ന്യൂഡൽഹി: ഗുസ്തി താരങ്ങൾ കടുത്ത എതിർപ്പ് ഉയർത്തിയിട്ടും ഗുസ്തി ഫെഡറേഷനെ നയിക്കാൻ ലൈംഗികാതിക്രമക്കേസിൽ സ്ഥാനം നഷ്ടമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഒളിമ്പിക് ഭവനിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഗുസ്തി ഫെഡറേഷൻ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റായി സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തത്. ഇതോടെ ഗുസ്തി ഫെഡറേഷന് രാജ്യാന്തര തലത്തിലുള്ള വിലക്ക് നീങ്ങും.

കോമൺവെൽത്ത് സ്വർണമെഡൽ ജേതാവ് അനിത ഷിയോറനെയാണ് സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്. 47 വോട്ടുകളിൽ 40 വോട്ടും നേടിയാണ് അദ്ദേഹം വിജയിച്ചത്. അതേ സമയം മുൻ ഗുസ്തി താരവും ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മോഹൻ യാദവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി

ഓഗസ്റ്റിനകം തിരഞ്ഞെടുപ്പ് നടത്താതിരുന്നതിനാൽ രാജ്യാന്തര റെസ്ലിങ് സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിങ് (ഡബ്ല്യൂ.യു.യു.) ഡബ്ല്യൂ.എഫ്.ഐ.യെ വിലക്കിയിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല.

ഫെഡറേഷന്റെ മുൻ തലവനും ബിജെപി. എംപി.യുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളുടെയും ഗുസ്തി താരങ്ങളുടെ രാപ്പകൽ സമരങ്ങളുടെയും പേരിൽ വാർത്തകളിൽ ഇടംപിടിച്ച തിരഞ്ഞെടുപ്പാണിത്. ഇതോടെ പ്രസിഡന്റ് സ്ഥാനത്തെ ബ്രിജ് ഭൂഷന്റെ 12 വർഷത്തെ വാഴ്ചയ്ക്ക് അവസാനമായി. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്നാരോപിച്ച് രാജ്യത്തെ പ്രധാന ഗുസ്തി താരങ്ങൾ നടത്തിയ സമരത്തെത്തുടർന്നാണ് ബ്രിജ്ഭൂഷണ് തിരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കേണ്ടിവന്നത്.

ബ്രിജ് ഭൂഷന്റെ കുടുംബാംഗങ്ങളെയോ സഹായികളെയോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കില്ലെന്ന് സമരത്തിന് നേതൃത്വം നൽകിയ മുൻനിര ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവർക്ക് ഉറപ്പ് നൽകിയിരുന്നു. ഇതോടെ ബ്രിജ് ഭൂഷന്റെ മകൻ പ്രതീകും മരുമകൻ വിശാൽ സിങ്ങും മത്സരിക്കാൻ സാധിച്ചില്ല. പക്ഷേ അദ്ദേഹത്തിന്റെ അടുപ്പക്കാരനെന്ന് പറയപ്പെടുന്ന സഞ്ജയ് സിങ്ങാണ് പിൻഗാമിയായെത്തുന്നത്.

കഴിഞ്ഞ മെയ് മാസം നടക്കേണ്ട തെരഞ്ഞെടുപ്പാണ് പലതവണ മാറ്റിവെച്ചതിനു ശേഷം ഇന്ന് നടന്നത്. റെസലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിന്റെ അടുത്ത 18 അനുയായികളായിരുന്നു മത്സര രംഗത്ത് അണിനിരന്നത്.

മെയ് മാസത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതോടെ ജൂലൈ നാലിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചു. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 സംസ്ഥാന യൂണിറ്റുകളിൽ നിന്നു പരാതി ഉയർന്നതോടെ അത് ജൂലൈ 11-ലേക്കു മാറ്റുകയായിരുന്നു. പിന്നീട് ഡബ്ല്യുഎഫ്ഐ അംഗത്വം നിഷേധിക്കപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി അസം റെസ്ലിങ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് വീണ്ടും സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് ഓഗസ്റ്റ് 11നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി വീണ്ടും സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഡബ്ല്യുഎഫ്ഐ തെരഞ്ഞെടുപ്പ് നടത്താൻ നൽകിയ 45 ദിവസത്തെ സമയപരിധി ജൂൺ 17ന് അവസാനിച്ച സാഹചര്യത്തിലാണ് യുഡബ്ല്യുഡബ്ല്യു നടപടിയെടുത്തത്.