പൂണെ: ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് കീഴടക്കിയ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. എന്നാൽ ആദ്യ രണ്ട് മത്സരങ്ങൡും ജയിച്ച പാക്കിസ്ഥാൻ നേരിട്ട ഏക തോൽവി ഇന്ത്യയ്‌ക്കെതിരെയായിരുന്നു. ഇന്ത്യയോടേറ്റ കനത്ത തോൽവി പാക്കിസ്ഥാന്റെ സെമി സാധ്യതകൾക്ക് ചോദ്യ ചിഹ്നം ആയിട്ടുണ്ട്.

ലോകകപ്പിൽ ഇനി ഇന്ത്യയെ നേരിടണമെങ്കിൽ പാക്കിസ്ഥാൻ കുറഞ്ഞത് സെമിയിൽ എത്തണം. എന്നാൽ പാക്കിസ്ഥാൻ ആരാധകർക്ക് ഇന്ത്യയുടെ തോൽവി കണ്ടേ തീരു. ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകാണ് പാക്കിസ്ഥാൻ നടി സെഹാർ ഷിൻവാരി. ഇതിനായി ബംഗ്ലാദേശ് താരങ്ങൾക്ക് മുന്നിൽ വമ്പൻ ഓഫറാണ് സെഹാർ ഷിൻവാരി വച്ചിരിക്കുന്നത്.

ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ഒരു ബംഗ്ലാദേശ് താരവുമായി ഡേറ്റിന് തയ്യാറാണെന്ന് നടി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ധാക്കയിലേക്ക് വരുമെന്നും ബംഗാളി പയ്യനുമായി ഫിഷ് ഡിന്നർ കഴിക്കുമെന്നുമാണ് താരത്തിന്റെ വാഗ്ദാനം.

ദൈവകൃപയാൽ എന്റെ ബംഗാളി ബന്ധുക്കൾ ഇന്ത്യയോട് പ്രതികാരം തീർക്കുമെന്നാണ് ഞാൻ കരുതുന്നത്. ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിക്കുകയാണെങ്കിൽ ഞാൻ ധാക്കയിൽ ചെന്ന് അവരുടെ ടീമിലെ ഒരു താരത്തിനൊപ്പം ഫിഷ് ഡിന്നർ ഡേറ്റിന് തയാറാണ് എന്നായിരുന്നു നടിയുടെ പോസ്റ്റ്.

ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെയും ശ്രീലങ്കയെയും തോൽപ്പിച്ച ഇന്ത്യ ബംഗ്ലാദേശിനോട് തോൽവി വഴങ്ങിയിരുന്നു. ലോകകപ്പിലും അട്ടിമറി ഉണ്ടാകുമെന്നാണ് ബംഗ്ലാദേശിന്റെയും പാക് ആരാധകരുടെയും പ്രതീക്ഷ. മുമ്പും പാക് നടി ഇന്ത്യയുടെ തോൽവിക്കായി വാഗ്ദാനങ്ങൾ നടത്തിയിട്ടുണ്ട്.

2022ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാൽ സിംബാബ്വെക്കാരനെ വിവാഹം കഴിക്കാമെന്നായിരുന്നു താരത്തിന്റെ ഓഫർ. പാക്കിസ്ഥാനെ ഒരു റൺസിന് സിംബാബ്വെ അട്ടിമറിച്ചതിന് പിന്നാലെ ആയിരുന്നു താരത്തിന്റെ വാഗ്ദാനം. എന്നാൽ ഇന്ത്യയ്‌ക്കെതിരെ സിംബാബ്വെ വഴങ്ങിയത് 71 റൺസിന്റെ വലിയ തോൽവി ആയിരുന്നു.

ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ആരാധകരുടെ മോശം പെരുമാറ്റത്തിനെതിരെയും പാക് മാധ്യമപ്രവർത്തകർക്കും ആരാധകർക്കും വിസ അനുവദിക്കാത്തതിനെതിരെയും പാക് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. നേരത്തെ മത്സരത്തിൽ സ്റ്റേഡിയത്തിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനെതിരെ പാക് ക്രിക്കറ്റ് ടീം ഡയറക്ടർ മിക്കി ആർതർ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ലോകകപ്പിൽ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് ഓൾ ഔട്ടായി. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമായിരുന്നു പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഷഹീൻ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമയും(63 പന്തിൽ 86), ശ്രേയസ് അയ്യരും(62 പന്തിൽ 53) ചേർന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. കെ എൽ രാഹുൽ(29 പന്തിൽ 19) ശ്രേയസിനൊപ്പം പുറത്താകാതെ നിന്നു.