൻ കുമാർ (കബഡി), ഋതു നേഗി (കബഡി), നസ്രീൻ (ഖോ ഖോ), പിങ്കി (ലോൺ ബോൾസ്), ഐശ്വരി പ്രതാപ് സിങ് തോമർ (ഷൂട്ടിങ്), ഈഷ സിങ് (ഷൂട്ടിങ്), ഹരീന്ദർ പാൽ സിങ് സന്ധു (സ്‌ക്വാഷ്), ഐഹിക മുഖർജി (ടേബിൾ ടെന്നിസ്), സുനിൽ കുമാർ (ഗുസ്തി), ആന്റിം (ഗുസ്തി), നവോറം റോഷിബിന ദേവി (വുഷു), ശീതൾ ദേവി (പാര ആർച്ചറി), ഇല്ലുരി അജയ് കുമാർ റെഡ്ഡി (ബ്ലൈൻഡ് ക്രിക്കറ്റ്), പ്രാചി യാദവ് (പാര കനൂയിങ്) എന്നിവരാണ് അർജുന അവാർഡ് സ്വന്തമാക്കിയത്.

ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം ബുധനാഴ്ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2022 ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും 2022-ലെ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിലും രാജ്യത്തിനായി വെള്ളി മെഡൽ നേടിയ താരമാണ് ശ്രീശങ്കർ, ഈ വർഷം ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും വെള്ളി.

അതേസമയം ലൈഫ്ടൈം വിഭാഗത്തിൽ ഇന്ത്യൻ കബഡി ടീമിന്റെ പരിശീലകൻ ഇ. ഭാസ്‌കരന് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്. നിലവിൽ ബെംഗളൂരു സായിയിൽ ഹൈ പെർഫോമൻസ് കോച്ചായി സേവനമനുഷ്ടിക്കുന്നു. 2009 മുതൽ ദേശീയ ടീമിനൊപ്പമുണ്ട്. 2023 ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചു.

2010-ൽ പുരുഷന്മാരുടെ ടീമിനും 2014-ൽ വനിതാ ടീമിനും ഏഷ്യൻ ഗെയിംസ് സ്വർണം നേടിക്കൊടുത്തു. പ്രോ കബഡി ലീഗിൽ യു മുംബെയെ ഒരിക്കൽ ചാമ്പ്യന്മാരും രണ്ടുവട്ടം റണ്ണറപ്പുകളുമാക്കി.

ഡിസംബർ 13 -ന് സർക്കാർ സമിതിയാണ് കായികതാരങ്ങളെ അവാർഡിനായി നാമനിർദ്ദേശം ചെയ്തത്. റെഗുലർ വിഭാഗത്തിൽ അഞ്ച് പരിശീലകർക്കും ലൈഫ് ടൈം വിഭാഗത്തിൽ മൂന്ന് പേർക്കും ദ്രോണാചാര്യ അവാർഡിന് മന്ത്രാലയം അനുമതി നൽകി. ലൈഫ് ടൈം വിഭാഗത്തിലെ ധ്യാൻചന്ദ് പുരസ്‌കാരം മൂന്ന് പേർക്ക് നൽകും.

മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് (റെഗുലർ വിഭാഗം): ലളിത് കുമാർ (ഗുസ്തി), ആർ.ബി രമേഷ് (ചെസ്), മഹാവീർ പ്രസാദ് സൈനി (പാരാ അത്‌ലറ്റിക്‌സ്), ശിവേന്ദ്ര സിങ്, (ഹോക്കി), ഗണേശ് പ്രഭാകർ (മല്ലകാമ്പ്).

മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് (ലൈഫ് ടൈം വിഭാഗം): ജസ്‌കിരത് സിങ് ഗ്രെവാൾ (ഗോൾഫ്), ഇ. ഭാസ്‌കരൻ (കബഡി), ജയന്ത കുമാർ പുഷിലാൽ (ടേബിൾ ടെന്നീസ്). മേജർ ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ്: കവിത സെൽവരാജ് (കബഡി), മഞ്ജുഷ കൻവാർ (ബാഡ്മിന്റൺ), വിനീത് കുമാർ ശർമ (ഹോക്കി).